Ongoing News
വിശുദ്ധ മസ്ജിദുൽ ഹറമിലെ മുഅദ്ദിൻ ശൈഖ് ഇബ്റാഹീം അൽ മദനി അന്തരിച്ചു
ഹിജ്റ 1439 എച്ച് (2017-2018) കാലയളവിലാണ് മസ്ജിദുൽ ഹറമിലെ മുഅദ്ദിനായി അദ്ദേഹത്തെ ഔദ്യോഗികമായി നിയമിച്ചത്.
മക്ക | മക്കയിലെ വിശുദ്ധ മസ്ജിദുൽ ഹറമിലെ മുഅദ്ദിൻ ശൈഖ് ഇബ്റാഹീം അൽ മദനി (50) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഇന്ന് അസർ നിസ്കാരത്തിന് ശേഷം മസ്ജിദുൽ ഹറമിൽ മയ്യിത്ത് നിസ്കാരം നടക്കും. തുടർന്ന് അൽ മുഅല്ല ഖബറിസ്ഥാനിൽ മയ്യിത്ത് ഖബറടക്കും. ശബ്ദ മാധുര്യം കൊണ്ട് ഏറെ ശ്രദ്ധേയനായിരുന്നു ശൈഖ് ഇബ്റാഹീം അൽ അദനി. ഒരു മാസം മുമ്പ്, ആഗസ്റ്റ് 24 (റബീഉൽ അവ്വൽ 11) തിങ്കളാഴ്ച പുലർച്ചെയായിരുന്നു അദ്ദേഹം വിശുദ്ധ ഹറമിൽ (Muezzin of Makkah) അവസാനമായി ബാങ്ക് വിളിച്ചത്.
1976-ൽ മദീനയിലാണ് ശൈഖ് ഇബ്റാഹീം അൽ മദനി ജനിച്ചത്. ഖുർആൻ മനഃപാഠമാക്കിയ പിതാമഹന്റെ സ്വാധീനത്തിൽ അദ്ദേഹവും വിശുദ്ധ ഖുർആൻ മനപാഠമാക്കി. 15-ാം വയസ്സിൽ മദീനയിലെ ഒരു പ്രാദേശിക മസ്ജിദിൽ ബാങ്ക് വിളിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ സേവന ജീവിതം ആരംഭിച്ചത്. കോളേജ് പഠനം പൂർത്തിയാകുന്നത് വരെ പ്രദേശവാസികളായ മറ്റ് മൂന്ന് പേർക്കൊപ്പം ഊഴമനുസരിച്ച് അദ്ദേഹം ബാങ്ക് വിളി തുടർന്നു. പിന്നീട് മദീനയ്ക്ക് പുറത്ത് അധ്യാപന മേഖലയിൽ പ്രവർത്തിച്ചതിനെ തുടർന്ന് കുറച്ചുകാലം ഇതിൽ നിന്ന് വിട്ടുനിന്നു.
انا لله وانا اليه راجعون
The final Adhan raised by Sheikh Ibrahim Al Madni in Masjid Al Haram on 11 Rabi Al Awwal 1448 pic.twitter.com/ymLbxdLRUW
— Inside the Haramain (@insharifain) September 21, 2026
തുടർന്ന് ഹിജ്റ 1428 (2007-2008) കാലഘട്ടത്തിൽ മസ്ജിദ് അൽ മദ്ദാഹിൽ ബാങ്ക് വിളിക്കാൻ അദ്ദേഹത്തിന് ക്ഷണം ലഭിച്ചു. അവിടെ സേവനം ചെയ്യുന്നതിനിടെയാണ് വിശുദ്ധ മസ്ജിദുൽ ഹറമിൽ സേവനമനുഷ്ഠിക്കാൻ അവസരം ലഭിക്കുന്നത്. ഹിജ്റ 1439 എച്ച് (2017-2018) കാലയളവിലാണ് മസ്ജിദുൽ ഹറമിലെ മുഅദ്ദിനായി അദ്ദേഹത്തെ ഔദ്യോഗികമായി നിയമിച്ചത്.
മസ്ജിദുൽ ഹറാമിലെ 24 അംഗ മുഅദ്ദിൻ സംഘത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു ശൈഖ് ഇബ്റാഹീം. അഞ്ചുനേരത്തെ നിസ്കാരങ്ങൾക്കും സുബ്ഹിയുടെ ഒന്നാം ബാങ്കിനുമായി മാറിമാറി സേവനമനുഷ്ഠിക്കുന്ന ആറുപേരിൽ ഒരാളായിരുന്നു അദ്ദേഹം.
മദീനയിൽ വളർന്നതിനാൽ ബാങ്ക് വിളിക്കുന്നതിലെ മദീന ശൈലിയോട് അദ്ദേഹത്തിന് വലിയ ആഭിമുഖ്യമുണ്ടായിരുന്നു. കൂടാതെ പിതാവിനോടൊപ്പം മക്ക സന്ദർശിച്ച സമയത്ത് മസ്ജിദുൽ ഹറമിലെ മുൻ മുഅദ്ദിനും പിതാമഹന്റെ സുഹൃത്തുമായിരുന്ന ശൈഖ് അബ്ദുൽ ലത്തീഫ് മുല്ലയെ പരിചയപ്പെട്ടതിലൂടെ മക്കയിലെ ബാങ്ക് വിളി ശൈലിയും അദ്ദേഹം അടുത്തറിഞ്ഞു.
Content Highlights
Sheikh Ibrahim Al Madani passed away on Monday. His final adhan was the Fajr call at Makkah’s Grand Mosque. Funeral prayers held after Asr, followed by burial at Al Mualla.




