International
ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുന്നു; ബംഗ്ലാദേശ് അട്ടിമറിക്ക് പിന്നില്‍ പാകിസ്ഥാനും ചൈനയുമെന്ന്
ഹസീന സര്‍ക്കാരിനെ താഴെയിറക്കി രാജ്യത്ത് ബിഎന്‍പിയെ അധികാരത്തിലേറ്റുകയായിരുന്നു പാക് ഐഎസ്‌ഐയുടെ ലക്ഷ്യം
ന്യൂഡല്‍ഹി | കലാപത്തെ തുടര്‍ന്ന് പ്രധാമന്ത്രി പദം രാജിവെച്ച് ഇന്ത്യയിലേക്ക് എത്തിയ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറച്ച് നാള്‍കൂടി രാജ്യത്ത് തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍. യുകെയില്‍ അഭയം തേടാനുള്ള പദ്ധതി നീളുന്നതിനാല്‍ അവര്‍ കുറച്ച് ദിവസം കൂടി ഇന്ത്യയില്‍ തങ്ങുമെന്നാണ് അറിയുന്നത്. 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് ഷെയ്ഖ് ഹസീന തിങ്കളാഴ്ച വൈകുന്നേരമാണ് ഡല്‍ഹിക്ക് സമീപമുള്ള ഹിന്‍ഡണ്‍ എയര്‍ബേസില്‍ വന്നിറങ്ങുന്നത്. സഹോദരി ഷെയ്ഖ് രഹനക്ക് ബ്രിട്ടീഷ് പൗരത്വമുള്ളതിനാല്‍ ഹസീന യുകെയില്‍ അഭയം തേടാനാണ് ശ്രമിക്കുന്നത്. എന്നാല്‍ യുകെയിലെ അഭയ നിയമങ്ങള്‍ ഷെയ്ഖ് ഹസിനക്ക് തടസമായേക്കാം. ഇമിഗ്രേഷന്‍ നിയമങ്ങളാണ് അഭയം തേടുന്നതിന് തടസമാകുന്നത്.
അതേ സമയം ബംഗ്ലാദേശിലെ അട്ടിമറിക്ക് പിന്നില്‍ പാകിസ്ഥാനും ചൈനയുമാണെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നിലവിലെ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രി ഖാലെദ സിയയുടെ മകനുമായ താരിഖ് റഹ്മാനും പാക് ചാര സംഘടന ഐഎസ്‌ഐയുമായി ചേര്‍ന്ന് നടത്തിയ സംഘടിത നീക്കത്തിന്റെ ഭാഗമാണിതെന്നാണ് സംശയം. സഊദി അറേബ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐഎസ്‌ഐ ഉദ്യോഗസ്ഥരും താരിഖ് റഹ്മാനും തമ്മില്‍ ലണ്ടനില്‍ നടത്തിയ കൂടിക്കാഴ്ചയുടെ തെളിവുകളും ബംഗ്ലാദേശ് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്. ഇതിന് എല്ലാം പിന്നില്‍ എല്ലാ സഹായവും നല്‍കി ചൈനയും പ്രവര്‍ത്തിച്ചുവെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്.
സമൂഹ മാധ്യമമായ എക്‌സില്‍ പാക്കിസ്ഥാനി ഹാന്‍ഡിലുകള്‍ വഴി ഷെയ്ഖ് ഹസീന സര്‍ക്കാരിനെതിരെ സംഘടിതമായ സൈബര്‍ ആക്രമണം നടന്നുവെന്നും ഇത് രാജ്യത്തെ യുവാക്കളെ രോഷാകുലരാക്കുന്നതിന് കാരണമായെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. ഹസീന സര്‍ക്കാരിനെ താഴെയിറക്കി രാജ്യത്ത് ബിഎന്‍പിയെ അധികാരത്തിലേറ്റുകയായിരുന്നു പാക് ഐഎസ്‌ഐയുടെ ലക്ഷ്യം. ഐഎസ്‌ഐക്ക് പിന്നില്‍ ചൈനയും കാര്യമായ ഇടപെടല്‍ നടത്തി.
തൊഴില്‍ ആവശ്യപ്പെട്ടും സംവരണത്തിനെതിരെയും ജമാഅതെ ഇസ്ലാമി ബംഗ്ലാദേശിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ഇസ്ലാമി ഛത്ര ശിബിറാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച നിര്‍ണായക ശക്തി. ഇവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ഐഎസ്‌ഐയില്‍ നിന്ന് ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്