Connect with us

Saudi Arabia

ശൈഖ് ഡോ. സ്വാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് ഈ വർഷത്തെ ഹജ്ജ് വേളയിലെ അറഫാ ഖുതുബ നിർവ്വഹിക്കും

ഇത് സംബന്ധിച്ച് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനുമായ സൽമാൻ രാജാവ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതായി ഇരുഹറം കാര്യാലയ മന്ത്രാലയം അറിയിച്ചു.

Published

|

Last Updated

മക്ക|മസ്ജിദുൽ ഹറം ഇമാമും, ഖതീബുമായ ശൈഖ് ഡോ. സ്വാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് ഈ വർഷത്തെ ഹജ്ജ്‌ വേളയിലെ സുപ്രധാന കർമ്മമായ അറഫാ ഖുതുബ നിർവ്വഹിക്കും. ഇത് സംബന്ധിച്ച് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനുമായ സൽമാൻ രാജാവ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതായി ഇരുഹറം കാര്യാലയ മന്ത്രാലയം അറിയിച്ചു. 1400 വർഷം മുമ്പ് പ്രവാചകൻ മുഹമ്മദ്  നബി (സ) തങ്ങൾ ഒരുലക്ഷത്തിലധികം വരുന്ന അനുചരന്മാരെയും  ഒരുമിച്ച് കൂട്ടി നടത്തിയ മാനവിക പ്രഖ്യാപനമായ അറഫാ പ്രഭാഷണത്തിന്റെ സ്മരണ പുതുക്കിയാണ് എല്ലാ വർഷവും അറഫാ സംഗമം നടക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി (സ) തങ്ങൾ ഹജ്ജതുല്‍ വിദാഇല്‍ ഖുതുബ നിര്‍വഹിച്ച മസ്ജിദുന്നമിറയിലാണ് അറഫ ഖുതുബയും ളുഹര്‍, അസര്‍ നിസ്‌കാരങ്ങളും നടക്കുന്നത്. ജംഉം ഖസ്‌റുമായാണ് നിസ്‌കാരങ്ങള്‍ നിര്‍വഹിക്കുക.
 ഹജ്ജ് കര്മ്മങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങളിൽ ഒമ്പതാം ദിനത്തിലാണ് ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ  അറഫാ സംഗമം നടക്കുക. ഹജ്ജിന്റെ മുഖ്യഘടകമാണ് അറഫയിൽ നിൽക്കുക എന്നുള്ളത്. മക്കയിൽ നിന്ന് ഏകദേശം 22 കിലോമീറ്റർ കിഴക്കാണ് അറഫാ മൈതാനം സ്ഥിതിചെയ്യുന്നത്. ജബൽ റഹ്‌മയും അതിനോട് ചുറ്റുമുള്ള വിശാലമായ പ്രദേശവുമാണ് അറഫാ മൈതാനം.

ശൈഖ് ഡോ. സ്വാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ്
ചെറുപ്രായത്തിൽ തന്നെ വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ ഡോ : സ്വാലിഹ്, ബുറൈദയിലെ പ്രൈമറി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും, മക്കയിലെത്തി സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസവും നേടി. മക്കയിലെ കിംഗ് അബ്ദുൽ അസീസ് സർവകലാശാലയിൽ ശരീഅത്ത് ഫാക്കൽറ്റിയിൽ നിന്നും  ഇസ്ലാമിക നിയമശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം, മക്കയിലെ പ്രശസ്തമായ ഉമ്മുൽ ഖുറ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും  കരസ്ഥമാക്കി.

2007 ജൂലൈ 9 മുതൽ അന്താരാഷ്ട്ര ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി കൗൺസിലിൽ സഊദി  അറേബ്യൻ പ്രതിനിധിയായി നിയമിച്ചു, ഉമ്മുൽ-ഖുറ സർവകലാശാലയിലെ ശരീഅത്ത് ഫാക്കൽറ്റിയിൽ ലക്ചറർ, ഇസ്ലാമിക് ഇക്കണോമിക്സ് വിഭാഗം മേധാവി, സെന്റർ ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസിന്റെ ഡയറക്ടർ, ശരീഅത്ത് കോളേജ് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസിന്റെ ഡീൻ,  ശരീഅത്ത് കോളേജിന്റെ ഡീൻ തുടങ്ങിയ നിരവധി സുപ്രധാന ശാസ്ത്ര, ഭരണ, രാഷ്ട്രീയ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഇരുഹറം കാര്യാലയങ്ങളുടെ ജനറൽ പ്രസിഡന്റിന്റെ വൈസ് പ്രസിഡന്റായും, ജനറൽ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1982 -ൽ മജ്‌സിദുൽ ഹറമിൽ  സീനിയർ ഇമാമായി നിയമിതനായ ആദ്യത്തെ പിഎച്ച്ഡി കരസ്ഥമാക്കിയ ഇമാം കൂടിയായിരുന്നു. 2001-ൽ ശൂറ കൗൺസിലിന്റെ ചെയർമാനും 2009-ൽ സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ ചെയർമാനും സഊദി റോയൽ കോടതിയുടെ ഉപദേഷ്ടാവ് തുടങ്ങി നിരവധി പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും ശാസ്ത്ര, അന്തർദേശീയ സമ്മേളനങ്ങളിലെ പ്രഭാഷകനുമാണ്. കൂടാതെ നിരവധി ഇസ്ലാമിക പുസ്തകങ്ങളുടെയും ഗവേഷണ പ്രബന്ധങ്ങളുടെയും രചയിതാവ് കൂടിയാണ്.

---- facebook comment plugin here -----

Latest