Connect with us

From the print

പി പി ദിവ്യയെ പദവികളില്‍ നിന്ന് നീക്കി, ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

തീരുമാനം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടേത്. ജാമ്യ ഹരജിയില്‍ ഇന്ന് വിധി.

Published

|

Last Updated

കണ്ണൂര്‍ | എ ഡി എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി പി എം ജില്ലാ കമ്മിറ്റി അംഗവുമായ പി പി ദിവ്യക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും ഒഴിവാക്കിയ ദിവ്യയെ ഇരിണാവ് ഡാം ബ്രാഞ്ചിലേക്ക് തരം താഴ്ത്തി. ഓണ്‍ലൈനില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജില്ലാ കമ്മിറ്റി തീരുമാനത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

ദിവ്യയുടെ ജാമ്യ ഹരജിയില്‍ ഇന്ന് തലശ്ശേരി കോടതി വിധി പറയാനിരിക്കുകയാണ്. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കടുത്ത സമ്മര്‍ദമാണ് നടപടിയിലേക്ക് നയിച്ചതെന്നാണ് സൂചന.

നേരത്തേ, തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഈ വിഷയം ചര്‍ച്ചയായിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് അധികാരം നല്‍കിയെങ്കിലും കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തില്ല.

എ ഡി എമ്മിന്റെ മരണത്തിനിടയാക്കിയ പെട്രോള്‍ പന്പ് വിഷയവുമായി ബന്ധപ്പെട്ട യാഥാര്‍ഥ വസ്തുതകള്‍ പാര്‍ട്ടിയില്‍ നിന്ന് ദിവ്യ മറച്ചുവെച്ചെന്ന് സി പി എം അന്വേഷണത്തില്‍ കണ്ടെത്തി. കണ്ണൂര്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളില്‍ നിന്നും ദിവ്യയെ മാറ്റണമെന്ന് ജില്ലാ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു. ദിവ്യയുടെ ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെപ്പിക്കണമെന്നും ആവശ്യമുണ്ട്.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ ചെന്ന് അഴിമതി ആരോപണം ഉന്നയിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ദിവ്യക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് സി പി എം വിലയിരുത്തല്‍.