National
ഗുജറാത്തിലെ നര്‍മദ നദിയില്‍ കുട്ടികളടക്കം ഏഴ് പേര്‍ ഒഴുക്കില്‍പെട്ടു; ഒരാളെ രക്ഷപ്പെടുത്തി
എന്‍.ഡി.ആര്‍.എഫ് സംഘവും മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു
വഡോദര | ഗുജറാത്തിലെ നര്‍മദ നദിയില്‍ വിനോദസഞ്ചാരികളായ സംഘത്തെ ഒഴുക്കില്‍പെട്ട് കാണാതായി. കുട്ടികളടക്കം ഏഴ് പേരെയാണ് കാണാതായത്. അപകടത്തില്‍പെട്ട ഒരാളെ രക്ഷപ്പെടുത്തി. നര്‍മദ നദിയുടെ പൊയ്ച്ച ഭാഗത്ത് ഇന്നലെ രാവിലെ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍.
എന്‍.ഡി.ആര്‍.എഫ് സംഘവും മുങ്ങല്‍ വിദഗ്ധരും പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. സൂറത്തില്‍ നിന്നുള്ള 17 അംഗ സംഘത്തിലുള്ളവരാണ് അപകടത്തില്‍പെട്ടതെന്ന് പോലീസ് അറിയിച്ചു.
ഭരത് ബദാലിയ (45), അര്‍ണവ് ബദാലിയ, മിത്രാക്ഷ ബദാലിയ(15), വ്രാജ് ബദാലിയ(11), ആര്യന്‍ ജിഞ്ജല(7), ഭാര്‍ഗവ് ഹാദിയ(15), ഭവേഷ് ഹാദിയ( 15) എന്നിവരെയാണ് കാണാതായത്. അതേസമയം നര്‍മദ ജില്ലാ ഭരണകൂടം നര്‍മദ നദിയില്‍ ലൈസന്‍സ് ഇല്ലാതെ ബോട്ട് ഓടിക്കരുതെന്ന് ഉത്തരവിറക്കിയിരുന്നു . എന്നാല്‍ ഇപ്പോഴും ലൈസന്‍സ് ഇല്ലാതെ ധാരാളം ബോട്ടുകള്‍ ഓടിക്കുന്നുണ്ട്.