Connect with us

Business

ഓഹരി വിപണിയില്‍ ചരിത്രനേട്ടം: ആദ്യമായി 60,000 പിന്നിട്ട് സെന്‍സെക്‌സ്

ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ഈ വര്‍ഷം ജനുവരിയിലാണ് സെന്‍സെക്‌സ് ആദ്യമായി 50,000 പിന്നിട്ടത്. വെറും എട്ടുമാസം കൊണ്ടാണ് ഇപ്പോള്‍ 60,000വും മറികടന്നിരിക്കുന്നത്.

Published

|

Last Updated

മുംബൈ| ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രനേട്ടം. സെന്‍സെക്സ് ആദ്യമായി 60,000 കടന്നു. നിഫ്റ്റി 17,900വും പിന്നിട്ടു. വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് 325 പോയിന്റ് നേട്ടത്തില്‍ 60,211ലും നിഫ്റ്റി 93 പോയിന്റ് ഉയര്‍ന്ന് 17,916ലുമെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

പലിശ നിരക്ക് ഉയര്‍ത്തല്‍, ഉത്തേജനപാക്കേജ് എന്നിവ സംബന്ധിച്ച് യുഎസ് ഫെഡ് റിസര്‍വിന്റെ നിലപാടില്‍ നിക്ഷേപകര്‍ ആത്മവിശ്വാസം പുലര്‍ത്തിയതാണ് ആഗോളതലത്തില്‍ വിപണികള്‍ക്ക് കരുത്തായത്. ഡൗ ജോണ്‍സ് സൂചിക 1.48ശതമാനവും എസ്ആന്‍ഡ്പി 500 1.21ശതമാനവും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. നാസ്ദാക്ക് സൂചിക 1.04ശതമാനവും ഉയര്‍ന്നു. ജപ്പാന്റെ ടോപിക്സ് ദക്ഷിണകൊറിയയുടെ കോസ്പി എന്നിവ നേട്ടത്തിലാണ്. അതേസമയം, എവര്‍ഗ്രാന്‍ഡെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചൈനീസ് വിപണികള്‍ നഷ്ടത്തില്‍ തുടരുകയാണ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, എച്ച് സി എല്‍, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ഗ്രാസിം, കൊഫോര്‍ജ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് വെള്ളിയാഴ്ച 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. ഇന്‍ഡസ് ബാങ്ക്, എല്‍ ആന്‍ഡ് ടി, എല്‍ ആന്‍ഡ് ടി ടെക് സര്‍വീസസ്, സി ജി പവര്‍, അപ്പോളോ ഹോസ്പിറ്റല്‍, എന്‍ഡിടിവി എന്നിവയും നേട്ടമുണ്ടാക്കി. നിഫ്റ്റിയില്‍ ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, ഇന്‍ഫോസിസ്, വിപ്രോ, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഈ വര്‍ഷം ജനുവരിയിലാണ് സെന്‍സെക്‌സ് ആദ്യമായി 50,000 പിന്നിട്ടത്. വെറും എട്ടുമാസം കൊണ്ടാണ് ഇപ്പോള്‍ 60,000വും മറികടന്നിരിക്കുന്നത്.

 

Latest