Connect with us

Obituary

മുതിര്‍ന്ന സി പി എം നേതാവ് കെ പി സി കുറുപ്പ് നിര്യാതനായി

സംസ്‌കാരം ബുധനാഴ്ച ഉച്ചക്കു ശേഷം രണ്ടിന് വീട്ടുവളപ്പില്‍.

Published

|

Last Updated

പന്തളം | മുതിര്‍ന്ന സി പി എം നേതാവും പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗവുമായിരുന്ന പന്തളം കൈതക്കാട്ട് വീട്ടില്‍ കെ പി ചന്ദ്രശേഖരക്കുറുപ്പ് (കെ പി സി കുറുപ്പ്-81) നിര്യാതനായി. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയിലുളള സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.

സംസ്‌കാരം ബുധനാഴ്ച ഉച്ചക്കു ശേഷം രണ്ടിന് വീട്ടുവളപ്പില്‍ നടക്കും. പന്തളം ടൗണില്‍ വൈകിട്ട് മൂന്നിന് അനുശോചന യോഗം ചേരും.

ഭാര്യ: രമാദേവി ( റിട്ട. അധ്യാപിക, ചെറിയനാട് ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂള്‍). 1973ലെ പന്തളം സമരങ്ങളില്‍ സി പി എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാണ് കുറുപ്പ് സജീവ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് എത്തിയതും തുടര്‍ന്ന് പാര്‍ട്ടി അംഗമായതും. പാര്‍ട്ടിയുടെ അടൂര്‍ താലൂക്ക് സെക്രട്ടറിയായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള യൂണിവേഴ്സിറ്റി സെനറ്റംഗം, പന്തളം പഞ്ചായത്ത് അംഗം, ശിശുക്ഷേമ സമിതി ജില്ലാ കമ്മിറ്റിയംഗം, കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം, പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, പന്തളം സര്‍വീസ് സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

 

 

Latest