Uae
ഡി എക്‌സ് ബിയിൽ സുരക്ഷാ പരിശോധന വേഗത്തിലാക്കുന്നു
ലാപ്‌ടോപ്പും ദ്രാവകങ്ങളും പുറത്തെടുക്കാതെ കടന്നുപോകാം

ദുബൈ| ദുബൈ ഇന്റർനാഷണൽ (ഡി എക്‌സ് ബി) വിമാനത്താവളത്തിൽ യാത്രക്കാർക്ക് സുരക്ഷാ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാൻ ഉടൻ സാധിച്ചേക്കും. യൂറോപ്പിൽ അടുത്തിടെ അംഗീകരിച്ചിട്ടുള്ളതിന് സമാനമായ നടപടികളിലൂടെ യാത്രക്കാർക്ക് ലാപ്‌ടോപ്പുകളും 100 മില്ലി ലിറ്ററിൽ കൂടുതൽ ദ്രാവകങ്ങളും ബാഗുകളിൽ നിന്ന് പുറത്തെടുക്കാതെ കടന്നുപോകാനാവും. ബ്രിട്ടീഷ് കമ്പനിയായ സ്മിത്ത്‌സ് ഡിറ്റക്ഷൻ നൽകുന്ന അത്യാധുനിക ചെക്ക്‌പോയിന്റ് സ്‌കാനറുകൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടക്കുകയാണെന്ന് ദുബൈ എയർപോർട്ട്‌സ് സി ഇ ഒ പോൾ ഗ്രിഫിത്ത്‌സ് പറഞ്ഞു.
മൂന്ന് ടെർമിനലുകളിലും ഇവ സ്ഥാപിക്കും. കഴിഞ്ഞ പത്ത് വർഷത്തിനിടെ 20 ശതമാനം വളർച്ച ദുബൈ വിമാനത്താവളത്തിനുണ്ടായെന്നും, അധിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാതെ നിലവിലുള്ള സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ശ്രമിക്കുകയാണെന്നും ഗ്രിഫിത്ത്‌സ് പറഞ്ഞു. യാത്രയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗങ്ങളിലൊന്നാണ് ലാപ്‌ടോപ്പുകളും ടാബ്്ലെറ്റുകളും പോലുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും 100 മില്ലി ലിറ്ററിൽ അധികമുള്ള ദ്രാവകങ്ങളും ലഗേജുകളിൽ നിന്ന് പുറത്തെടുക്കേണ്ടി വരുന്നത്.
റെക്കോർഡ് യാത്രക്കാർ
ഈ വർഷം ആദ്യ ആറ് മാസത്തിനുള്ളിൽ 46 ദശലക്ഷം യാത്രക്കാരുമായി ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ഡി എക്‌സ് ബി മറ്റൊരു റെക്കോർഡ് കൂടി സ്ഥാപിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് ഇത് 2.3 ശതമാനം വർധനയാണ്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇത് 22.5 ദശലക്ഷം യാത്രക്കാരാണ്. 3.1 ശതമാനം വർധനവാണ് ഈ കാലയളവിലുണ്ടായത്. ദുബൈ എയർപോർട്ട്‌സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഏപ്രിൽ മാസമായിരുന്നു രണ്ടാം പാദത്തിലെ ഏറ്റവും തിരക്കേറിയ മാസം. ആ മാസം എട്ട് ദശലക്ഷം യാത്രക്കാരുണ്ടായിരുന്നു.