National
മതേതരത്വവും സോഷ്യലിസവും രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍: സമദാനി എം പി
മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ക്ക് ചുവട്ടില്‍ വേറെ ആരാധനാലയങ്ങള്‍ അന്വേഷിക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. ഈ പോക്ക് എവിടെച്ചെന്നാണ് അവസാനിക്കുക
ന്യൂഡല്‍ഹി | മതേതരത്വം പോലെ രാജ്യത്തിന് അടിസ്ഥാനപരമായ തത്വമാണ് സോഷ്യലിസമെന്ന് അബ്ദുസമ്മദ് സമദാനി എം പി. ലോക്സഭയില്‍ സപ്ലിമെന്ററി ഡിമാന്റുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടെയാണ് സമദാനി ഇക്കാര്യം പറഞ്ഞത്. മതേതരത്വത്തോടും സോഷ്യലിസത്തോടും അലര്‍ജി പുലര്‍ത്തുന്ന ഒരുതരം രോഗം വര്‍ ധിച്ചുവരുന്നത് പൊതുവായ വളര്‍ച്ചയെയാണ് ബാധിക്കുകയെന്നും സമദാനി പറഞ്ഞു.
അധികാരമെന്നാല്‍ സാങ്കേതികവിദ്യയുടെ അധികാരമായി മാറിയ ഒരു ലോകത്ത് അത് പരിഗണിച്ചുകൊണ്ടു തന്നെ കൃഷിക്ക് മുന്‍തൂക്കം നല്‍കുന്ന നടപടികളാണ് അനിവാര്യമായിട്ടുള്ളത്. സാങ്കേതിക പുരോഗതിയും ഡിജിറ്റല്‍ വിപ്ലവവും അനിവാര്യമാണ്. എന്നാല്‍, അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടി കര്‍ഷകര്‍ ഇപ്പോഴും സമരം ചെയ്യുന്ന സാഹചര്യം ഒരിക്കലും ഭൂഷണമല്ല. കര്‍ഷകരാണ് ക്ഷേമത്തിന്റെ പ്രഭവകേന്ദ്ര മെന്നും അവരെ താന്‍ എന്നും പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് ഹാനികരമായതൊന്നും സംഭവിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്നും പാവപ്പെട്ട കര്‍ഷകരെ സംരക്ഷിക്കാന്‍ കഴിയാത്ത ഭരണകൂടങ്ങള്‍ക്ക് അവരില്‍ നിന്ന് വരുമാനമുണ്ടാക്കാന്‍ അവകാശമില്ലെന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യ ഭരിച്ച ഷേര്‍ഷ ഇറക്കിയ ഉത്തരവ് ആധുനിക കാലത്തും പ്രസക്തമാണെന്നും എം പി പറഞ്ഞു.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ കടുത്ത അനീതിയാണ് നടക്കുന്നത്. ദാരിദ്ര്യവും വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് അടിസ്ഥാന പ്രശ്നങ്ങള്‍. അത് പരിഹരിക്കപ്പെടുന്നതിനു പകരം മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ക്ക് ചുവട്ടില്‍ വേറെ ആരാധനാലയങ്ങള്‍ അന്വേഷിക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. ഈ പോക്ക് എവിടെച്ചെന്നാണ് അവസാനിക്കുക. രാജ്യത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിനും പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും സമാധാനപരമായ സഹവര്‍ത്തിത്വത്തെ തകര്‍ക്കുന്ന നടപടികളെ പിന്തുണക്കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. സംസ്‌കാരത്തിന്റെ ബഹുത്വം ലോകനാഗരികതയുടെ വൈവിധ്യത്തില്‍ നിന്ന് സ്വീകരിച്ചപ്പോഴെല്ലാം ഇന്ത്യ സ്വന്തമായ ഹൃദയം കാത്തുസൂക്ഷിച്ചുവെന്നും ആ ഹൃദയസംസ്‌കാരം എന്നും ബഹുസ്വരമാണെന്നും സമദാനി പറഞ്ഞു.
ആധുനികതയിലേക്കുള്ള ഇന്ത്യയുടെ പ്രയാണം ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വിവിധ ദശകളിലൂടെയും ഭാവങ്ങളിലൂടെയുമാണ് മുന്നേറിയത്. ആ പ്രയാണത്തിന്റെ ഏറ്റവും വലിയ മുഖമുദ്ര അതിന്റെ വൈവിധ്യത്തിലെ ഏകത്വമാണ്. ജന്മശതാബ്ദി ആഘോഷത്തിലൂടെ ഇപ്പോള്‍ അനുസ്മരിക്കപ്പെടുന്ന പ്രശസ്തനായ രാജ്കപൂര്‍ അവതരിപ്പിച്ച ഗാനത്തില്‍ പറയും പോലെയാണത്: ‘ഫിര്‍ ഭി ദില്‍ ഹെ ഹിന്ദുസ്ഥാനി’ (എന്നിട്ടും ഹൃദയം ഭാരതീയമാണ്). എന്നാല്‍ ഈ ബഹുസ്വര പാരമ്പര്യത്തെ ലംഘിക്കുന്ന നടപടികളാണ് ഇന്ന് വര്‍ധിച്ചുവരുന്നത്. രാജ്യത്തിന്റെ ദേശീയ ഘടനയുടെ അടിസ്ഥാന തത്വങ്ങളെത്തന്നെ നിഷേധിക്കുന്നതിന് സമമാണ് ഈ സ്ഥിതിവിശേഷം. ദാരിദ്ര്യവും വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് അടിസ്ഥാന പ്രശ്നങ്ങള്‍. അത് പരിഹരിക്കപ്പെടുന്നതിനു പകരം മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ക്ക് ചുവട്ടില്‍ വേറെ ആരാധനാലയങ്ങള്‍ അന്വേഷിക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. ഈ പോക്ക് എവിടെച്ചെന്നാണ് അവസാനിക്കുകയെന്നും സമദാനി ചോദിച്ചു.







