Connect with us

Editorial

എസ് ബി ഐ 'നാടക'വും സുപ്രീം കോടതി ഇടപെടലും

ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ജൂണ്‍ 30 വരെ സാവകാശം നല്‍കണമെന്ന എസ് ബി ഐയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. മാത്രമല്ല, വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുള്ള കോടതി ഉത്തരവ് 26 ദിവസം പിന്നിട്ടിട്ടും ഇതുവരെയും സമര്‍പ്പിക്കാത്തതിന് ബേങ്കിനെ രൂക്ഷമായി വിര്‍മശിക്കുകയും ചെയ്തു കോടതി.

Published

|

Last Updated

ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ ഇന്നലെ സുപ്രീം കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യക്കും ബി ജെ പിക്കും. ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ജൂണ്‍ 30 വരെ സാവകാശം നല്‍കണമെന്ന എസ് ബി ഐയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. മാത്രമല്ല, വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുള്ള കോടതി ഉത്തരവ് 26 ദിവസം പിന്നിട്ടിട്ടും ഇതുവരെയും സമര്‍പ്പിക്കാത്തതിന് ബേങ്കിനെ രൂക്ഷമായി വിര്‍മശിക്കുകയും ചെയ്തു കോടതി. എസ് ബി ഐയോട്, ഇത്രയും ദിവസം നിങ്ങള്‍ എന്ത് ചെയ്യുകയായിരുന്നുവെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബഞ്ച,് കോടതിയുടെ ഇന്നത്തെ പ്രവര്‍ത്തന സമയം അവസാനിക്കുന്നതിന് മുമ്പ് വിശദ വിവരങ്ങള്‍ കൈമാറണമെന്നും ഇല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പും നല്‍കി. ഫണ്ടിന്റെ വിശദാംശങ്ങള്‍ മാര്‍ച്ച് 12നകം എസ് ബി ഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും കമ്മീഷന്‍ ഈ വിവരങ്ങള്‍ മാര്‍ച്ച് 15ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു ഫെബ്രുവരി 15ന്റെ ഉത്തരവില്‍ കോടതി ആവശ്യപ്പെട്ടത്.

പ്രത്യക്ഷത്തില്‍ എസ് ബി ഐക്കു നേരേയാണ് പരമോന്നത കോടതിയുടെ ഇന്നലത്തെ വിമര്‍ശമെങ്കിലും യഥാര്‍ഥത്തില്‍ മോദി സര്‍ക്കാറിനാണ് അതേല്‍ക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എസ് ബി ഐ, സര്‍ക്കാറിന്റെ ഇടപെടല്‍ മൂലമാണ് വിശദാംശം നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നതെന്ന് വ്യക്തം.

തിരഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ള സംഭാവനകള്‍ ഇലക്ടറല്‍ ബോണ്ട് വഴിയാക്കിയതിനു ശേഷം ലഭ്യമായ സംഭാവനകളില്‍ 85 ശതമാനത്തിലേറെ ബി ജെ പിക്കാണ് ലഭിച്ചത്. 2018-22 കാലയളവില്‍ ബി ജെ പിക്ക് 5,271 കോടി രൂപ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത് 952.29 കോടി മാത്രം. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തെ ആധാരമാക്കിയുള്ള കണക്കാണിത്. കോണ്‍ഗ്രസ്സിനേക്കാള്‍ ആറ് മടങ്ങ് കൂടുതല്‍ വരും ബി ജെ പിക്ക്. അഞ്ച് വര്‍ഷത്തിനിടെ വിറ്റ മൊത്തം ഇലക്ടറല്‍ ബോണ്ടുകളുടെ മൂല്യത്തിന്റെ 94.25 ശതമാനവും ഒരു കോടി രൂപയുടെ ഗുണിതങ്ങളായാണ് വാങ്ങിപ്പോയത്. ആയിരം രൂപയുടേത് വെറും 99 ബോണ്ടുകളേ വിറ്റുപോയുള്ളൂ. കോര്‍പറേറ്റുകളാണ് ഫണ്ട് നല്‍കിയതില്‍ ബഹുഭൂരിഭാഗവുമെന്നാണ് ഇതില്‍ നിന്ന് ബോധ്യമാകുന്നത്. വിശദാംശങ്ങള്‍ പുറത്തു വിടുമ്പോള്‍ ഇവരുടെയൊക്കെ പേരുകള്‍ പുറത്തുവരും. അതോടെ കേന്ദ്ര സര്‍ക്കാറും കോര്‍പറേറ്റ് ഭീമന്മാരും തമ്മിലുള്ള ബന്ധവും വെളിപ്പെടും. തിരഞ്ഞെടുപ്പിന് മുമ്പായാല്‍ ഇത് ബി ജെ പിക്ക് ദോഷം ചെയ്യാന്‍ സാധ്യതയുണ്ട്. ഇതാണ് ജൂണ്‍ 30 വരെ, അഥവാ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ സാവകാശം വേണമെന്ന് എസ് ബി ഐ ആവശ്യപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആര്‍ എസ് എസ് ആസൂത്രണം ചെയ്തതും 2017 ഫെബ്രുവരി ഒന്നിന് അന്നത്തെ ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റ്ലി അവതരിപ്പിച്ച് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചതും ലോക്സഭയിലെ തങ്ങളുടെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ പാസ്സാക്കിയെടുത്തതുമായ തീര്‍ത്തും ജനാധിപത്യവിരുദ്ധമായ പദ്ധതിയാണ് ഇലക്ടറല്‍ ബോണ്ട്. 20,000 രൂപക്ക് മുകളില്‍ സംഭാവന നല്‍കുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വിശദ വിവരങ്ങള്‍ അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ബന്ധമായും നല്‍കണമെന്ന ജനപ്രാതിനിധ്യ നിയമം 1951ലെ വ്യവസ്ഥയടക്കം തിരഞ്ഞെടുപ്പ് ഫണ്ടിന്റെ സുതാര്യത ഉറപ്പ് വരുത്തുന്ന പല നിയമങ്ങളും കാണാമറയത്തേക്ക് മാറ്റിയും അപ്രസക്തമാക്കിയുമാണ് ബി ജെ പി സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കിയത്. ഇലക്ടറല്‍ ബോണ്ട് വഴി ആര്, എത്ര പണം നല്‍കിയാലും അത് നല്‍കുന്നവരോ കൈപ്പറ്റുന്നവരോ ആര്‍ക്കും ഒരു വിവരവും നല്‍കേണ്ടതില്ല. എന്നാല്‍ ബി ജെ പിക്ക് ആരൊക്കെ എത്ര തുക നല്‍കിയെന്ന് മറ്റു പാര്‍ട്ടികള്‍ക്കോ തിരഞ്ഞെടുപ്പ് കമ്മീഷനോ അറിയാനാകില്ല. എന്നാല്‍ ബോണ്ടിന്റെ വില്‍പ്പന എസ് ബി ഐ മുഖേന ആയതിനാല്‍ ഇത്തരം വിവരങ്ങളൊക്കെ സര്‍ക്കാറിനും ബി ജെ പിക്കും ലഭ്യമാകുകയും ചെയ്യും. മറ്റു പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സംഭാവന നല്‍കുന്നവരെ നിമയക്കുരുക്കുകളില്‍ അകപ്പെടുത്താന്‍ സര്‍ക്കാറിന് ഇതുവഴി സാധിക്കും. ഇത് ഭയന്ന് ആരും ബി ജെ പിയിതര കക്ഷികള്‍ക്ക് കൂടുതല്‍ സംഭാവന നല്‍കാന്‍ മുതിരില്ല. ഇതോടെ ഫണ്ട് ശോഷിച്ച് പ്രതിപക്ഷ കക്ഷികള്‍ സാമ്പത്തിക ഞെരുക്കത്തിലാകും. അതേസമയം സര്‍ക്കാറുകളില്‍ നിന്നുള്ള വഴിവിട്ട ഇളവുകളും ആനുകൂല്യങ്ങളും നേടിയെടുക്കാനായി കോര്‍പറേറ്റുകളും സമ്പന്ന വിഭാഗവും ബി ജെ പിക്ക് കൂടുതല്‍ സംഭാവന നല്‍കും. ഇലക്ടറല്‍ ബോണ്ട് വഴിയുള്ള സംഭാവനകളുടെ 85 ശതമാനവും ബി ജെ പിയുടെ അക്കൗണ്ടിലെത്തിയതിന്റെ രഹസ്യവും മറ്റൊന്നല്ല. കൈക്കൂലിയെ നിയമവിധേയമാക്കുന്ന ഒരു നടപടിയായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

ഭരണഘടനാ മൂല്യങ്ങളെ നിഷ്പ്രഭമാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ഈ കളി കണ്ടറിഞ്ഞാണ് ഫെബ്രുവരി 15ന് സുപ്രീം കോടതി, ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയതും അന്ന് വരെയുള്ള ഫണ്ടിംഗ് വിവരം നല്‍കാന്‍ എസ് ബി ഐയോട് ആവശ്യപ്പെട്ടതും. അതേസമയം ‘2019 ഏപ്രില്‍ 12 മുതല്‍ 2024 ഫെബ്രുവരി 15 വരെ 22,217 ബോണ്ടുകള്‍ എസ് ബി ഐ വിതരണം ചെയ്തിട്ടുണ്ട്. ഇവയുടെ വിവരങ്ങള്‍ മുദ്രവെച്ച കവറുകളിലായി മുംബൈയിലെ പ്രധാന എസ് ബി ഐ ശാഖയിലാണുള്ളത്. അവ ഡീകോഡ് ചെയ്ത് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നല്‍കിയ സമയ പരിധി അപര്യാപ്തമാണെ’ന്നാണ് വിശദ വിവരങ്ങള്‍ നല്‍കുന്നതിനുള്ള കാലതാമസത്തിന് എസ് ബി ഐ അധികൃതര്‍ പറയുന്ന കാരണങ്ങള്‍. എന്നാല്‍ ഡിജിറ്റലൈസ് ചെയ്ത ബേങ്കുകളില്‍ ഒരു മൗസ് ക്ലിക്ക് അകലത്തില്‍ ലഭ്യമാകുന്ന വിവരങ്ങളാണിതെല്ലാം. എന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് കൈമാറാന്‍ ആഴ്ചകള്‍ പോരാ, മാസങ്ങള്‍ വേണമെന്നു പറയുന്ന എസ് ബി ഐയുടെ നിലപാട് എത്ര പരിഹാസ്യമാണ്.

 

 

Latest