Connect with us

tamil nadu

സാന്റിയോഗോ മാര്‍ട്ടിന്‍ വീണ്ടും; തമിഴ്‌നാട് ബി ജെ പി നൂറ് കോടിയുടെ സംഭാവന കൈപ്പറ്റിയതായി കോണ്‍ഗ്രസ്

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് സമയത്ത് ലഭിച്ച 245.7 കോടിയുടെ സംഭാവനയില്‍ 83 ശതമാനവും ലഭിച്ചത് ബി ജെ പിക്കാണെന്നും തമിഴ്‌നാട് പി സി സി അധ്യക്ഷന്‍ കെ എസ് അഴഗിരി ആരോപിച്ചു

Published

|

Last Updated

ചെന്നൈ | കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറി ബിസിനസുമായും സി പി ഐ എം പാര്‍ട്ടി പത്രത്തിന് ബോണ്ട് നല്‍കി എന്ന ആരോപണവുമായും ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ട ലോട്ടറി വ്യവസായ ഭീമന്‍ സാന്റിയാഗോ മാര്‍ട്ടിന്റെ പേര് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. എന്നാല്‍, ഇത്തവണ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി മാര്‍ട്ടിനില്‍ നിന്നും നൂറ് കോടിയുടെ സംഭവാന കൈപ്പറ്റിയതായി കോണ്‍ഗ്രസ് ആരോപിച്ചു.

തമിഴ്‌നാട് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യമാണെന്നും പി സി സി അധ്യക്ഷന്‍ കെ എസ് അഴഗിരി ആവശ്യപ്പെട്ടു.

നാല് ദിവസം തുടര്‍ച്ചയായി നടത്തിയ തിരച്ചിലുകള്‍ക്ക് പിന്നാലെ 2019 ഏപ്രില്‍ 30 ന് മാര്‍ട്ടിന്റെ ഓഫീസുകളില്‍ നിന്ന് 5.8 കോടി രൂപ പണമായും 24 കോടി വിലവരുന്ന സ്വര്‍ണ്ണവും വജ്രവും ഇന്‍കം ടാക്‌സ് പിടികൂടിയിരുന്നെന്ന് അഴഗിരി ആരോപിച്ചു. 2011 സി ബി ഐ ഇയാള്‍ക്കെതിരെ 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 4500 കോടി തട്ടിച്ചതുമായി ബന്ധപ്പെട്ട് സിക്കിം സര്‍ക്കാര്‍ ഇയാള്‍ക്കെതിരെ ഒരു കേസ് എടുത്തിട്ടുണ്ട്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാള്‍ പിടിയിലായിട്ടുണ്ടെന്നും അഴഗിരി പറഞ്ഞു. മാര്‍ട്ടിനില്‍ നിന്നും ബി ജി പിക്ക് 100 കോടി രൂപ സംഭാവന കിട്ടി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് സമയത്ത് ലഭിച്ച 245.7 കോടിയുടെ സംഭാവനയില്‍ 83 ശതമാനവും ലഭിച്ചത് ബി ജെ പിക്കാണെന്നും ഇദ്ദേഹം ആരോപിച്ചു. നൂറ് കോടിയുടെ സംഭാവനക്ക് മാര്‍ട്ടിനുമായി മോദി സര്‍ക്കാര്‍ ഏത് തരത്തിലുള്ള ഡീല്‍ ആണ് ഉണ്ടാക്കിയിരിക്കുക എന്നും ആദായ നികുതി വകുപ്പ് ഇയാളെ വിചാരണ ചെയ്യുമോ എന്നും അഴഗിരി ചോദിച്ചു.

സി പി ഐ എം മുഖപത്രവുമായി ബന്ധപ്പെട്ടാണ് സാന്റിയാഗോ മാര്‍ട്ടിനും അദ്ദേഹത്തിന്റെ സ്ഥാപനവും കേരളത്തില്‍ വലിയ ചര്‍ച്ചയാവുന്നത്. സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനി പാര്‍ട്ടി പത്രത്തിന് രണ്ട് കോടി രൂപയുടെ ബോണ്ട് നല്‍കിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ പാര്‍ട്ടിക്കകത്തും പുറത്തും വലിയ വിവാദങ്ങല്‍ക്ക് വഴി തുറന്നിരുന്നു.

Latest