Connect with us

Kerala

സയ്യിദത്ത് ഫാത്വിമ ഇമ്പിച്ചി ബീവി ഇനി ഓർമ; വിടപറഞ്ഞത് പണ്ഡിതര്‍ക്ക് ജന്മം നല്‍കിയ മാതൃകാമഹതി

കടലുണ്ടിയെ ശുഭ്രസാഗരമാക്കി വിടവാങ്ങല്‍

Published

|

Last Updated

സയ്യിദത്ത് ഫാത്വിമ ഇമ്പിച്ചി ബീവിയുടെ മയ്യിത്ത് നിസ്‌കാരത്തിന് കടലുണ്ടി കോര്‍ണിഷ് ജുമുഅ മസ്ജിദില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്നു

കടലുണ്ടി | പ്രമുഖ പണ്ഡിതനും സമസ്ത സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളടക്കം 5 പ്രമുഖ പണ്ഡിതരുടെ മാതാവായ സയ്യിദത്ത് ഫാത്വിമ ഇമ്പിച്ചി ബീവി(93) ഇനി ഓര്‍മകളില്‍. പ്രമുഖ സൂഫി വര്യനായിരുന്നു തൃക്കരിപ്പൂര്‍ സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങളുടെ മകളും പ്രമുഖ പണ്ഡിതനായിരുന്ന കടലുണ്ടി സയ്യിദ് അഹ്‌മദുല്‍ ബുഖാരിയുടെ പത്നിയുമാണ്. മരണവാര്‍ത്തയറിഞ്ഞ് സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള ആയിരങ്ങളാണ് കടലുണ്ടിയിലേക്ക് ഒഴുകിയെത്തിയത്.

കടലുണ്ടി കോര്‍ണിഷ് മുഹിയിദ്ദീന്‍ ജുമുഅ മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍ എന്നിവര്‍ വിവിധ ഘട്ടങ്ങളിലായി നടന്ന മയ്യിത്ത് നിസ്‌കാരങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും നേതൃത്വം നല്‍കി. തുടര്‍ന്ന് കടലുണ്ടി ഖബര്‍സ്ഥാനില്‍ ഖബറടക്കി. സമസ്തയുടെയും വിവിധ മത സാമൂഹികരാഷ്ട്രീയ രംഗങ്ങളിലെയും പ്രമുഖ നേതാക്കളും പണ്ഡിതരും ചടങ്ങുകളില്‍ സംബന്ധിച്ചു.

പ്രതിസന്ധികളില്‍ തളരാത്ത ഈമാന്‍

പരീക്ഷണങ്ങളും പ്രയാസങ്ങളും നിറഞ്ഞ ജീവിതവഴികളെ അചഞ്ചലമായ ദൈവഭക്തിയും (തവക്കുല്‍) മനക്കരുത്തും കൊണ്ട് നേരിട്ട വ്യക്തിത്വമായിരുന്നു സയ്യിദത്ത് ഫാത്വിമ ഇമ്പിച്ചി ബീവി. 12 പ്രസവങ്ങളിലൂടെ കടന്നുപോയ അവര്‍, ജീവിതകാലത്തിനിടയില്‍ മൂത്ത മകനും സമസ്ത മുശാവറ അംഗവുമായിരുന്ന പണ്ഡിതനുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് ഉള്‍പ്പെടെ ആറ് മക്കളുടെ വിയോഗം കണ്ടു.

സയ്യിദത്ത് ഫാത്വിമ ഇമ്പിച്ചി ബീവിയുടെ വിയോഗവാര്‍ത്തയറിഞ്ഞ് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളുടെ വസതിയിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയം.

മകന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരിയുടെ വിവാഹ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ പ്രിയഭര്‍ത്താവ് സയ്യിദ് അഹ്‌മദ് ബുഖാരി പെട്ടെന്ന് വിടപറഞ്ഞപ്പോഴും പതറാതെ കുടുംബത്തെ നെഞ്ചോടുചേര്‍ത്തുപിടിച്ച് പ്രാര്‍ത്ഥനകളിലേക്ക് വഴിതിരിച്ചുവിട്ടത് ഉമ്മയുടെ അതുല്യമായ ആത്മധൈര്യമായിരുന്നു. മക്കളെ വളര്‍ത്തുന്നതിലെ ഭാരം ചൂണ്ടിക്കാട്ടി കുടുംബാസൂത്രണത്തിന് നിര്‍ദേശിച്ചവരോട്, ‘ഭൂമിക്ക് മരം ഭാരമല്ല; മരത്തിന് കായ്കനികളും ഭാരമാവില്ലല്ലോ… അതുപോലെ ഒരമ്മയ്ക്കും മക്കള്‍ ഭാരമാവില്ല’ എന്ന് മറുപടി നല്‍കി മാതൃത്വത്തിന് പുതിയ നിര്‍വചനം നല്‍കി അവർ.

അധ്വാനശീലവും മൂല്യബോധവും

സ്വയം അധ്വാനിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെട്ട അവര്‍ തയ്യല്‍വേലയിലും തൊപ്പിനിര്‍മാണത്തിലും മികച്ച നൈപുണ്യം പുലര്‍ത്തിയിരുന്നു. അതിഥികളെ സല്‍ക്കരിക്കുന്നതിലും വീട്ടിലെത്തുന്നവര്‍ക്ക് ഉള്ളത് പങ്കുവെച്ചുനല്‍കുന്നതിലും മുന്‍പന്തിയിലായിരുന്നു. മറ്റുള്ളവരുടെ അനുവാദമില്ലാതെ ഒരു വസ്തുവും എടുക്കരുതെന്നും, ഉടമസ്ഥന്റെ സമ്മതമില്ലാത്ത വസ്തുക്കള്‍ ശരീരത്തിലെത്തിയാല്‍ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കില്ലെന്നുമുള്ള സൂക്ഷ്മത മക്കളുടെ മനസ്സില്‍ ചെറുപ്പത്തിലേ ഉറപ്പിച്ചു.

Also Readഖലീൽ തങ്ങളുടെ മാതാവ് സയ്യിദത്ത് ഫാത്വിമ ഇമ്പിച്ചി ബീവി ഹജ്ജുമ്മ വിടപറഞ്ഞു മദ്രസയില്‍ നിന്ന് ലഭിക്കുന്ന ഈത്തപ്പഴം പോലും മറ്റുള്ളവരുമായി തുല്യമായി പങ്കിടാന്‍ പഠിപ്പിച്ച ആ ശിക്ഷണമാണ് പില്‍ക്കാലത്ത് മക്കളെ ജനസേവന രംഗത്ത് വലിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്താന്‍ പ്രേരിപ്പിച്ചത്. മഹതിയില്‍ നിന്ന് എപ്പോഴും കേള്‍ക്കുന്ന ചില പ്രത്യേക പ്രാര്‍ഥനകളുണ്ട്. ‘എന്റെ മക്കളെ നീ ഇല്‍മുകൊണ്ട് ദുനിയാവിലും ആഖിറത്തിലും രാജാവാക്കണേ’യെന്നതായിരുന്നു അതിലൊന്ന്. മക്കളെ ഉന്നത മതവിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന് ഉപകാരപ്പെടുന്ന പണ്ഡിതന്മാരായി വളര്‍ത്തിയെടുത്ത സയ്യിദത്ത് ഫാത്വിമ ഇമ്പിച്ചി ബീവിയുടെ വിയോഗം നാടിനും വിശ്വാസിസമൂഹത്തിനും തീരാനഷ്ടമാണ്.

Content Highlights:
Sayyidath Fathima Imbichi Beevi, mother of Ma’din Academy Chairman Sayyid Ibraheemul Khaleel Al Bukhari, passed away in Kadalundi. Thousands attended her funeral prayers led by Grand Mufti Kanthapuram AP Aboobacker Musliyar. She was remembered for her devout life and strong spiritual values.

---- facebook comment plugin here -----

Latest