Connect with us

Articles

പരിതാപകരം, രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം

രാജ്യം മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ വളരെ പിന്നിലേക്ക് പോയത് ഒട്ടുമേ സ്വാഭാവികമായല്ല. മാധ്യമങ്ങളെ വിലക്ക് വാങ്ങി തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കോര്‍പറേറ്റുകളും മാധ്യമങ്ങളുടെ കാര്യത്തില്‍ കച്ചവട, രാഷ്ട്രീയ മുന്‍ഗണനകള്‍ മാത്രം പരിഗണിക്കുന്ന കേന്ദ്ര ഭരണകൂടവും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സൃഷ്ടിച്ച പരിതാപകരമായ മാറ്റം ഈ നിലവാരത്തകര്‍ച്ചയുടെ പ്രധാന കാരണമാണ്.

Published

|

Last Updated

ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ വീണ്ടും താഴെയെത്തി നില്‍ക്കുന്നു എന്നതാണ് ഈ ആഴ്ചയിലെ ഒരു പ്രധാന വാര്‍ത്ത. നമ്മുടെ രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം വളരെ മോശമായിക്കൊണ്ടിരിക്കുന്നു എന്ന് അടിവരയിടുന്നു, പുതിയ കണക്കുകള്‍. മാധ്യമങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യവും മാധ്യമ പ്രവര്‍ത്തകരുടെ അവകാശ സംരക്ഷണവും മുന്‍നിര്‍ത്തി, 180 രാജ്യങ്ങളെ വിലയിരുത്തിയ ആര്‍ എസ് എഫ് റിപോര്‍ട്ടില്‍ 161ാം സ്ഥാനത്താണ് ഇന്ത്യ നില്‍ക്കുന്നത്. 2022ല്‍ ഇന്ത്യയുടെ സ്ഥാനം 150 ആയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍, മാധ്യമ സ്ഥാപനങ്ങള്‍, ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ തുടങ്ങിയവര്‍ക്ക് ഓരോ രാജ്യത്തും ലഭിക്കുന്ന സ്വാതന്ത്ര്യവും ആ സ്വാതന്ത്ര്യത്തിന് ഭരണകൂടം നല്‍കുന്ന അംഗീകാരവും വിശകലനം ചെയ്താണ് റിപോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് മാധ്യമ സ്വാതന്ത്ര്യ പട്ടിക തയ്യാറാക്കുന്നത്.

ഇന്ത്യന്‍ മാധ്യമങ്ങളെ നിരീക്ഷിക്കുന്ന ഏതൊരാളെയും ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയല്ല ഇത്. മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അത്രമേല്‍ ദുഷ്‌കരമായ ഒരു സാഹചര്യമാണ് നമ്മുടെ രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നത്. മാധ്യമ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും വെല്ലുവിളികള്‍ അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കോര്‍പറേറ്റ് – രാഷ്ട്രീയ ചങ്ങാത്തം സൃഷ്ടിച്ച പ്രത്യേക ഘടനയില്‍ ഇവിടെ മാധ്യമ പ്രവര്‍ത്തനം നടത്തേണ്ടിവരുന്നത്. ഭരണകൂട താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന മാധ്യമങ്ങള്‍ അതിജീവിക്കുകയും സത്യം പറയുന്ന പത്രപ്രവര്‍ത്തകരുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുകയും ചെയ്യുന്ന നടപ്പുരീതിയിലേക്ക് മാധ്യമ ലോകം വഴിമാറി. വാര്‍ത്ത എന്നത് കേവലം ഒരു ഉത്പന്നമാകുകയും കമ്പോളത്തിലെ വ്യാപാര താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന, അച്ചടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ മാത്രം ന്യൂസ് റൂമുകളില്‍ വാഴുകയും ചെയ്യുന്ന ഒരു കോര്‍പറേറ്റ് രീതിയിലേക്ക് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഒതുങ്ങുകയും ചെയ്തു. ഭരണകൂടങ്ങളെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാകുകയും വ്യാജ വാര്‍ത്തകള്‍ കൊണ്ടാണെങ്കിലും കോര്‍പറേറ്റ്, രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന തലത്തിലേക്ക് രാജ്യത്തെ മാധ്യമങ്ങള്‍ ഒന്നടങ്കം വഴിമാറി. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മുടെ രാജ്യത്ത് നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലായി പല പത്രപ്രവര്‍ത്തകരും കൊല്ലപ്പെട്ടു. പലരും ആക്രമിക്കപ്പെട്ടു. പല പ്രമുഖര്‍ക്കും വര്‍ഷങ്ങളോളം ജോലി ചെയ്ത മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നു. ചില മാധ്യമ പ്രവര്‍ത്തകരെയെങ്കിലും കാണാതായി. മാധ്യമ സ്വാതന്ത്ര്യം എന്നത് അപൂര്‍വമായി മാത്രം കാണുന്ന സംഭവമായി.

രാജ്യം മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ വളരെ പിന്നിലേക്ക് പോയത് ഒട്ടുമേ സ്വാഭാവികമായല്ല. മാധ്യമങ്ങളെ വിലക്ക് വാങ്ങി തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കോര്‍പറേറ്റുകളും മാധ്യമങ്ങളുടെ കാര്യത്തില്‍ കച്ചവട, രാഷ്ട്രീയ മുന്‍ഗണനകള്‍ മാത്രം പരിഗണിക്കുന്ന കേന്ദ്ര ഭരണകൂടവും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സൃഷ്ടിച്ച പരിതാപകരമായ മാറ്റം ഈ നിലവാരത്തകര്‍ച്ചയുടെ പ്രധാന കാരണമാണ്. ശക്തമായ നിലപാടുകള്‍ എടുക്കുന്ന പത്രാധിപന്മാര്‍ പിന്തിരിപ്പന്മാരോ രാജ്യദ്രോഹികളോ ആകുകയും ഭരണകൂട താത്പര്യങ്ങള്‍ ചോദ്യം ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ അയോഗ്യരോ അവഗണിക്കപ്പെടേണ്ടവരോ ആയി മാറുകയും ചെയ്യുന്ന പ്രവണത മോദി ഭരണകാലത്തെ ശ്രദ്ധേയമായ മാറ്റമായിരുന്നു. പ്രമുഖരായ പല ജേര്‍ണലിസ്റ്റുകള്‍ക്കും വര്‍ഷങ്ങളായി സേവനം ചെയ്തുവന്ന മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നത് ഈ പ്രവണതയുടെ ഒരു സ്വാഭാവിക പരിണതിയായിരുന്നു. ഇങ്ങനെ അപ്രത്യക്ഷരാകുന്ന പത്രാധിപന്മാര്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന കോര്‍പറേറ്റ്, രാഷ്ട്രീയ അജന്‍ഡകളുടെ ഇരകളായിരുന്നു. കോര്‍പറേറ്റ് മേലധികാരികളും രാഷ്ട്രീയ പ്രമുഖരും ശത്രുക്കളായി കാണുന്ന ഇത്തരം മാധ്യമ പ്രവര്‍ത്തകരെ പരമാവധി സെലക്‌ട് ചെയ്യാതിരിക്കാന്‍ മാധ്യമ സ്ഥാപനങ്ങളും ശ്രദ്ധിച്ചുവന്നു. ന്യൂസ് ഏജന്‍സികള്‍ക്കുള്ളില്‍ പോലും ഭരണകൂട വിമര്‍ശങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് ആയുസ്സില്ല.

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് രാജ്യത്തെ മാധ്യമരംഗം കൂടുതല്‍ പരസ്യമായി ഭരണകൂട താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറാകുന്നതും മുന്നോട്ടുവരുന്നതും. കോര്‍പറേറ്റ്-രാഷ്ട്രീയ ചങ്ങാത്തം തന്നെയാണ് ഈ പ്രവണതക്ക് ശക്തമായ പിന്തുണയും അവസരവുമൊരുക്കിയത്. നിലവിലുള്ള ഭൂരിപക്ഷം മാധ്യമസ്ഥാപനങ്ങളുടെയും ഉടമാവകാശം ഭരണകൂടത്തോട് നേരിട്ട് ചങ്ങാത്തമുള്ള കോര്‍പറേറ്റുകള്‍ ആയതോടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും മോദി സര്‍ക്കാറിനോട് ചേര്‍ന്നുനിന്നു. എന്‍ ഡി ടി വിയിലെ റിപോര്‍ട്ടറായിരുന്ന ശ്രീനിവാസന്‍ ജെയ്ന്‍ എന്ന പ്രതിഭാശാലിയായ മാധ്യമ പ്രവര്‍ത്തകനെ മാനേജ്‌മെന്റ് പുറത്താക്കിയത് അമിത് ഷായുടെ മകന് കേന്ദ്ര സര്‍ക്കാര്‍ അനധികൃതമായി നല്‍കിയ ലോണിനെക്കുറിച്ച് റിപോര്‍ട്ട് ചെയ്തു എന്ന കാരണം കൊണ്ടായിരുന്നു. പ്രാദേശിക, ദേശീയ രംഗത്തെ ബഹുഭൂരിപക്ഷം മാധ്യമ സ്ഥാപനങ്ങളിലും വ്യക്തമായ നിയന്ത്രണമോ ഉടമാവകാശമോ സ്വാധീനമോ സംഘ്പരിവാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട് എന്നത് ഒരു രഹസ്യമേയല്ല. മോദി ഭരണകാലത്ത് വിവിധ ദേശീയ മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് പടിയിറങ്ങിയവരുടെയും പുറത്താക്കപ്പെട്ടവരുടെയും അനുഭവങ്ങള്‍ ഇതിന് തെളിവാണ്. പല പത്രാധിപരും അത് പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശം നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നതിനിടയിലാണ് മാധ്യമ പ്രവര്‍ത്തകരെ ഇല്ലാതാക്കുന്ന പ്രവണത രാജ്യത്ത് വര്‍ധിച്ചുവെന്ന് വെളിപ്പെടുത്തുന്ന പുതിയ പഠനങ്ങള്‍ പുറത്തുവന്നത്. ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കുന്ന ഓരോ ജേര്‍ണലിസ്റ്റും ജയിലില്‍ അടക്കപ്പെടുന്നുണ്ട്, ഇപ്പോഴും. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്നും അമേരിക്കയില്‍ വിവിധ തലങ്ങളില്‍ നിന്നുള്ള ഭീഷണിയുണ്ട്.

എന്നാല്‍ സമ്മര്‍ദത്തില്‍ ജീവിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ് (സി പി ജെ) റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദു ദേശീയവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരമായ അതിക്രമങ്ങളും ഭീഷണികളും 2018-19 കാലയളവില്‍ അപകടകരമാംവിധം വര്‍ധിച്ചുവെന്നും ഈ റിപോര്‍ട്ട് അടിവരയിടുന്നു. 1992-2016 കാലയളവില്‍ മാത്രം ഇന്ത്യയില്‍ മുപ്പതിലധികം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇങ്ങനെ ജീവന്‍ നഷ്ടപ്പെട്ടു. എല്ലാം തെളിയിക്കപ്പെടാതെ കിടക്കുന്ന കൊലപാതകങ്ങളാണ്. 2017 മുതല്‍ 2022 വരെ വിവിധ സംസ്ഥാനങ്ങളിലായി 28 മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇത് ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഒട്ടും സുരക്ഷിതരല്ല എന്ന് വ്യക്തമാക്കുന്ന കണക്കാണ്. ഇതനുസരിച്ച് സോമാലിയ, സിറിയ, നൈജീരിയ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ജേര്‍ണലിസ്റ്റുകള്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരേക്കാള്‍ സുരക്ഷിതരാണ്.

വരും കാലങ്ങളില്‍ നമ്മുടെ രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം ഏതെങ്കിലും രീതിയില്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാന്‍ ഒട്ടുമേ കഴിയില്ല. ഇതിനിടയിലും സത്യം വിളിച്ചുപറയാന്‍ ധൈര്യം കാണിക്കുന്ന ഒറ്റപ്പെട്ട ചില മാധ്യമ സ്ഥാപനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ് കുറച്ചെങ്കിലും ആശ്വാസം പകരുന്നത്.