Connect with us

Kerala

ശബരിമല നെയ് ക്രമക്കേട്; ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

ശബരിമലയിൽ നെയ് സൂക്ഷിച്ചിരുന്ന സ്റ്റോറിന്റെ ചുമതല ജയലാലിനായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം| ശബരിമല മിൽമ നെയ് ക്രമക്കേടിൽ ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി ജയലാലിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ശബരിമലയിൽ നെയ് സൂക്ഷിച്ചിരുന്ന സ്റ്റോറിന്റെ ചുമതല ജയലാലിനായിരുന്നു. കേസിൽ നേരത്തെ റിമാൻഡിലായിരുന്ന ട്രാൻസ്‌പോർട്ട് കരാറുകാരൻ എസ് എസ് ബിനുവിനെ കൊല്ലം വിജിലൻസ് കോടതി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.

ബിനുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിനും തമിഴ്‌നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് തെളിവുകൾ ശേഖരിക്കുന്നതിനുമാണ് വിജിലൻസിന്റെ നീക്കം. ക്രമക്കേടിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബിനുവിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിലൂടെ കേസിലെ മറ്റ് കണ്ണികളിലേക്ക് എത്താനാകുമെന്ന പ്രതീക്ഷയിലാണ് വിജിലൻസ്.

കഴിഞ്ഞ മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് സന്നിധാനത്ത് എത്തിക്കേണ്ടിയിരുന്ന മിൽമ നെയ് തമിഴ്‌നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചുവിറ്റെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പകരം ഗുണനിലവാരം കുറഞ്ഞ നെയ് സന്നിധാനത്ത് എത്തിച്ചെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

ക്രമക്കേടിലൂടെ ദേവസ്വം ബോർഡിന് രണ്ടര കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ട്രാൻസ്‌പോർട്ട് കരാറുകാരനായ എസ് എസ് ബിനുവും ക്രമക്കേടിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

Content Highlights: Vigilance arrested Devaswom employee Jayalal in connection with the Sabarimala Milma ghee corruption case. Transport contractor SS Binu was remanded for detailed questioning. Investigators found high-quality Milma ghee was illegally sold to Tamil Nadu agencies causing Rs 2.5 crore loss.