Connect with us

Kerala

നെടുമ്പാശേരി വാഹനാപകടം: ജാമ്യം തേടി മൂന്നാം പ്രതി ജോയൽ ഹൈക്കോടതിയിൽ

പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ സെഷൻസ് കോടതി തള്ളിയിരുന്നു.

Published

|

Last Updated

കൊച്ചി| മൂന്ന് പേർ മരിച്ച നെടുമ്പാശേരി വാഹനാപകടക്കേസിൽ ജാമ്യം തേടി മൂന്നാം പ്രതി ജോയൽ ഹൈക്കോടതിയെ സമീപിച്ചു. മറ്റ് പ്രതികളും ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ സെഷൻസ് കോടതി തള്ളിയിരുന്നു.

അപകടവുമായി ബന്ധപ്പെട്ട് പ്രതികളുടെ നിർണായക ശബ്ദരേഖ ലഭിച്ചതായി പോലീസ് കോടതിയെ അറിയിച്ചു. അപകടത്തിൽ മൂന്ന് പേർ മരിച്ച വിവരം പ്രതികൾ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. അപകടത്തിന് പിന്നാലെ പ്രതികൾ വാട്‌സ്ആപ്പിലൂടെ സന്ദേശങ്ങൾ അയച്ചതായും പോലീസ് വ്യക്തമാക്കി.

അമീനും ജോയലും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടണമെന്ന് സുഹൃത്ത് നിർദേശിച്ചതായും പോലീസ് കോടതിയെ അറിയിച്ചു. അപകടത്തിന് പിന്നാലെ സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

മൂന്നാം പ്രതി ജോയൽ സുഹൃത്തിന് അയച്ച ശബ്ദസന്ദേശമാണ് കേസിൽ സുഹൈലിന് കുരുക്കായത്. സുഹൈൽ മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ചെന്നും യാത്രയ്ക്കിടെ കാർ സ്‌കൂട്ടറിൽ ഇടിച്ചെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. അപകടത്തിൽ മൂന്ന് പേർ മരിച്ചെന്നും തങ്ങൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നും ജോയൽ സുഹൃത്തിനോട് പറയുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ.

നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ ‘വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ പറഞ്ഞതായും ശബ്ദരേഖയിലുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. സുഹൈൽ സ്ഥിരമായി അമിതവേഗത്തിൽ വാഹനം ഓടിച്ചിരുന്നതിന് തെളിവുകൾ ലഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി.

പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് പൊലീസിന്റെ നിലപാട്. ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പോലീസ് കോടതിയിൽ വാദിച്ചു.

Content Highlights: The third accused Joel has approached the Kerala High Court seeking bail in the Nedumbassery road accident case. Police informed the court about crucial audio recordings showing the accused fled after the crash. Investigators opposed bail stating it would send a wrong message to society.