editorial
എണ്ണക്ക് റഷ്യ തന്നെ അഭയം
ട്രംപിന്റെ ഭീഷണിക്കു വഴിപ്പെട്ട് ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തലാക്കുകയും അവരുമായി അകലുകയും ചെയ്തിരുന്നെങ്കില്‍ നിലവിലെ പ്രതിസന്ധിയില്‍ അന്ധാളിച്ചു നില്‍ക്കേണ്ടി വരുമായിരുന്നില്ലേ?
യുദ്ധം ആറാം നാളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇരുവിഭാഗവും ചര്‍ച്ചക്കില്ലെന്ന് ആവര്‍ത്തിച്ചു പറയുന്ന സാഹചര്യത്തില്‍ ഇനിയും നീളുന്ന മട്ടാണ്. അമേരിക്കയില്‍ നിന്ന് കൂടുതല്‍ സൈനികരും യുദ്ധവിമാനങ്ങളും പശ്ചിമേഷ്യയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് റിപോര്‍ട്ട്. ഊര്‍ജ മേഖലയെ സാരമായി ബാധിക്കാനിടയുണ്ട് യുദ്ധം. ഇന്ത്യയുടെ ഊര്‍ജ ആവശ്യത്തിന്റെ എഴുപത്തഞ്ച് ശതമാനത്തോളം ഇറക്കുമതിയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഇതില്‍ വലിയൊരു ഭാഗം. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതം സ്തംഭിച്ച സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി പ്രതിസന്ധിയിലാണ്. രാജ്യത്തെ എണ്ണ ഇറക്കുമതിയുടെ 50-55 ശതമാനവും എല്‍ പി ജി ഇറക്കുമതിയുടെ 80-85 ശതമാനവും എല്‍ എന്‍ ജിയുടെ 55-60 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. പ്രതിദിനം 2.5 മില്യന്‍ ബാരല്‍ മുതല്‍ 2.7 മില്യന്‍ ബാരല്‍ വരെയാണ് ഇതുവഴി എത്തിയിരുന്നത്.
ഹോര്‍മുസ് കടലിടുക്ക് അടഞ്ഞെങ്കിലും ഇന്ത്യക്ക് ഭയക്കാനില്ല; രാജ്യത്തെ എണ്ണയുടെ സ്റ്റോക്ക് തൃപ്തികരമാണെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ഭാഷ്യമെങ്കിലും, സ്റ്റോക്കുള്ള എണ്ണ ശേഖരം രണ്ടാഴ്ചത്തെ ഉപയോഗത്തിന് മാത്രമേ തികയൂവെന്നാണ് ഊര്‍ജ മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍. ആഭ്യന്തരതലത്തില്‍ ഇന്ധന ലഭ്യത ഉറപ്പാക്കാനായി ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും എല്‍ പി ജിക്ക് റേഷനിംഗ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. യുദ്ധം നീണ്ടാല്‍ ഊര്‍ജ രംഗം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കും. എന്താണ് പ്രതിസന്ധിയെ അതിജീവിക്കാനുള്ള വഴി? ചെങ്കടല്‍ തീരത്തെ യാന്‍ബു തുറമുഖം വഴിയോ മറ്റു മാര്‍ഗേണയോ എണ്ണ എത്തിക്കുകയാണ് ഒരു മാര്‍ഗം. ചെങ്കടല്‍ മേഖലയില്‍ യമനിലെ ഹൂത്തി വിമതരുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അതത്ര സുരക്ഷിതമല്ല. മാത്രമല്ല, യാത്രാദൂരം കൂടുന്നതിനാല്‍ ക്രൂഡ് ഓയിലിന് കൂടുതല്‍ വില നല്‍കേണ്ടി വരികയും രാജ്യത്ത് പെട്രോള്‍ ഉത്പന്നങ്ങളുടെ വിലവര്‍ധനവിന് വഴിയൊരുക്കുകയും ചെയ്യും.
റഷ്യന്‍ എണ്ണയാണ് നിലവില്‍ ഇന്ത്യക്കു മുന്നിലുള്ള സുഗമമായ മാര്‍ഗം. ഗള്‍ഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാവശ്യമായ എണ്ണ നല്‍കാന്‍ സന്നദ്ധമാണെന്ന് റഷ്യ അറിയിച്ചിട്ടുമുണ്ട്. മറ്റു രാഷ്ട്രങ്ങളേക്കാള്‍ കുറഞ്ഞ നിരക്കാണ് റഷ്യ ഈടാക്കുന്നതെന്നതും ഡോളറിനു പകരം രൂപക്ക് ഇടപാട് നടത്താനാകുമെന്നതും കൂടുതല്‍ ആശ്വാസമാണ്. ഇത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിന് കരുത്ത് പകരും. അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറച്ച് വെനസ്വേലയില്‍ നിന്നും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലായിരുന്നു. യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ പാശ്ചാത്യന്‍ ശക്തികള്‍ റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പരിഗണിച്ച് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പാടേ നിര്‍ത്തണമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറക്കാനുള്ള തീരുമാനം ഇന്ത്യ പുനഃപരിശോധിക്കേണ്ടി വരും. ട്രംപിന്റെ നികുതി പരിഷ്‌കാരങ്ങള്‍ യു എസ് സുപ്രീം കോടതി റദ്ദാക്കിയതിനാല്‍ ഇനി അധിക നികുതിയെക്കുറിച്ച് ഭയക്കേണ്ടതില്ല. നിലവില്‍ ട്രംപിന് ചുമത്താവുന്ന അധിക നികുതി 15 ശതമാനം മാത്രമാണ്. അമേരിക്കയുമായുള്ള വ്യാപാരക്കരാറില്‍ വ്യവസ്ഥ ചെയ്ത 18 ശതമാനത്തേക്കാള്‍ കുറവാണിത്.
അമേരിക്കയുമായുള്ള അടുപ്പവും വ്യാപാര ബന്ധങ്ങളും ഇന്ത്യക്ക് ആവശ്യമാണെന്നതു പോലെ റഷ്യയുമായുള്ള ബന്ധങ്ങളും പ്രധാനമാണ്. സമതുലിതമാണ് കാലങ്ങളായുള്ള ഇന്ത്യയുടെ വിദേശനയം. അമേരിക്ക അവരുടെ താത്പര്യത്തിന് വേണ്ടി റഷ്യയുമായി അകലണമെന്നാവശ്യപ്പെട്ടാല്‍ അതനസുരിക്കാന്‍ ഇന്ത്യക്ക് ബാധ്യതയില്ല. അമേരിക്കയുടെ ശത്രുക്കളെയെല്ലാം സൗഹൃദ രാഷ്ട്രങ്ങളും ശത്രുക്കളായി കാണണമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യ വഴങ്ങേണ്ടതില്ല. യു എസിനു മാത്രമല്ല ഇന്ത്യക്കുമുണ്ട് ആഭ്യന്തര താത്പര്യങ്ങള്‍. അതടിയറവ് വെച്ച് അമേരിക്കയുമായി ചങ്ങാത്തം സ്ഥാപിക്കുന്നത് പലപ്പോഴും വിപരീത ഫലം ഉളവാക്കും.
ട്രംപിന്റെ ഭീഷണിക്കു വഴിപ്പെട്ട് ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തലാക്കുകയും അവരുമായി അകലുകയും ചെയ്തിരുന്നെങ്കില്‍ നിലവിലെ പ്രതിസന്ധിയില്‍ അന്ധാളിച്ചു നില്‍ക്കേണ്ടി വരുമായിരുന്നില്ലേ? ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കെ, കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാനും പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിക്കാതെ പിടിച്ചു നിര്‍ത്താനും സഹായിക്കും.
വിദേശ രാഷ്ട്രങ്ങളെ ആശ്രയിക്കാതെ സ്വന്തം ഊര്‍ജസ്രോതസ്സുകള്‍ വികസിപ്പിക്കാന്‍ യുദ്ധങ്ങള്‍ സൃഷ്ടിക്കുന്ന ഊര്‍ജ പ്രതിസന്ധി ഇന്ത്യക്ക് പ്രേരകമാകേണ്ടതുണ്ട്. സൗരോര്‍ജം, കാറ്റ് തുടങ്ങി പുനരുപയോഗ സ്രോതസ്സുകളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി ഉത്പാദനം, ഫോസില്‍ ഇന്ധനങ്ങള്‍ക്കു പകരം ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗം വര്‍ധിപ്പിക്കുക, കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കി പെട്രോളിയം ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ സജീവ ചിന്തക്ക് വിഷയീഭവിക്കേണ്ടതുണ്ട്. ഇതുവഴി ക്രൂഡ് ഓയില്‍ ഇറക്കുമതി കുത്തനെ വെട്ടിക്കുറക്കാനാകും. ലോകക്രമം മാറിക്കൊണ്ടിരിക്കെ, സമാന ചിന്താഗതിയുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് പുതിയ വ്യവസായ ഇടനാഴികള്‍ വികസിപ്പിക്കുന്ന കാര്യവും പരിഗണിക്കേണ്ടതാണ്. ഹോര്‍മുസ് കടലിടുക്ക് പോലുള്ള ഏകപക്ഷീയ തടസ്സങ്ങളെ അതിജീവിക്കാന്‍ രാജ്യത്തെ അത് പര്യാപ്തമാക്കും. ഊര്‍ജ മേഖലയില്‍ സ്വയംപര്യാപ്തതയിലേക്കുള്ള പ്രയാണമാണ് ആഗോള യുദ്ധപ്രതിസന്ധികളില്‍ രാജ്യത്തിനുള്ള സംരക്ഷണം.



