Connect with us

International

ഇന്തോനേഷ്യയില്‍ കൊവിഡ് ബാധിതര്‍ക്ക് സഹായവുമായി റോബോര്‍ട്ട്; പേര് 'ഡെല്‍റ്റ'

റോബോര്‍ട്ടിനെ നിയന്ത്രിക്കുന്നത് 12 മണിക്കൂര്‍ ആയുര്‍ദൈര്‍ഖ്യമുള്ള ഒരു റിമോട്ട് കണ്ട്രോളര്‍ ഉപയോഗിച്ചാണ്. വീട്ടിലെ കലങ്ങള്‍, പാത്രങ്ങള്‍, പഴയ ഒരു ടെലിവിഷന്‍ മോണിറ്റര്‍ എന്നീ വസ്തുക്കള്‍ കൊണ്ടാണ് ഈ റോബോട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Published

|

Last Updated

ജക്കാര്‍ത്ത | ഇന്തോനേഷ്യയിലെ തെമ്പോക്ക് ഗേഡിലെ ശാസ്ത്രജ്ഞരും ഗ്രാമവാസികളും ചേര്‍ന്ന് വീട്ടില്‍ ലഭ്യമായ സാമഗ്രികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച റോബോട്ടിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. കൊവിഡ് കാലത്ത് ഈ റോബോര്‍ട്ട് ഗ്രാമവാസികള്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്. റോബോര്‍ട്ടിന് ഡെല്‍റ്റ എന്നാണ് ഇവര്‍ പേരിട്ടിരിക്കുന്നത്. കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡെല്‍റ്റ റോബോട്ട് രോഗബാധയില്‍ കഴിയുന്ന വീട്ടുകാര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുകയും പ്രദേശങ്ങള്‍ അണുവിമുക്തമാക്കുകയും ചെയ്യുന്നു.

റോബോട്ട് നിര്‍മ്മാണ പദ്ധതിക്ക് നേതൃത്വം നല്‍കിയത് 53കാരനായ അസയാന്റോണ്. വെള്ളയും പര്‍പ്പിളുമാണ് റോബോര്‍ട്ടിന്റെ നിറം. ഇതിന്റെ തല നിര്‍മ്മിച്ചിരിക്കുന്നത് ചോറുണ്ടാക്കുന്ന ഒരു കുക്കറുകൊണ്ടും കൈകള്‍ പിവിസി പൈപ്പുകൊണ്ടുമാണ്. അസയാന്റോയുടെ ഭാര്യയുടെ ശബ്ദമാണ് ഇതിന് നല്‍കിയിരിക്കുന്നത്. റോബോര്‍ട്ടിനെ നിയന്ത്രിക്കുന്നത് 12 മണിക്കൂര്‍ ആയുര്‍ദൈര്‍ഖ്യമുള്ള ഒരു റിമോട്ട് കണ്ട്രോളര്‍ ഉപയോഗിച്ചാണ്. വീട്ടിലെ കലങ്ങള്‍, പാത്രങ്ങള്‍, പഴയ ഒരു ടെലിവിഷന്‍ മോണിറ്റര്‍ എന്നീ വസ്തുക്കള്‍ കൊണ്ടാണ് ഈ റോബോട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് പേര് കേട്ട സ്ഥലമാണ് തെമ്പോക്ക് ഗേഡ് ഗ്രാമം. ഇവിടെ നിര്‍മ്മിച്ചിരിക്കുന്ന അനേകം റോബോട്ടുകളില്‍ ഒന്നാണ് ഡെല്‍റ്റ റോബോട്ട്.

ഡെല്‍റ്റ വേരിയന്റ് കാരണം കൊവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് റോബോട്ടിനെ പൊതുജന സേവനങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ തീരുമാനിച്ചതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. അണുനാശിനികള്‍ തളിക്കാനും സ്വയം ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ക്ക് ഭക്ഷണം കൊണ്ടു കൊടുക്കാനുമെല്ലാം റോബോട്ടിനെ ഗ്രാമവാസികള്‍ ആശ്രയിക്കുന്നുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ക്വാറന്റൈനില്‍ ഇരിക്കുന്ന താമസക്കാരന്റെ വീട്ടിലേക്ക് എത്തുമ്പോള്‍ ‘അസ്സലാമു അലൈയ്ക്കും’ എന്ന് പറഞ്ഞുകൊണ്ടാണ് റോബോര്‍ട്ട് എത്തുക. തുടര്‍ന്ന് ഇവിടെയൊരു ഡെലിവറിയുണ്ടെന്നും നിങ്ങള്‍ക്ക് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പറഞ്ഞാണ് മടക്കം. ഏഷ്യയിലെ കൊവിഡ് 19 വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്തോനേഷ്യയിപ്പോള്‍. ഇത് വരെ 3,68,0000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 27 കോടിയാണ് ഇവിടുത്തെ ജനസംഖ്യ. ഇന്തോനേഷ്യന്‍ ദ്വീപുകളില്‍ ഇതുവരെ 1,08,000 ആളുകളാണ് കൊവിഡ് വൈറസ് രോഗബാധയേറ്റ് മരണപ്പെട്ടത്.

Latest