Connect with us

medical negligence

ആവർത്തിക്കപ്പെടുന്ന ചികിത്സാ പിഴവുകൾ

കേരളത്തിൽ ചികിത്സാ പിഴവിന്റെ പേരിൽ ആരോഗ്യ വകുപ്പ് പലപ്പോഴും വിമർശ വിധേയമാകാറുണ്ടെങ്കിലും സംഭവം അന്വേഷിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡിനെയോ വിദഗ്ധ സമിതികളെയോ നിയോഗിക്കുന്നതിനപ്പുറം മറ്റൊന്നും സംഭവിക്കാറില്ല.

Published

|

Last Updated

ശുപത്രികളിലെ ചികിത്സാ പിഴവ് പതിവ് വാർത്തയാണ് കേരത്തിലും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും. വലത്തെ കാലിന് പകരം ഇടത്തു കാൽ, ഇടതു കണ്ണിന് പകരം വലതു കണ്ണ്, മൂക്കിന് പകരം വയറ് എന്നിങ്ങനെ അശ്രദ്ധ മൂലം അവയവങ്ങൾ മാറി സർജറി നടത്തിയ സംഭവങ്ങൾ പലപ്പോഴായി റിപോർട്ട് ചെയ്യപ്പെടാറുണ്ട്. ചികിത്സാ പിഴവിനെ തുടർന്ന് രോഗികൾ മരിക്കുന്നതും അപൂർവല്ല. കോഴിക്കേട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഇടത് കാലിന് പകരം ഡോക്ടർ വലതുകാലിന് സർജറി നടത്തിയത് വിവാദമായിരിക്കയാണ്. ചികിത്സയിൽ പിഴവ് സംഭവിച്ചെന്ന് മാത്രമല്ല, നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടാൻ ആശുപത്രി രേഖകളിൽ തിരിമറി നടത്തിയതായും ആരോപണം ഉയർന്നിരിക്കയാണ്. ചികിത്സാ രേഖകളിൽ നേരത്തേ ഇടത് കാൽ എന്ന് രേഖപ്പെടുത്തിയ ഭാഗങ്ങളിലെല്ലാം വലതു കാൽ എന്ന് തിരുത്തിയെന്നാണ് ചികിത്സാ പിഴവിന് ഇരയായ രോഗിയുടെ ബന്ധുക്കൾ പറയുന്നത്. മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനുള്ള തീരുമാനത്തിലാണ് അധികൃതർ. പ്രാഥമിക അന്വേഷണത്തിൽ ഡോക്ടർക്ക് പിഴവ് പറ്റിയതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

നിലമ്പൂരിലെ സർക്കാർ ആശുപത്രിയിലുമുണ്ടായി ഇതിനിടെ കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവം. കവള മുക്കട്ട മച്ചിങ്ങൽ സ്വദേശിയായ സ്ത്രീക്ക് ഇടതുകാൽ മുട്ടിന് താഴെയായി എല്ലിന് ഒടിവ് പറ്റിയതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ശസ്ത്രക്രിയ നടത്തി കമ്പിയിട്ടു. പിന്നീട് കമ്പിയെടുത്തു മാറ്റാൻ രോഗി അതേ ഡോക്ടറെ സമീപിച്ചു. ഡോക്ടർ ഇടതുകാലിന് പകരം വലതു കാലിലാണ് സർജറി നടത്തിയത്. കാല് മരവിപ്പിച്ചതിനാൽ രോഗിക്ക് ശസ്ത്രക്രിയാ വേളയിൽ പിഴവ് മനസ്സിലാക്കാനുമായില്ല. വലത് കാൽ കീറിക്കഴിഞ്ഞപ്പോഴാണ് ഡോക്ടർക്ക് അബദ്ധം മനസ്സിലായത്. തുടർന്ന് ഇടതുകാലിലും ശസ്ത്രക്രിയ നടത്തി കമ്പി പുറത്തെടുക്കുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 2019 മെയിൽ സർജറി വിദഗ്ധന് സംഭവിച്ചത് ഇതിനേക്കാളെല്ലാം ഗുരുതരമായ പിഴവായിരുന്നു. മൂക്കിലെ രോഗത്തിന് ഡോക്ടർ സർജറി നടത്തിയത് രോഗിയുടെ വയറിൽ. ഹെർണിയക്ക് ശസ്ത്രക്രിയ നടത്തേണ്ട ഒരു രോഗിയെയും മൂക്കിലെ രോഗത്തിന് ശസ്ത്രക്രിയ നടത്തേണ്ട രോഗിയെയും ഒരേ സമയത്താണ് ഓപറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ചത്. ഡോക്ടർ രോഗിയെ മാറി ശസ്ത്രക്രിയ നടത്തി. സംഭവം വിവാദമായതോടെ രോഗിയെ വീണ്ടും തിയേറ്ററിൽ പ്രവേശിപ്പിച്ചു മൂക്കിൽ മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തുകയായിരുന്നു. ഭോപ്പാലിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ കിട്ടാതെ ആശുപത്രി മുറ്റത്ത് അമ്മയുടെ മടിയിൽ കിടന്ന് അഞ്ച് വയസ്സുകാരൻ മരിക്കേണ്ടിവന്നത് അഞ്ച് മാസം മുമ്പാണ്.

അത്യധികം ശ്രദ്ധയോടെയും ജാഗ്രതയോടെയും മനഃസാന്നിധ്യത്തോടെയും നിർവഹിക്കേണ്ട സങ്കീർണ പ്രക്രിയയാണ് രോഗചികിത്സ. ശസ്ത്രക്രിയ, രക്തം നൽകൽ തുടങ്ങിയ ചികിത്സാ രീതികൾ വിശേഷിച്ചും. ഡോക്ടറുടെ ഒരു ചെറിയ അശ്രദ്ധ മതി രോഗിയെ കൊടിയ ദുരിതത്തിലാഴ്ത്താനും മരണത്തിൽ വരെ കൊണ്ടെത്തിക്കാനും. ചികിത്സാ പിഴവു മൂലം ശരീരത്തിന്റെ ചലനശേഷിയും അവയവത്തിന്റെ ഉപയോഗവും നഷ്ടപ്പെട്ടു ജീവച്ഛവമാവുകയും മുടക്കാ ചരക്കാവുകയും ചെയ്തവർ എമ്പാടുമുണ്ട്. ഒരു രോഗിയെ ശസ്ത്രക്രിയക്ക് വിധേയമാക്കുമ്പോൾ, താൻ ഉദ്ദേശിച്ച രോഗി തന്നെയാണോ ഇതെന്ന് ഡോക്ടർ ഉറപ്പ് വരുത്തേണ്ടതുണ്ട്. ശസ്ത്രക്രിയ ചെയ്യേണ്ട അവയവത്തിന്റെ കാര്യത്തിലും രോഗിക്ക് മരുന്ന് എഴുതിക്കൊടുക്കുന്നതിലും വേണം അതീവ ശ്രദ്ധ. താൻ നിർദേശിക്കുന്ന മരുന്ന് തീർത്തും അനുയോജ്യമാണോ എന്ന് ഡോക്ടർമാരും നിർദേശിക്കപ്പെട്ടത് തന്നെയാണോ നൽകുന്നതെന്ന് നഴ്സുമാരും ഉറപ്പ് വരുത്തേണ്ടതുണ്ട്. ഡോക്ടർമാരിലും നഴ്സുമാരിലും പൂർണ വിശ്വാസമർപ്പിച്ചാണ് രോഗികളും ബന്ധുക്കളും ആശുപത്രികളെ സമീപിക്കുന്നത്. ഈ വിശ്വാസം കണക്കിലെടുത്ത് കൊണ്ടുള്ള സമീപനവും ശ്രദ്ധാപൂർവമായ പരിചരണവുമാണ് ആശുപത്രി അധികൃതരിൽ നിന്നുണ്ടാകേണ്ടത്. ചികിത്സയിലെ ഒരു നിമിഷത്തെ അശ്രദ്ധ മൂലം സംഭവിക്കുന്ന നഷ്ടം പിന്നീടൊരിക്കലും പരിഹരിക്കാൻ കഴിഞ്ഞെന്ന് വരില്ല.

മിക്ക വിദേശ രാഷ്ട്രങ്ങളും വളരെ ഗൗരവത്തോടെയാണ് ചികിത്സയിലെ പിഴവുകളെ കാണുന്നത്. നാല് മാസം മുമ്പ് പോർച്ചുഗൽ ആരോഗ്യമന്ത്രി മാർത്ത ടെമിഡോ രാജിവെച്ചത് ഒരു സർക്കാർ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചതിനെ ചൊല്ലിയായിരുന്നു. വിനോദസഞ്ചാരത്തിന് പോർച്ചുഗലിൽ എത്തിയ ഇന്ത്യൻ യുവതിയാണ് മരിച്ചത്. യാത്രക്കിടെ രോഗം കലശലായതിനെത്തുടർന്ന് ചികിത്സയിലിരുന്ന ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി യുവതിയുടെ മരണം. പ്രതിപക്ഷം ഇത് വൻവിവാദമാക്കി. ആരോഗ്യ സംവിധാനങ്ങളുടെ പോരായ്മയാണ് സ്ത്രീയുടെ മരണ കാരണമെന്നായിരുന്നു വിമർശം. യുവതി മരിച്ച് അഞ്ച് മണിക്കൂറിനകം മന്ത്രിസ്ഥാനം രാജിവെച്ച് മാർത്ത ടെമിഡോ വിമർശകരുടെ വായടക്കുകയായിരുന്നു.

കേരളത്തിൽ ചികിത്സാ പിഴവിന്റെ പേരിൽ ആരോഗ്യ വകുപ്പ് പലപ്പോഴും വിമർശ വിധേയമാകാറുണ്ടെങ്കിലും സംഭവം അന്വേഷിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡിനെയോ വിദഗ്ധ സമിതികളെയോ നിയോഗിക്കുന്നതിനപ്പുറം മറ്റൊന്നും സംഭവിക്കാറില്ല. ഡോക്ടറുടെയോ ആശുപത്രി അധികൃതരുടെയോ ഭാഗത്തു നിന്ന് പിഴവ് ബോധ്യപ്പെട്ടാൽ പോലും അതിനനുസൃതമായ നടപടിയുണ്ടാകാറില്ല. ചികിത്സാ പിഴവുകൾ നിരന്തരം ആവർത്തിക്കാൻ കാരണമിതാണെന്ന് വിലയിരുത്തപ്പെടുന്നു. ‌ഡോക്ടർമാരുടെയോ നഴ്‌സിന്റെയോ മറ്റ് ആശുപത്രി ജീവനക്കാരുടെയോ ഭാഗത്ത് നിന്ന് ഭാവിയിൽ ചികിത്സയിൽ അശ്രദ്ധയും ഉദാസീനതയും പ്രകടമാകാത്ത വിധം കർശന നടപടി ആവശ്യമാണ് ഇത്തരം കേസുകളിൽ.