editorial
മതകീയ ആഘോഷങ്ങളും മത സൗഹാര്‍ദവും
ഇതര മതസ്ഥരോട് സൗഹൃദം പുലര്‍ത്തേണ്ടത് അനിവാര്യമാണെന്ന കാര്യത്തില്‍ സംശയമില്ല. അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. ഇതര വിഭാഗങ്ങളുടെ മതാചാരങ്ങള്‍ സ്വീകരിച്ചു കൊണ്ടോ അതില്‍ പങ്കാളികളായോ അല്ല മത സൗഹാര്‍ദം പ്രകടിപ്പിക്കേണ്ടത്.
ക്രിസ്മസ് ആഘോഷത്തിലെ കേക്ക് മുറി ചടങ്ങില്‍ ഒരു പ്രമുഖ മുസ്‌ലിം രാഷ്ട്രീയ നേതാവ് പങ്കെടുത്തതിനെ ചൊല്ലി ഉയര്‍ന്ന വിവാദം തുടരുകയാണ്. ഇതര വിഭാഗങ്ങളുടെ മതപരമായ ആചാരങ്ങളില്‍ പങ്കാളിയായത് ശരിയായില്ല; അത് ഇസ്‌ലാമിക വിരുദ്ധമാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, മത സൗഹാര്‍ദത്തിന്റെ ഭാഗമാണിതെന്നും അതിനെ വിമര്‍ശിക്കുന്നതും ചോദ്യം ചെയ്യുന്നതും മത തീവ്രവാദമാണെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു. ഓണാഘോഷ കാലത്തും ഉയര്‍ന്നു വരാറുണ്ട് സമാനമായ വിവാദം.
രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് പലപ്പോഴും ഇതര മതസ്ഥരുടെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതും വിവാദം സൃഷ്ടിക്കുന്നതും. രാഷ്ട്രീയ താത്പര്യങ്ങളാണ് ഇതിനു പിന്നില്‍. കറകളഞ്ഞ മതേതരവാദിയായി പൊതുസമൂഹം അംഗീകരിക്കണമെങ്കില്‍ ഇതൊക്കെ വേണമെന്നതാണ് അവരുടെ നിലപാട്. ഇതര മതസ്ഥരോട് സൗഹൃദം പുലര്‍ത്തേണ്ടത് അനിവാര്യമാണെന്ന കാര്യത്തില്‍ സംശയമില്ല. അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. അവരുടെ സുഖവിവരങ്ങളന്വേഷിക്കുക, രോഗാവസ്ഥയില്‍ സന്ദര്‍ശിക്കുക, പ്രയാസ ഘട്ടങ്ങളില്‍ സാമ്പത്തികമായും ശാരീരികമായും സഹായിക്കുക തുടങ്ങി മാനുഷികമായ എല്ലാ ബന്ധങ്ങളും അവരുമായി പുലര്‍ത്തേണ്ടതുണ്ട്. അയല്‍വാസി (അവര്‍ ഏത് മതക്കാരാകട്ടെ) പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറയെ ഉണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ലെന്നാണ് മുഹമ്മദ് നബി(സ) പഠിപ്പിച്ചത്. അവിടുന്ന് മക്കയില്‍ മുശ്‌രിക്കുകളുമൊത്തും മദീനയില്‍ ക്രിസ്തീയരും ജൂതരുമൊത്തും താമസിച്ചിട്ടുണ്ട്. തികഞ്ഞ സൗഹാര്‍ദത്തിലായിരുന്നു അവരുമൊത്തുള്ള പ്രവാചകന്റെ ജീവിതമെന്ന് ചരിത്ര ഗ്രന്ഥങ്ങള്‍ പറയുന്നു.
ഇതാണ് മത സൗഹാര്‍ദം. അല്ലാതെ ഇതര വിഭാഗങ്ങളുടെ മതാചാരങ്ങള്‍ സ്വീകരിച്ചു കൊണ്ടോ അതില്‍ പങ്കാളികളായോ അല്ല മത സൗഹാര്‍ദം പ്രകടിപ്പിക്കേണ്ടത്. പ്രവാചകര്‍(സ) ഹിജ്‌റയെ തുടര്‍ന്ന് മദീനയിലെത്തിയപ്പോള്‍ ആ പ്രദേശത്ത് നൈറൂസ്, മഹര്‍ജാന്‍ എന്നീ രണ്ട് ആഘോഷങ്ങള്‍ നിലനിന്നിരുന്നു. ഈ ആഘോഷങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ ശേഷം പ്രവാചകര്‍(സ) അനുയായികളോട് പറഞ്ഞതിങ്ങനെയാണ്. “അല്ലാഹു നിങ്ങള്‍ക്ക് അതിനേക്കാള്‍ മഹത്തരമായ രണ്ട് ആഘോഷങ്ങള്‍ നല്‍കിയിരിക്കുന്നു. ഈദുല്‍ ഫിത്വറും ഈദുല്‍ അസ്‌ഹായും’. ആഘോഷങ്ങളിലുള്‍പ്പെടെ മുസ്‌ലിംകള്‍ ഇസ്‌ലാമിക തനിമ കാത്തുസൂക്ഷിക്കണം. മറ്റു വിഭാഗങ്ങളുടെ മതപരമായ ആഘോഷങ്ങളില്‍ പങ്കാളികളാകരുതെന്നാണ് ഇതുവഴി പ്രവാചകര്‍(സ) അനുയായികളെ പഠിപ്പിച്ചത്.
ഇസ്‌ലാമിലെ പ്രഥമ ഖലീഫ അബൂബക്കര്‍ സിദ്ദീഖ് നജ്‌റാന്‍ നിവാസികള്‍ക്ക് അയച്ച കത്ത് ശ്രദ്ധേയമാണ്. “അമുസ്‌ലിംകള്‍ക്ക് പ്രവാചകര്‍ കാണിച്ചു തന്ന പ്രകാരമുള്ള സംരക്ഷണം നല്‍കണം. അവരുടെ ജംഗമസ്ഥാവര സ്വത്തുക്കളും ആരാധനാലയങ്ങളും പുരോഹിതരുമെല്ലാം സുരക്ഷിതരായിരിക്കണം. അവര്‍ക്ക് എന്തെങ്കിലും പ്രയാസമോ നാശനഷ്ടങ്ങളോ വരുത്തി വെക്കരുതെ’ന്നായിരുന്നു കത്തിലെ നിര്‍ദേശം. “മനുഷ്യരെല്ലാം ഒന്നുപോലെ’യെന്നത് മാവേലിയുടെ ഭരണത്തെക്കുറിച്ചുള്ള ഐതിഹ്യമായിരുന്നെങ്കില്‍ ഇസ്‌ലാമിക ഭരണത്തില്‍ അത് എല്ലാ മതവിഭാഗങ്ങളും അനുഭവിച്ചറിഞ്ഞ യാഥാര്‍ഥ്യമായിരുന്നു. ഈ വസ്തുത പാശ്ചാത്യ ചരിത്രകാരനായ റൊണാള്‍ഡോ തുറന്നു സമ്മതിക്കുന്നുണ്ട്. “എല്ലാ പ്രജകളുടെ മേലിലും ക്രൈസ്തവത അടിച്ചേല്‍പ്പിച്ച റോമാ സാമ്രാജ്യം പോലെയല്ല ഇസ്‌ലാമിക ഭരണകൂടങ്ങള്‍. എല്ലാ മത ന്യൂനപക്ഷങ്ങളെയും അംഗീകരിക്കുകയും അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു ഇസ്‌ലാമിക ഭരണാധികാരികള്‍. ക്രിസ്ത്യാനികളും ജൂതരും സൗരാഷ്ട്ര മതസ്ഥരുമെല്ലാം ഈ സ്വാതന്ത്ര്യം അനുഭവിച്ചവരായിരുന്നു’.
ക്രിസ്മസ് ക്രിസ്തീയ വിഭാഗത്തിന്റെ ആഘോഷവും ഐഡന്റിറ്റിയുമാണ്. ഓണം, വിഷു, ആയുധ പൂജ തുടങ്ങിയവ ഹൈന്ദവ സമൂഹത്തിന്റെയും. ചെറിയ പെരുന്നാളും ബലി പെരുന്നാളും നബിദിനവും മുസ്‌ലിം ആഘോഷങ്ങളാണ്. ഇവയൊക്കെയും അതാത് സമുദായങ്ങള്‍ ആഘോഷിക്കുന്നു. ഇത്തരം ചടങ്ങുകളിലേക്ക് വിശ്വാസപരമായി വിയോജിപ്പുള്ളവരെ ക്ഷണിച്ചു വരുത്തി അതിന്റെ തനിമ നഷ്ടപ്പെടുത്തുന്നത് ശരിയല്ല. അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കാത്ത പല ക്ഷേത്രങ്ങളുമുണ്ട് രാജ്യത്ത്. ഈ വിലക്ക് മതസൗഹാര്‍ദത്തിന് വിഘാതമായി ആരും കാണുന്നില്ല. മുസ്‌ലിംകള്‍ ബലിപെരുന്നാളിന് അറുക്കുന്ന ഉള്ഹിയ്യത്തിന്റെ മാംസവും സകാത്തിന്റെ വിഹിതവുമെല്ലാം മുസ്‌ലിംകള്‍ക്ക് മാത്രമാണ് വിതരണം ചെയ്യുന്നത്. ഇതര മതസ്ഥര്‍ക്ക് നല്‍കാറില്ല. അയല്‍വാസി അമുസ്്ലിമാണെങ്കില്‍ പോലും ഒരു കാരണവശാലും പട്ടിണി കിടക്കാന്‍ ഇടവരരുതെന്ന് അനുയായികളെ കര്‍ശനമായി ഉണര്‍ത്തിയ ഇസ്‌ലാം തന്നെയാണ് ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയതെന്നത് ശ്രദ്ധേയമാണ്. കാരണം ഇത് മതവിശ്വാസവുമായി ബന്ധപ്പെട്ടതാണ്.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് ഒരു വാര്‍ത്താ സമ്മേളനത്തില്‍ ഈ വിഷയത്തിലെ ഇസ്‌ലാമിന്റെ നിലപാട് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൃത്യമായി വിവരിക്കുകയുണ്ടായി. “ഇതര സമുദായങ്ങളുമായി സൗഹൃദം വേണം. അതിനു പക്ഷേ മറ്റു സമുദായങ്ങളുടെ സംസ്‌കാരങ്ങളും ആചാരങ്ങളും പകര്‍ത്തേണ്ട ആവശ്യമില്ല. മതകാര്യങ്ങളില്‍ ഇസ്‌ലാമിക തനിമയും ഐഡന്റിറ്റിയും കാത്തുസൂക്ഷിച്ചു കൊണ്ടാണ് മതസൗഹാര്‍ദം പുലര്‍ത്തേണ്ടത്. അതാണ് മമ്പുറം തങ്ങള്‍, ഉമര്‍ ഖാസി തുടങ്ങി മഹത്തുക്കളായ മുന്‍കാല നേതാക്കള്‍ കാണിച്ചു തന്ന മാതൃക’യെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ മതസ്ഥരും അവരുടെ വിശ്വാസവും ആചാരങ്ങളും മുറുകെ പിടിച്ചു ജീവിക്കവെ തന്നെ, മാനുഷിക, ഭൗതിക വിഷയത്തില്‍ പരസ്പരം സഹകരിക്കുന്ന ഒരു രീതിയാണ് സ്വീകരിക്കേണ്ടത്. അതാണ് ഇസ്‌ലാം അനുശാസിക്കുന്നത്.




