Connect with us

Kerala

അബ്ദുർറഹീമിന്റെ മോചനം; പണം കൈമാറാനുള്ള നടപടി പുരോഗമിക്കുന്നു

തിരഞ്ഞെടുപ്പിന് ശേഷം ഇത് സംബന്ധിച്ച നടപടികൾ പൂർത്തീകരിക്കാനാണ് നീക്കം.

Published

|

Last Updated

കോഴിക്കോട്| 18 വർഷമായി സഊദി ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുർറഹീമിന്റെ മോചനത്തിനായി സമാഹരിച്ച 34 കോടി രൂപ കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം ഇത് സംബന്ധിച്ച നടപടികൾ പൂർത്തീകരിക്കാനാണ് നീക്കം.

വിവിധ ഭാഗങ്ങളിൽ നിന്നായി അക്കൗണ്ടിലെത്തിയ പണത്തിന്റെ ഓഡിറ്റിംഗ് പൂർത്തിയായിട്ടുണ്ട്. ഫെഡറൽ, ഐ സി ഐ സി ഐ ബേങ്കുകൾ വഴിയും ആപ്പ്, ക്യു ആർ കോഡ് മുഖേനയും മറ്റും സമാഹരിച്ച തുക വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ സഊദിയിലെ ഇന്ത്യൻ എംബസി നൽകുന്ന അക്കൗണ്ടിലേക്ക് മാറ്റുകയാണ് ആദ്യ നടപടിക്രമം. ഇത് പൂർത്തിയായിട്ടില്ല. ഇതുവരെ ലഭിച്ച തുക എത്രയെന്നത് സംബന്ധിച്ച് തിട്ടപ്പെടുത്തിയിട്ടുണ്ട്. 34 കോടിയിലധികം രൂപ അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നാണ് സൂചന. അടുത്ത ദിവസം തന്നെ നിയമസഹായ സമിതി ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ കൃത്യമായി പുറത്തുവിടും. അതേസമയം, പണം കൈമാറുന്നതുമായി ബന്ധപ്പെട്ട് അക്കൗണ്ട് നമ്പർ സഊദിയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ചിട്ടില്ല. ഈ ആവശ്യം നിയമസഹായ സമിതി എംബസിയെ അറിയിച്ചിരുന്നു.

കൃത്യം എത്ര തുക നൽകണം, വക്കീൽ ഫീസ് എത്ര തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. മോചനദ്രവ്യത്തിന് പുറമെ വക്കീൽ ഫീസായി ഒന്നര കോടിയോളം രൂപ നൽകേണ്ടി വരുമെന്നാണ് കരുതുന്നത്. ഈ രണ്ട് തുകയും ഒന്നിച്ചാണ് എംബസിക്ക് കൈമാറേണ്ടത്. പണം സമാഹരിച്ച വിവരം കഴിഞ്ഞ 12ന് സഊദിയിലെ ഇന്ത്യൻ എംബസി വഴി അറിയിച്ചിരുന്നു. റഹീമിന്റെ മോചനത്തിനുള്ള കോടതി നടപടികൾ റിയാദിൽ തുടങ്ങിയതായാണ് വിവരം. നടപടികൾ ആറ് മാസം വരെ നീളാനുള്ള സാധ്യതയുമുണ്ട്. എന്നാൽ ഇത് വേഗത്തിലാക്കാനുള്ള നീക്കമാണ് നടക്കുന്നത്. മരിച്ച യുവാവിന്റെ കുടുംബത്തെയും റഹീമിനെയും കോടതി വിളിച്ചുവരുത്തി മോചന വ്യവസ്ഥയിൽ തീർപ്പാക്കും.

34 കോടി കൈമാറിയാൽ മോചിപ്പിക്കാമെന്ന് കാണിച്ച് യുവാവിന്റെ കുടുംബം നൽകിയ കത്ത് നിയമസഹായ സമിതി വക്കീൽ മുഖാന്തരം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അബ്ദുർറഹീമിന്റെ ജൻമനാട്ടിൽ സർവകക്ഷിയോഗം വിളിച്ചു ചേർത്ത് രൂപവത്കരിച്ച ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണ് അക്കൗണ്ടും മറ്റും തുടങ്ങിയത്. കെ സുരേഷ് ചെയർമാനും കെ കെ ആലിക്കുട്ടി കൺവീനറും എം ഗിരീഷ് ട്രഷററുമാണ്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്