Kerala
ബന്ധങ്ങൾ ജീവിതത്തിന്റെ സൗന്ദര്യം: ഖലീൽ തങ്ങൾ
വൈവിധ്യങ്ങളെ ഉൾക്കൊണ്ട് പരസ്പര ബന്ധങ്ങളിലൂടെ മാത്രമേ മനുഷ്യ ജീവിതം സാധ്യമാവുകയുള്ളൂവെന്ന് കെ എൻ എ ഖാദർ

കൊണ്ടോട്ടി | പ്രകൃതിയോടും സഹജീവികളോടുമുള്ള വെറുപ്പും വിദ്വേഷവുമാണ് ഇന്ന് മനുഷ്യനനുഭവിക്കുന്ന പ്രയാസങ്ങളുടെ പ്രധാന കാരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീൽ അൽ ബുഖാരി. വ്യക്തികളുടെ മാനസികവും ശരീരികവുമായ ആരോഗ്യത്തിനും സമാധാന ജീവിതത്തിനും ബന്ധങ്ങള്‍ നിര്‍ണായകമാണെന്ന് കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരക ഹാളിൽ നടന്ന മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് പ്രമേയ പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഖലീൽ തങ്ങൾ പറഞ്ഞു.
സൗഹാർദങ്ങളും ബന്ധങ്ങളും ശിഥിലമായിക്കൊണ്ടിരിക്കുന്ന പുതിയ ലോകക്രമത്തിൽ പ്രകൃതിയോടും സഹജീവികളോടും സുദൃഢമായ ബന്ധം കാത്തുസൂക്ഷിക്കുന്നതിലൂടെ മാത്രമേ സകലമേഖലയിലും നേട്ടങ്ങൾ കൈവരിക്കാനാകൂ. മികച്ച വ്യക്തിബന്ധങ്ങള്‍ സന്തോഷം പകരുന്നതിനും ജീവിതം മെച്ചപ്പെടുത്തുന്നതിനും അനിവാര്യമാണ്. ഐക്യവും സന്തോഷവുമുള്ള കുടുംബത്തിനും സമൂഹത്തിനും മാത്രമേ സമാധാനപൂർണമായ ജീവിതം നയിക്കാനാകൂ. ബന്ധങ്ങൾ കാത്തുസൂക്ഷിക്കേണ്ടത് സാമൂഹിക പ്രതിബദ്ധതയുള്ള ഓരോ വ്യക്തിയുടെയും ഉത്തരാവാദിത്തമാണ്.
സമൂഹത്തിനുപകരിക്കുന്ന കലാസൃഷ്ടികളും ക്രിയാത്മകമായ ഇടപെടലുകളുമാണ് രാജ്യത്തിന്റെ വളർച്ചക്ക് ആവശ്യം. അവ വരുംതലമുറയെ പരിശീലിപ്പിക്കുക കൂടി വേണം. ഈ ഉത്തരവാദിത്തമാണ് സാഹിത്യോത്സവുകൾ മൂന്നുപതിറ്റാണ്ടായി നിർവഹിക്കുന്നത്. മാറുന്ന കാലത്ത് ഇത്തരം സംഗമങ്ങൾ കൂടുതൽ പ്രസക്തമാണെന്നും ഖലീൽ തങ്ങൾ പറഞ്ഞു.
മനുഷ്യരിലെ വൈവിധ്യങ്ങളെ ഉൾക്കൊണ്ട് പരസ്പര ബന്ധങ്ങളിലൂടെ മാത്രമേ മനുഷ്യ ജീവിതം സാധ്യമാവുകയുള്ളൂവെന്ന് കെ എൻ എ ഖാദർ അഭിപ്രായപ്പെട്ടു. ചരിത്രകാരൻ ഡോ. ഹുസൈൻ രണ്ടത്താണി, രിസാല ജോയിന്റ് മാനേജിംഗ് എഡിറ്റർ കെ ബി ബഷീർ സംസാരിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സി കെ ശകീര്‍ അരിമ്പ്ര, ഹാമിദ് അലി സഖാഫി പാലാഴി, എസ് ജെ എം ജില്ലാ പ്രസിഡന്റ് കുഞ്ഞീതു മുസ്‌ലിയാര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മുഷ്താഖ് സഖാഫി, സി കെ യു മൗലവി മോങ്ങം, കെ പി ഷമീര്‍ കുറുപ്പത്ത് സംബന്ധിച്ചു. ടി മുഹമ്മദ് ശുഹൈബ് സ്വാഗതവും സിറാജ് നുസ്‌രി നന്ദിയും പറഞ്ഞു.
ആഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് തിയതികളില്‍ കൊണ്ടോട്ടിയിലാണ് ഇത്തവണ മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ്.32ാം സാഹിത്യോത്സവില്‍ 168 ഇനങ്ങളിലായി ജില്ലയിലെ പന്ത്രണ്ട് ഡിവിഷനുകളില്‍ നിന്നുള്ള മൂവായിരത്തോളം പ്രതിഭകള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരക്കും. ജില്ലയിലെ വിവിധ പ്രൊഫഷനൽ, ആർട്‌സ് ആൻഡ് സയൻസ് ക്യാമ്പസുകളിൽ നിന്നുള്ള 200ലധികം വിദ്യാർഥികളും മത്സരത്തിൻ്റെ ഭാഗമാകും. ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന വിവിധ പദ്ധതികളാണ് സാഹിത്യോത്സവിനോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ളത്.