Kerala
പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം; ബുക്ക് ചെയ്യാന്‍ 21 ദിവസത്തെ ഇടവേള
രണ്ട് സിലിണ്ടര്‍ ഉള്ളവര്‍ക്ക് ഇനി 30 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയൂ.
കോഴിക്കോട്|രാജ്യത്തെ പാചകവാതക സിലിണ്ടര്‍ വിലവര്‍ധനവിന് പിന്നാലെ സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. ഒരു സിലിണ്ടര്‍ മാത്രമുള്ള ഉപഭോക്താവിന് 21 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. ഇതുവരെ 17 ദിവസം കഴിഞ്ഞാല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. രണ്ട് സിലിണ്ടര്‍ ഉള്ളവര്‍ക്ക് ഇനി 30 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. കൂടാതെ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം തടസപ്പെടാനുള്ള സാധ്യതയുമുണ്ട്. സിലിണ്ടര്‍ വിതരണം പരിമിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി ഗ്യാസ് ഏജന്‍സികള്‍ പറയുന്നു. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കപ്പല്‍ സര്‍വീസുകളുടെ കുറവുമൂലം ഊര്‍ജവിതരണ ശൃംഖലയിലുണ്ടായ തടസമാണ് പാചകവാതക ക്ഷാമത്തിന് കാരണമാകുക.
രാജ്യത്ത് ഗാര്‍ഹിക പാചകവാതക വില ഇന്ന് വര്‍ധിപ്പിച്ചിരിക്കുകയാണ്. 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 60 രൂപയാണ് ഉയര്‍ത്തിയത്. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന് 913 രൂപയായി. 11 മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അവസാനമായി സിലിണ്ടറിന്റെ വില 50 രൂപ വര്‍ധിപ്പിച്ചത്.
വാണിജ്യ പാചകവാതകത്തിനും വില കൂട്ടിയിട്ടുണ്ട്. 19 കിലോ സിലിണ്ടറിന് 115 രൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ സിലിണ്ടറിന് 1883 രൂപയായി ഉയര്‍ന്നു. വാണിജ്യ സിലിണ്ടറിന് വില വര്‍ധിച്ചത് ഹോട്ടല്‍ മേഖലയ്ക്കും വ്യവസായ സംരഭകര്‍ക്കും കനത്ത തിരിച്ചടിയായിരിക്കുമെന്നാണ് വിലയിരുത്തല്‍. പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്നത് ക്രൂഡ് ഓയില്‍ വിലയെയും ഊര്‍ജ്ജ ഇറക്കുമതിയെയും ബാധിച്ചതാണ് വിലവര്‍ധനവിന് കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വാദം.
Summary
The Indian government has imposed new restrictions on LPG cylinder bookings following a price hike, with single-cylinder users now required to wait 21 days between bookings. Domestic gas prices have risen by ₹60 per cylinder, while commercial rates increased by ₹115 due to global supply chain issues linked to the West Asia conflict. These measures are intended to manage a potential cooking gas shortage as international energy imports face logistical hurdles.


