Connect with us

വിശേഷം

തമിഴ് സ്നേഹം ഊട്ടിയ റമസാൻ കഞ്ഞി

പ്രത്യേക തരം മസാലയും പച്ചക്കറികളും ചേർത്ത് വെച്ച കഞ്ഞി ഇവിടുത്തെ നോന്പുകാലം വേറിട്ടതാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ചില പ്രത്യേക ദിവസങ്ങളിൽ ആട് മാംസം ചേർത്ത് കൊണ്ടും കഞ്ഞി ഉണ്ടാക്കും. ഏറെ രുചികരവും ആരോഗ്യത്തിന് ഉത്തമവുമാണ്. ഏറെ വർഷങ്ങളുടെ വിശേഷമുള്ളതാണ് ഈ കഞ്ഞിപ്പെരുമ.

Published

|

Last Updated

മിഴ്നാട്ടിലെ പ്രധാനപ്പെട്ട യൂനിവേഴ്സിറ്റികളിൽ ഒന്നാണ് കോയമ്പത്തൂരിൽ സ്ഥിതി ചെയ്യുന്ന അഗ്രി യൂനിവേഴ്സിറ്റി ( TNA UNIVERSITY ) ഇതിന്റെ ചുറ്റുവട്ടത്തായി താമസിക്കുന്ന ഗ്രാമീണരുടെ നോമ്പ് ദിനങ്ങൾ തികച്ചും വ്യത്യസ്തമാണ്. പലവിധ സംസ്കാരങ്ങളും ജീവിത ശൈലികളുമുള്ള വ്യത്യസ്തരായ ജനങ്ങൾ പാർക്കുന്ന ഇടമാണ് ഈ ഗ്രാമം. യൂനിവേഴ്്സിറ്റിയിൽ ജോലി ചെയ്യുന്ന പ്രൊഫസർമാരും കുട്ടികളും. പരിസരങ്ങളിലായി താമസിക്കുന്ന സാധാരണക്കാരായ ഗ്രാമീണരും. പുറമെ മറ്റു രാജ്യങ്ങളിൽ നിന്ന് ഇവിടെ പഠിക്കാൻ വരുന്ന വിവിധ ഭാഷകളും സംസ്കാരങ്ങളുമുള്ള വിദ്യാർഥികളും അടങ്ങുന്നതാണ് ഈ ഗ്രാമം.

എല്ലാവരും ഒരുമിച്ചിരുന്ന് സൗഹാർദത്തോടെ നോന്പിനെ വരവേൽക്കുന്നതും നോന്പു തുറക്കുന്നതും ഏറെ കൗതുകമേറിയ കാഴ്ചയാണ്. തമ്മിൽ പങ്കിട്ടും ഭാഷ അറിയാത്ത മറ്റു രാജ്യക്കാരോട് പ്രത്യേക രീതിയിലുള്ള ആംഗ്യ ഭാഷയിലൂടെ ആശയവിനിമയം നടത്തി അവരെ സത്കരിക്കുന്നതും കുളിർമയുള്ള കാഴ്ചയാണ്. ളുഹ്റിന്റെ സമയത്ത് പള്ളിയിലെത്തുമ്പോൾ തന്നെ നോമ്പ് തുറ വിഭവങ്ങളെല്ലാം ഒരുക്കുന്നുണ്ടാകും. കഞ്ഞിപ്പുരയിലുള്ളവർ കഞ്ഞി തയ്യാറാക്കുന്നതിനുള്ള തിരക്കിലായിരിക്കും.

പ്രത്യേക തരം മസാലയും പച്ചക്കറികളും ചേർത്ത് വെച്ച കഞ്ഞി ഇവിടുത്തെ നോന്പുകാലം വേറിട്ടതാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ചില പ്രത്യേക ദിവസങ്ങളിൽ ആട് മാംസം ചേർത്ത് കൊണ്ടും കഞ്ഞി ഉണ്ടാക്കും. ഏറെ രുചികരവും ആരോഗ്യത്തിന് ഉത്തമവുമാണ്. അസർ ആകുമ്പോഴേക്ക് ജനങ്ങൾ പള്ളിയിലേക്ക് ഒഴുകും . കഞ്ഞി വിതരണം നടക്കുന്ന സമയമാണിത്. മറ്റു മതസ്ഥരും പാവങ്ങളും പണക്കാരുമുൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ഈ കഞ്ഞി വാങ്ങാൻ ചെറു പാത്രവും കൈയിലേന്തി നിരയൊപ്പിച്ച് നിൽക്കുന്ന കാഴ്ച മനോഹരവും സാഹോദര്യം വിളിച്ചോതുന്നതുമാണ്.

പലരുടെയും നോമ്പ് തുറയുടെ ആശ്രയമാണ് കഞ്ഞി. കഞ്ഞി എത്ര വേണമെങ്കിലും നൽകും. അതിന് യാതൊരു വിധ അളവും കണക്കുമില്ല. ദിവസവും ആറായിരം രൂപയോളം വരും ഇവിടങ്ങളിലെ കഞ്ഞി വിതരണത്തിനെന്ന് പിന്നിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു. ഓരോ നിസ്കാര ശേഷവും പള്ളിയിലെ ഹസ്രത് കഞ്ഞിക്കു വേണ്ടി സംഭാവന ചെയ്യാൻ ഉണർത്തുന്നു. അങ്ങനെ പലരുടെ കൈയിൽ നിന്നാണ് കഞ്ഞി വിതരണത്തിന് പണം കണ്ടെത്തുന്നത്.

മഗ്‌രിബ് ബാങ്ക് കൊടുക്കുന്നതിന്റെ അര മണിക്കൂർ മുന്പുതന്നെ നാട്ടിലുള്ള പുരുഷന്മാരെല്ലാം പള്ളിയിൽ നോമ്പ് തുറക്ക് എത്തിച്ചേരും. അവിടെ നോമ്പ് തുറക്കാൻ ഉണ്ടാകുന്നത് സാധാരണ ഗതിയിൽ കഞ്ഞിയും പരിപ്പ് വടയുമാണ്. വട വർഷങ്ങളായി അവിടെ കച്ചവടം ചെയ്യുന്ന മലയാളി സഹോദരൻ നൽകുന്നതാണ്. ചില ദിവസങ്ങളിൽ ചിലർ നോമ്പ് തുറക്ക് വേണ്ടി പ്രത്യേകം സ്പോൺസർ ചെയ്യും.

അന്ന് തമിഴ് നാട്ടിലെ പ്രത്യേക ബിരിയാണിയും ഉപ്പുമാവുമൊക്കെ ഉണ്ടാകും. ചില ദിവസങ്ങളിൽ കോളജ് വിദ്യാർഥികൾ ചേർന്ന് ഇഫ്താർ ഒരുക്കും. നോമ്പ് തുറക്കാൻ വേണ്ടി ഒരുപാട് പാവപ്പെട്ട അതിഥി തൊഴിലാളികൾ എത്തിച്ചേരുന്നു. നോമ്പ് തുറക്ക് 20 മിനുട്ട് മുമ്പ് പള്ളിയിലെ ഹസ്രത്ത് വന്ന് ദുആ നടത്തും. അറബിയിലും തമിഴിലുമായി നടക്കുന്ന ദുആ കഴിഞ്ഞ ഉടൻ “റബ്ബേ ഞാൻ നിനക്കു വേണ്ടി നോമ്പു നോൽക്കുകയും തുറക്കുകയും ചെയ്യുന്നു എന്റെ നോമ്പിനെ നീ ഏെറ്റടുക്കണേ റബ്ബേ’ എന്ന് തമിഴിൽ പറഞ്ഞു കൊണ്ട് എല്ലാവരും നോമ്പ് തുറക്കും. തുടർന്ന് നിസ്കാരത്തിലേക്ക് കടക്കും. പിന്നെ തറാവീഹ് നിസ്കാരത്തിന്റെ സമയം. തറാവീഹിന് ഖതം ചെയ്യലാണ് പതിവ്. അതിന് വേണ്ടി ഒരു ഹാഫിളിനെ ചുമതലപ്പെടുത്തും. അവസാനം ഒരു നീണ്ട ദുആയും പ്രഭാഷണവും. ഇങ്ങനെ മറ്റു രാജ്യങ്ങളിലെ വിദ്യാർഥികളും സാധാരണക്കാരായ ഗ്രാമീണരും കലാശാലാ ജീവനക്കാരുമടങ്ങുന്ന സ്നേഹവും സഹോദര്യവും നിറഞ്ഞ കോയമ്പത്തൂരിലെ നോമ്പുകാലം പ്രത്യേക അനുഭൂതിയേറിയതാണ്.