Connect with us

National

രാഹുല്‍ ഗാന്ധി കുറ്റവിമുക്തന്‍; കോടതിയിലേക്കുള്ള യാത്രയില്‍ വാഹനവ്യൂഹം കൂട്ടിയിടിച്ചു

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ പുര്‍വാഞ്ചല്‍ എക്സ്പ്രസ് വേയിലുണ്ടായ അപകടത്തില്‍ രാഹുല്‍ ഗാന്ധി പരിക്കേറ്റിട്ടില്ല

Published

|

Last Updated

ലഖ്നൗ | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി കുറ്റവിമുക്തന്‍. ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂര്‍ കോടതി രാഹുല്‍ ഗാന്ധിയെ വെറുതെവിട്ടു.

കോടതിയില്‍ ഹാജരാകാന്‍ പോകുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹം കൂട്ടിയിടിച്ചു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ പുര്‍വാഞ്ചല്‍ എക്സ്പ്രസ് വേയിലുണ്ടായ അപകടത്തില്‍ രാഹുല്‍ ഗാന്ധിയുടെ സംഘത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്കേറ്റിട്ടില്ല.

അപകീര്‍ത്തി കേസില്‍ നേരിട്ട് ഹാജരാകാനായി സുല്‍ത്താന്‍പൂരിലെ പ്രത്യേക എം പി-എം എല്‍ എ കോടതിയിലേക്ക് പോവുകയായിരുന്നു രാഹുല്‍ ഗാന്ധി. അപകടത്തില്‍ സംഘത്തിലുണ്ടായിരുന്ന നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കോടതിയില്‍ ഹാജരാകാനായി ഇന്ന് രാവിലെയാണ് ലഖ്നൗവിലെ ചൗധരി ചരണ്‍ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധി എത്തിയത്.

നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പാര്‍ട്ടി നേതാക്കളും ഇവിടെ തടിച്ചുകൂടിയിരുന്നു. ഇവിടെ നിന്ന് സുല്‍ത്താന്‍പൂരിലേക്ക് രാഹുല്‍ ഗാന്ധിയുമായി പോയ വാഹനത്തിന് പിന്നിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരന്നു. അപകടത്തെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയ രാഹുല്‍ ഗാന്ധിയുടെ വാഹനം പിന്നീട് യാത്ര തുടര്‍ന്നു.

അമിത് ഷാ കൊലപാതക കേസില്‍ പ്രതിയാണ് എന്ന് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചതാണ് കേസിന് ആധാരം. വിധി കേള്‍ക്കാനാണ് രാഹുല്‍ഗാന്ധി നേരിട്ട് കോടതിയില്‍ എത്തിയത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശുഭം വര്‍മയാണ് വാദം കേട്ടതും വിധി പ്രസ്താവിച്ചതും. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ അപകീര്‍ത്തിപരമല്ല എന്ന് കോടതി വിധിയില്‍ പറയുന്നു. ബി ജെ പി നേതാവ് വിനയ് മിശ്ര 2018ല്‍ നല്‍കിയ കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്.

Content Highlights:A Sultanpur court acquitted Congress leader Rahul Gandhi in a 2018 criminal defamation case regarding remarks against Amit Shah. En route to the court, five vehicles in his entourage collided on the Purvanchal Expressway, but Rahul Gandhi escaped unhurt. The court ruled his remarks non-defamatory.

---- facebook comment plugin here -----

Latest