Connect with us

Ongoing News

ഖിയാമുല്ലൈല്‍ നിസ്‌കാരം; ഹറമിലേക്ക് ഒഴുകിയെത്തിയത് ജനലക്ഷങ്ങള്‍

Published

|

Last Updated

മക്ക | കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നീണ്ട രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഹറമുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ മക്കയിലെ മസ്ജിദുല്‍ ഹറമിലേക്ക് ഒഴുകിയെത്തിയത് ജനലക്ഷങ്ങള്‍. റമസാന്‍ 27-ാം രാവില്‍ ഖിയാമുല്ലൈല്‍ നിസ്‌കാരത്തില്‍ രണ്ട് ദശലക്ഷത്തിലധികം പേര്‍ പങ്കെടുത്തതായി ഹറം കാര്യ മന്ത്രാലയം അറിയിച്ചു. സഊദിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള സ്വദേശികളും വിദേശികളും വിദേശ രാജ്യങ്ങളില്‍ നിന്ന് ഒഴുക്കിയെത്തിയവരും കൂടി ഒത്തുചേര്‍ന്നതോടെ ഹറമും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. ആയിരം രാവുകളേക്കാള്‍ പുണ്യമുള്ള രാവാണ് ലൈലതുല്‍ ഖദര്‍. ലൈലതുല്‍ ഖദര്‍ പ്രതീക്ഷിച്ച് റമസാനിന്റെ 27-ാം രാവിലെ തറാവീഹ്, തഹജൂദ് പ്രാര്‍ഥനകളും നടത്തി പുലര്‍ച്ചെയോടെയാണ് പലരും ഹറമില്‍ നിന്നും മടങ്ങിയത്.

മഗ്രിബ് നിസ്‌കാരത്തിന് മുമ്പുതന്നെ ഹറം പള്ളിയും ഇശാ നിസ്‌കാരത്തിന് മുന്നോടിയായി ഹറം പരിസരങ്ങളും പൂര്‍ണമായും നിറഞ്ഞു കവിഞ്ഞിരുന്നു. മസ്ജിദിന് അകവും ഹറമിന്റെ മുറ്റങ്ങളും നിസ്‌കാരത്തില്‍ പങ്കെടുക്കാനെത്തിയവരെ കൊണ്ട് നിറഞ്ഞതോടെ, പരിസരങ്ങളില്‍ നീണ്ട നിരയായിരുന്നു കാണപ്പെട്ടത്. കനത്ത തിരക്ക് കണക്കിലെടുത്ത് ഈ വര്‍ഷം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷാ സംവിധാനമായിരുന്നു ഇരുഹറമുകളിലും ഒരുക്കിയിരുന്നത്.