National
അഭ്യൂഹങ്ങള്‍ക്ക് വിരാമം; അണ്ണാലൈയുടെ രാജി ബിജെപി അംഗീകരിച്ചു
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം പാര്‍ട്ടി വിടുമെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന വാര്‍ത്തകള്‍ ശക്തമായി നിലനിന്നിരുന്നു
ന്യൂഡല്‍ഹി | ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷനും പാര്‍ട്ടിയുടെ ജകീയ മുഖവുമായ കെ അണ്ണാമലൈയുടെ രാജി ബിജെപി കേന്ദ്ര നേതൃത്വം ഔദ്യോഗികമായി അംഗീകരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം പാര്‍ട്ടി വിടുമെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന വാര്‍ത്തകള്‍ ശക്തമായി നിലനിന്നിരുന്നു.
മുന്‍ ഐപിഎസ് ഓഫീസര്‍ കൂടിയായ അണ്ണാമലൈ, കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍, ബി എല്‍ സന്തോഷ് എന്നിവരുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും താന്‍ പാര്‍ട്ടി വിടാന്‍ ആലോചിക്കുന്നതിന്റെ കാരണങ്ങളും അദ്ദേഹം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പുറത്തുവന്നത്.
ദക്ഷിണേന്ത്യ ലക്ഷ്യം വെക്കുന്ന ബിജെപിക്ക് വലിയൊരു തിരിച്ചടിയായാണ് രാജി വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം അണ്ണാമലൈ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനകളെ തുടര്‍ന്ന്, ആന്ധ്രാപ്രദേശില്‍ അദ്ദേഹത്തിനായി മാറ്റിവെച്ചിരുന്ന രാജ്യസഭാ സീറ്റിലുള്ള അവകാശവാദം പോലും ബിജെപിക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു.







