National
പരീക്ഷാ പരിഷ്കരണ സമിതിയിലെ 'ഗോമൂത്ര വിദഗ്ധൻ'; വി കാമകോടിയെ പ്രിയങ്ക അങ്ങനെ വിളിച്ചതിന് കാരണം ഇതാണ്...
പുതിയ സമിതിയിൽ മുൻ ഐ ബി തലവൻ, ഒരു ഐ ടി കമ്പനി ഉടമ, ഒരു 'ഗോമൂത്ര വിദഗ്ധൻ' എന്നിവരാണ് ഉള്ളതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി
ന്യൂഡൽഹി | രാജ്യത്തെ പൊതുപരീക്ഷാ സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച പുതിയ സമിതിയിലെ അംഗങ്ങളെ വിമർശിക്കുന്നതിനിടെ ഐ ഐ ടി മദ്രാസ് (IIT Madras) ഡയറക്ടർ വി കാമകോടിയെ ‘ഗോമൂത്ര വിദഗ്ധൻ’ എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് എം പി പ്രിയങ്ക ഗാന്ധി. പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിനുള്ള പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ 2026 ചർച്ച ചെയ്യുന്നതിനിടെയാണ് കേന്ദ്ര സർക്കാറിന്റെ സമീപനത്തെ ചോദ്യം ചെയ്തുകൊണ്ട് പ്രിയങ്ക രംഗത്തെത്തിയത്.
പരീക്ഷാ സംവിധാനത്തിലെ ക്രമക്കേടുകൾ തടയാൻ എക്സാമിനേഷൻ റിഫോംസ് (Exam Reforms) ലക്ഷ്യമിട്ട് നേരത്തെ മുൻ ഐ എസ് ആർ ഒ (ISRO) ചെയർമാൻ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നുവെന്നും എന്നാൽ അതിലെ ഒരു ശുപാർശ പോലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് പുതുതായി പ്രഖ്യാപിച്ച ഉന്നതതല സമിതിയുടെ ഘടനയെ അവർ രൂക്ഷമായി വിമർശിച്ചത്. പുതിയ സമിതിയിൽ മുൻ ഐ ബി (IB) തലവൻ, ഒരു ഐ ടി (IT) കമ്പനി ഉടമ, ഒരു ‘ഗോമൂത്ര വിദഗ്ധൻ’ എന്നിവരാണ് ഉള്ളതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. പ്രിയങ്കയുടെ പരാമർശത്തിനെതിരെ മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അടക്കമുള്ള ബി ജെ പി അംഗങ്ങൾ ലോക്സഭയിൽ ശക്തമായ പ്രതിഷേധം ഉയർത്തി.

‘ഗോമൂത്ര വിദഗ്ധൻ’ എന്ന് വിളിച്ചത് എന്തുകൊണ്ട്?
ഐ ഐ ടി മദ്രാസ് ഡയറക്ടറായ വി കാമകോടി കഴിഞ്ഞ വർഷം മാട്ടു പൊങ്കൽ ആഘോഷത്തിനിടെ ഒരു ഗോശാലയിൽ വെച്ച് നടത്തിയ പ്രസംഗത്തെ ആസ്പദമാക്കിയായിരുന്നു പ്രിയങ്കയുടെ ഈ പരാമർശം. ഉയർന്ന പനിയുണ്ടായിരുന്ന സന്യാസി പശുവിൻ മൂത്രം കുടിച്ചതോടെ 15 മിനിറ്റിനുള്ളിൽ രോഗം ഭേദമായെന്ന കഥ കാമകോടി പ്രസംഗത്തിൽ പറഞ്ഞിരുന്നു. പശുവിൻ മൂത്രത്തിനും ചാണകത്തിനും ബാക്ടീരിയ പ്രതിരോധ ശക്തിയുണ്ടെന്നും ദഹനപ്രശ്നങ്ങൾക്കും വയറ്റിലെ അസുഖങ്ങൾക്കും ഇത് നല്ലതാണെന്നും അദ്ദേഹം വാദിച്ചിരുന്നു.
രാജ്യത്തെ പ്രമുഖ എൻജിനീയറിംഗ് സ്ഥാപനത്തിന്റെ മേധാവി ശാസ്ത്രവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് അന്ന് വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ അന്താരാഷ്ട്ര ശാസ്ത്ര മാസികകളിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളെ അടിസ്ഥാനമാക്കിയാണ് താൻ സംസാരിച്ചതെന്നായിരുന്നു കാമകോടിയുടെ വിശദീകരണം.
നീറ്റ് യു ജി (NEET UG) പരീക്ഷാ ചോർച്ചയെ തുടർന്നുള്ള വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനും പിന്നാലെയാണ് കേന്ദ്ര സർക്കാർ പുതിയ ഉന്നതതല സമിതിക്ക് രൂപം നൽകിയത്. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകണിയുടെ നേതൃത്വത്തിലുള്ള ആറംഗ സമിതിയിൽ മുൻ ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ്, മുൻ ഐ ബി ഡയറക്ടർ തപൻ ദേക്ക, ഐ ഐ ടി മദ്രാസ് ഡയറക്ടർ വി കാമകോടി, മുൻ വിദ്യാഭ്യാസ സെക്രട്ടറി അനിത കർവാൾ, മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥൻ അമൃത് ലാൽ മീന എന്നിവരാണ് അംഗങ്ങൾ. പരീക്ഷകൾ കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കുകയാണ് ഈ സമിതിയുടെ ലക്ഷ്യം.
Content Highlights
Congress MP Priyanka Gandhi criticized the Centre’s new exam reform panel in Lok Sabha, calling IIT Madras director V Kamakoti a ‘gaumutra expert’. Her remarks over past cow urine claims drew strong protests from BJP MPs.





