strike by nurses
ശമ്പള വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്
തൃശൂര്‍ ജില്ലയിലെ നഴ്‌സുമാര്‍ നാളെ സൂചനാ പണിമുടക്ക് നടത്തും.

തൃശൂര്‍ | ശമ്പള വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാര്‍ പണിമുടക്ക് നടത്തുന്നു. തൃശൂര്‍ ജില്ലയിലെ നഴ്‌സുമാര്‍ നാളെ സൂചനാ പണിമുടക്ക് നടത്തും. കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിലെയും നഴ്‌സുമാര്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
പ്രതിദിന വേതനം 1500 രൂപയാക്കുക, ശമ്പള വര്‍ധന നടപ്പാക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ഇവ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നഴ്‌സുമാര്‍ നീങ്ങും. തൃശൂരില്‍ നാളെ ഒ പി ബഹിഷ്‌കരിച്ചാണ് നഴ്‌സുമാര്‍ സൂചനാ പണിമുടക്ക് നടത്തുന്നത്.
അടിയന്തര ശസ്ത്രക്രിയകള്‍ക്ക് മാത്രമെ നഴ്‌സുമാര്‍ ഉണ്ടാകുകയുള്ളൂ. എമര്‍ജന്‍സി സ്റ്റാഫുകള്‍ മാത്രമായിരിക്കും ഡ്യൂട്ടിയിലുണ്ടാകുക. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു എന്‍ എ) നേതൃത്വത്തിലാണ് സമരം. എറണാകുളം ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക്.