Connect with us

price hike

വിലക്കയറ്റം: അടിയന്തര പ്രമേയാവശ്യം തള്ളി, പ്രതിപക്ഷം സഭ വിട്ടു

രാജ്യമെങ്ങുമുള്ള വിലക്കയറ്റത്തിന്റെ പ്രതിഫലനം സ്വാഭാവികമായും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തേയും ബാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം സഭാനടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം സ്പീക്കർ തള്ളി. ഇതോടെ പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തി. കോൺഗ്രസിൻ്റെ പി സി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് അവതരിപ്പിച്ചത്. സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ ഇതിന് മറുപടി നൽകി. വിപണിയിൽ ഒരുമിച്ച് പോയി നോക്കാമെന്ന മന്ത്രിയുടെ വെല്ലുവിളി പ്രതിപക്ഷ നേതാവ് സ്വീകരിച്ചു. അതിനിടെ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രസംഗം തടസ്സപ്പെടുത്താൻ മന്ത്രിമാർ അടക്കം ശ്രമിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി. മന്ത്രിമാർ ഇരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും പ്രസംഗം നിർത്തിവെച്ചിരുന്നു.

വിലക്കയറ്റം എല്ലാ സീമകളും ലംഘിക്കുമ്പോൾ സർക്കാർ ജനങ്ങളെ പരിഹസിക്കുകയാണെന്ന്  അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച് പി സി വിഷ്ണുനാഥ് പറഞ്ഞു. വിവാദ പ്രസ്താവനകൾ നടത്തി സമൂഹത്തിൽ ധ്രുവീകരണമുണ്ടാക്കാനല്ല ഓണക്കാലത്ത് ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കേണ്ടത്. സർക്കാർ വെള്ളക്കരം കൂട്ടി, വൈദ്യുതി ചാർജ് വർധിച്ചു. ഈ പശ്ചാത്തലത്തിലാണ് അവശ്യവസ്തുക്കൾക്കും വില കുതിച്ചുയരുന്നത്. സപ്ലൈക്കോ ഔട്ട്ലെറ്റുകളിൽ സാധനം ഉണ്ടെങ്കിലല്ലേ വിലക്കയറ്റം ഉണ്ടാകൂവെന്നും എല്ലാവർക്കും ഓണക്കിറ്റ് നൽകണമെന്നും വിഷ്ണുനാഥ് പറഞ്ഞു.

മറ്റ് സംസ്ഥാന​ങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം കുറവാണെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സപ്ലൈകോ ഔട്ട്ലെറ്റ് വഴി വിപണി വിലയേക്കാൾ കുറഞ്ഞ വിലയിൽ 13 സാധനങ്ങൾ നൽകുന്നുണ്ട്. ടെൻഡർ നടപടികളിൽ എല്ലാവരും സഹകരിച്ചിട്ടുണ്ട്. ഓണക്കാലത്ത് എല്ലാ സാധനങ്ങളും മൂന്നിരട്ടി വിപണിയിലെത്തിക്കും രാജ്യമെങ്ങുമുള്ള വിലക്കയറ്റത്തിന്റെ പ്രതിഫലനം സ്വാഭാവികമായും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തേയും ബാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രളയവും മഹാമാരിയും ഒരുപാട് ആളുകളുടെ സാമ്പത്തിക അടിത്തറ തകർത്തു കളഞ്ഞു. ഈ ആഘാതത്തിൽ നിന്ന് മനുഷ്യർ മുക്തരായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അവശ്യവസ്തുക്കൾക്ക് വില വർധിക്കുന്നത്. കൃഷി- സിവിൽ സപ്ലൈസ് വകുപ്പുകളുടെ ഏകോപനമില്ലായ്മ ദൃശ്യമാണെന്നും ഈ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.