Connect with us

Kerala

ക്വാറി- ക്രഷര്‍ ഉത്പന്നങ്ങളുടെ വിലവര്‍ധന: കരാറുകാര്‍ പ്രതിസന്ധിയില്‍

വില വര്‍ധന ദീര്‍ഘകാല പല പ്രൊജക്ടുകളെയും ബാധിക്കുമെന്ന് ആള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസ്സോസിയേഷന്‍

Published

|

Last Updated

കോഴിക്കോട് | ക്വാറി- ക്രഷര്‍ ഉത്പന്നങ്ങളുടെ വില വര്‍ധിച്ചതോടെ പ്രതിസന്ധിയിലായി നിര്‍മാണ മേഖല. 2018ന് ശേഷം ക്വാറി, ക്രഷര്‍ ഉത്പന്നങ്ങളുടെ വില മൂന്ന് തവണയായാണ് വര്‍ധിച്ചത്. വില വര്‍ധനക്കെതിരെ പല മേഖലയിലും ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ സമരത്തിലാണ്.

ക്വാറി ഉടമകള്‍ ഏകപക്ഷീയമായി വില വര്‍ധിപ്പിക്കുന്നതാണ് പ്രധാന പ്രശ്‌നമെന്ന് കരാറുകാര്‍ പറയുന്നു. കോഴിക്കോട് ജില്ലയില്‍ ഇന്ന് മുതല്‍ ഒരടിക്ക് എട്ട് രൂപ നിരക്കിലാണ് വര്‍ധന വരുന്നത്. ഇത് പൊതുമരാമത്ത് പ്രവൃത്തികള്‍, വിലങ്ങാട് പുനരധിവാസം, ലൈഫ് മിഷന്‍ വീടുകളുടെ നിര്‍മാണം, ദേശീയപാതയുടെ പ്രവൃത്തികള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക.

ഇത്തരത്തില്‍ വില വര്‍ധിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പല പ്രൊജക്ടുകളെയും ബാധിക്കുമെന്ന് ആള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസ്സോസിയേഷന്‍ പറയുന്നു. വിലവര്‍ധന പിന്‍വലിക്കുന്നത് വരെ ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് തീരുമാനമെന്നും അസ്സോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

പൊതുമരാമത്ത് പ്രവൃത്തികള്‍ 2018 ഡി എസ് ആര്‍ പ്രകാരമാണ് നടക്കുന്നത്. സ്വകാര്യ കെട്ടിട നിര്‍മാതാക്കളെയും വിലവര്‍ധന പ്രതിസന്ധിയിലാക്കും. പരിസ്ഥിതി അനുമതിയുമായി ബന്ധപ്പെട്ട് ചെറുകിട ക്വാറികള്‍ ജില്ലയില്‍ പലയിടത്തും പൂട്ടിയതാണ് വന്‍കിട ക്വാറി, ക്രഷര്‍ ഉടമകള്‍ക്ക് കൃത്രിമക്ഷാമമുണ്ടാക്കി വില കൂട്ടാനുള്ള സാഹചര്യമൊരുക്കിയത്. നിലവില്‍ കേരളത്തിലെ നിര്‍മാണ മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

നിര്‍മാണ സാമഗ്രികളുടെ ചെറിയ വില വര്‍ധന പോലും പ്രതിസന്ധിക്ക് ആക്കം കൂട്ടും. 25 വര്‍ഷം മുമ്പ് പൊട്ടിച്ച പാറകള്‍ക്ക് ജിയോളജി വകുപ്പ് ഇപ്പോള്‍ അമിതമായ പിഴ ചുമത്തുന്നതുകൊണ്ടാണ് വില വര്‍ധിപ്പിക്കുന്നതെന്നാണ് ക്വാറി ഉടമകളുടെ വാദം.

 

---- facebook comment plugin here -----

Latest