Connect with us

Kerala

പി ആര്‍ ആരവിന്ദാക്ഷനെയും സി കെ ജില്‍സനെയും ഇ ഡി കസ്റ്റഡിയില്‍ വിട്ടു; സര്‍ക്കാര്‍ സംവിധാനങ്ങള്‍ സഹകരിക്കുന്നില്ലെന്ന് കോടതിയില്‍ ഇ ഡി

അന്വേഷണ രേഖകളൊന്നും ഇഡിക്ക് കൈമാറുന്നില്ല. കൈമാറിയ രേഖകളൊന്നും തന്നെ പ്രാപ്തമായവ അല്ലെന്നും ഇ ഡി കോടതിയെ അറിയിച്ചു

Published

|

Last Updated

തൃശൂര്‍ |  കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ പി ആര്‍ അരവിന്ദാക്ഷനെയും സികെ ജില്‍സിനെയും എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിലായ ശേഷം ഇത് രണ്ടാം തവണയാണ് ഇവരെ ഇഡി കസ്റ്റഡിയില്‍ വാങ്ങുന്നത്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡിയില്‍ വിടണമെന്നും കാണിച്ച് ഇഡി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

അതേ സമയം പിആര്‍ അരവിന്ദാക്ഷനും സതീഷ് കുമാറും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ഇഡിയുടെ പക്കലുണ്ട്. കേസില്‍ നിര്‍ണായക തെളിവാകുമിത്. അതോടൊപ്പം അരവിന്ദാക്ഷനെതിരെ മൊഴികളും ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഇഡി കസ്റ്റഡിയില്‍ വാങ്ങുന്നത്.

ജില്‍സ് കരുവന്നൂര്‍ നാലരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇതിലും വ്യക്തത വേണമെന്ന് ഇഡി കോടതിയെ അറിയിച്ചു. അതേ സമയം സര്‍ക്കാര്‍ സംവിധാനത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഇഡി ഇന്ന് കോടതിയില്‍ ഉന്നയിച്ചു. പ്രതികള്‍ മാത്രമല്ല സര്‍ക്കാര്‍ സംവിധാനങ്ങളും കേസില്‍ സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. ക്രൈം ബ്രാഞ്ച് കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ രേഖകളൊന്നും ഇഡിക്ക് കൈമാറുന്നില്ല. കൈമാറിയ രേഖകളൊന്നും തന്നെ പ്രാപ്തമായവ അല്ലെന്നും ഇ ഡി കോടതിയെ അറിയിച്ചു.

 

Latest