editorial
നയം കാറ്റില്‍ പറത്തി നയപ്രഖ്യാപനം
ഭരണഘടനയുടെ കാവലാളെന്നാണ് ഗവര്‍ണര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഭരണഘടനാ നിലപാടുകളും ആചാരങ്ങളും കൃത്യമായി പാലിക്കുമ്പോഴാണ് അതിന്റെ കാവലാളുകളാകുന്നത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അനാദരിക്കുകയോ സഭാനടപടികളെ അലങ്കോലപ്പെടുത്തുകയോ ചെയ്യുന്നത് ഈ തത്ത്വത്തിന് കടകവിരുദ്ധമാണ്.
കേരളത്തിലും തമിഴ്‌നാട്ടിലും ഗവര്‍ണര്‍മാരുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ അസാധാരണ രംഗങ്ങളാണ് ദൃശ്യമായത്. കേരളത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, പിണറായി സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച ഭാഗങ്ങള്‍ ഒഴിവാക്കിയും തന്റേതായ ചില പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്തുമാണ് വായിച്ചത്. തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി നയ പ്രഖ്യാപന പ്രസംഗം വായിക്കാന്‍ കൂട്ടാക്കാതെ സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
ഭരണഘടനാ അനുഛേദം 176 പ്രകാരമാണ് ഓരോ വര്‍ഷത്തെയും നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍മാര്‍ നടത്തുന്നത്. സര്‍ക്കാറിന്റെ അടുത്ത വര്‍ഷത്തെ നയങ്ങളും കര്‍മപദ്ധതികളും ജനപ്രതിനിധികളെയും ജനങ്ങളെയും അറിയിക്കുന്ന സുപ്രധാന ചടങ്ങാണിത്. മന്ത്രിസഭയാണ് ഈ പ്രസംഗം തയ്യാറാക്കുന്നത്. ഗവര്‍ണര്‍ അത് വായിക്കുമ്പോള്‍ അദ്ദേഹം സര്‍ക്കാറിന്റെ ശബ്ദമായി മാറുകയാണ്. അവിടെ ഗവര്‍ണറുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കോ രാഷ്ട്രീയ വിയോജിപ്പുകള്‍ക്കോ സ്ഥാനമില്ല.
തമിഴ്‌നാട്ടില്‍ നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ ദേശീയ ഗാനത്തിനു പകരം “തമിഴ് തായ് വാഴ്ത്തഷ്ട്’ ഗാനം ആലപിക്കുന്നതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. ദേശീയ ഗാനത്തോടുള്ള അവഹേളനമാണ് ഇതെന്നാണ് ഗവര്‍ണര്‍ രവിയുടെ വാദം. എന്നാല്‍ സുപ്രധാന ചടങ്ങുകളുടെ തുടക്കത്തില്‍ തമിഴ്‌നാടിന്റെ സാംസ്‌കാരിക അടയാളമായ തമിഴ് തായ് വാഴ്ത്ത് ഗാനം ആലപിക്കുന്നത് പതിറ്റാണ്ടുകളായുള്ള അവിടുത്തെ കീഴ്്വഴക്കമാണ്. എങ്കിലും നിയമസഭാ സമ്മേളനം അവസാനിപ്പിക്കുന്നത് ദേശീയ ഗാനത്തോടെയാണ്. ദേശീയ ഗാനത്തെ ഇവിടെ പാടേ മാറ്റിനിര്‍ത്തുന്നില്ല. ഇതിലെവിടെയാണ് അവഹേളനം? ആണെന്ന് ഗവര്‍ണര്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ നിയമസഭയെ അവഹേളിച്ചും ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കാതെ ഇറങ്ങിപ്പോക്ക് നടത്തിയുമല്ല അതിനെതിരെ പ്രതികരിക്കേണ്ടത്. സര്‍ക്കാര്‍ നിലപാടിനോട് വിയോജിച്ച് പ്രതിപക്ഷ കക്ഷികള്‍ ചിലപ്പോള്‍ സഭയില്‍ നിന്നിറങ്ങിപ്പോകുകയും സഭ ബഹിഷ്‌കരിക്കുകയും ചെയ്യാറുണ്ട്. അത് രാഷ്ട്രീയ പ്രതിഷേധമാണ്. ജനങ്ങളുടെ പേരിലാണ് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ പ്രതിനിധികള്‍ പ്രതിഷേധിക്കുന്നത്. ഗവര്‍ണര്‍മാര്‍ ആര്‍ക്കുവേണ്ടിയാണ് പ്രതിഷേധിക്കുന്നത്?
കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെയും ഫെഡറലിസ്റ്റ് വിരുദ്ധ നടപടികളെയും വിമര്‍ശിക്കുന്ന ഭാഗവും നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ വൈകിപ്പിക്കുന്നുവെന്ന പരാമര്‍ശവുമാണ് കേരളത്തില്‍ വായനക്കിടെ ഗവര്‍ണര്‍ ഒഴിവാക്കിയത്. ഈ പരാമര്‍ശങ്ങളോട് അദ്ദേഹത്തിന് വിയോജിപ്പുണ്ടായേക്കാം. എങ്കിലും അത് വായിക്കാന്‍ ബാധ്യസ്ഥനാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട, ജനങ്ങള്‍ ഭരണത്തിനായി നിയോഗിച്ച സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റം വരുത്താനോ കൂട്ടിച്ചേര്‍ക്കാനോ കേന്ദ്രത്തിന്റെ ഔദാര്യത്തില്‍ നാമനിര്‍ദേശത്തിലൂടെ കടന്നുവന്ന ഗവര്‍ണര്‍ക്ക് അധികാരമില്ല.
ജനാധിപത്യത്തോടുള്ള അവഹേളനവും ഫെഡറലിസത്തോടുള്ള വെല്ലുവിളിയുമാണത്.
കേന്ദ്രത്തിന്റെ ഏജന്‍സിയല്ല, സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനാണ് ഗവര്‍ണര്‍. കേന്ദ്ര സര്‍ക്കാറിനെ പ്രീതിപ്പെടുത്താനായി സംസ്ഥാന സര്‍ക്കാറിന്റെ നയപരമായ വിയോജിപ്പുകളെ സെന്‍സര്‍ ചെയ്യുന്നത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. നയപ്രസംഗം ഗവര്‍ണറുടെ ബാധ്യതയാണെന്നും അതില്‍ മാറ്റം വരുത്താന്‍ പാടില്ലെന്നും ഷംഷേര്‍സിംഗ്/പഞ്ചാബ് സര്‍ക്കാര്‍ കേസ് (1974), ബി ബി സിംഗാള്‍/കേന്ദ്ര സര്‍ക്കാര്‍ കേസ്(2010), പഞ്ചാബ് ഗവര്‍ണര്‍/പഞ്ചാബ് സര്‍ക്കാര്‍ കേസ് തുടങ്ങി നിരവധി കേസുകളില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഗവര്‍ണര്‍ തന്റെ ഭരണഘടനാപരമായ എല്ലാ അധികാരങ്ങളും നിര്‍വഹിക്കേണ്ടത് മന്ത്രിസഭയുടെ സഹായത്തോടെയും ഉപദേശപ്രകാരവുമായിരിക്കണം. പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ യഥാര്‍ഥ അധികാരം ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറിനാണ്; ഗവര്‍ണര്‍ക്കല്ല എന്നായിരുന്നു പഞ്ചാബ് സബ് ജഡ്ജിയായിരുന്ന ഷംഷേര്‍സിംഗ്, സംസ്ഥാന സര്‍ക്കാറിനെതിരെ സമര്‍പ്പിച്ച കേസില്‍ ഏഴംഗ ഭരണഘടനാ ബഞ്ചിന്റെ പ്രഖ്യാപനം. ഗവര്‍ണര്‍മാര്‍ കേന്ദ്ര ഏജന്‍സികളല്ലെന്ന് ബി ബി സിംഗാള്‍ കേസിലും തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടവരല്ലെന്ന കാര്യം മറക്കരുതെന്ന് പഞ്ചാബ് ഗവര്‍ണര്‍ക്കെതിരായ കേസിലും സുപ്രീംകോടതി ഉണര്‍ത്തി.
ഭരണഘടനയുടെ കാവലാളെന്നാണ് ഗവര്‍ണര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഭരണഘടനാ നിലപാടുകളും ആചാരങ്ങളും കൃത്യമായി പാലിക്കുമ്പോഴാണ് അതിന്റെ കാവലാളുകളാകുന്നത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അനാദരിക്കുകയോ സഭാനടപടികളെ അലങ്കോലപ്പെടുത്തുകയോ ചെയ്യുന്നത് ഈ തത്ത്വത്തിന് കടകവിരുദ്ധമാണ്. ഗവര്‍ണര്‍ പദവി എടുത്തുകളയണമെന്ന ആവശ്യം ദേശീയതലത്തില്‍ സജീവമായതിന്റെ കാരണം, തങ്ങളുടെ പരിധിവിട്ട കളികളുടെയും കേന്ദ്ര സര്‍ക്കാറിന്റെ ചട്ടുകമായി മാറിയതിന്റെയും അനന്തര ഫലമാണെന്ന കാര്യം ഗവര്‍ണര്‍മാര്‍ ഓര്‍ത്തിരിക്കേണ്ടതാണ്.
കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമല്ല, ബി ജെ പി ഇതര പാര്‍ട്ടികളുടെ ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം സര്‍ക്കാര്‍- ഗവര്‍ണര്‍ സംഘര്‍ഷം പതിവു സംഭവമാണ്. സമാന്തര ഭരണ കേന്ദ്രങ്ങളായി മാറുകയാണ് രാജ്ഭവനുകള്‍. സര്‍ക്കാറിയ കമ്മീഷനും എം എം പൂഞ്ചിയ കമ്മീഷനും ഗവര്‍ണര്‍ പദവിയെക്കുറിച്ചും അവരുടെ പ്രവര്‍ത്തന പരിധിയെക്കുറിച്ചും വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. സജീവ രാഷ്ട്രീയക്കാരെയോ പക്ഷപാതപരമായി ചിന്തിക്കുന്നവരെയോ ഗവര്‍ണറായി നിയമിക്കരുതെന്നാണ് അവരുടെ ശിപാര്‍ശ. നിര്‍ഭാഗ്യവശാല്‍ ഇന്ന് ഗവര്‍ണറുടെ യോഗ്യത കേന്ദ്ര ഭരണ കക്ഷിയോടുള്ള വിധേയത്വമായി മാറിയിരിക്കുന്നു.


