Kerala
മണ്ഡല പുനർനിർണയം: കേന്ദ്ര നീക്കം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ളതതെന്ന് മുഖ്യമന്ത്രി
ജനസംഖ്യയുടെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ആധിപത്യം ലോക്സഭാ സീറ്റുകളാക്കി മാറ്റി അധികാരം ദീർഘകാലത്തേക്ക് ഉറപ്പിക്കാനുള്ള ശ്രമമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം | മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്തുന്ന നീക്കങ്ങൾ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കേന്ദ്ര നീക്കത്തിനെതിരെ രംഗത്തെത്തിയത്. സാധാരണ ഭരണപരിഷ്കാരം എന്നതിലുപരി, സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും സാരമായി ബാധിക്കുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ജനസംഖ്യയുടെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ആധിപത്യം ലോക്സഭാ സീറ്റുകളാക്കി മാറ്റി അധികാരം ദീർഘകാലത്തേക്ക് ഉറപ്പിക്കാനുള്ള ശ്രമമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനസംഖ്യാ നിയന്ത്രണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ മികച്ച രീതിയിൽ പ്രവർത്തിച്ച കേരളം പോലുള്ള സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന നടപടിയാണിത്. ജനസംഖ്യ നിയന്ത്രിച്ചവർക്ക് കുറഞ്ഞ പ്രാതിനിധ്യവും വിഹിതവും നൽകുന്നത് ന്യായമായ ഫെഡറൽ ക്രമമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീ സംവരണം പോലുള്ള സാമൂഹിക നീതിയുടെ വിഷയങ്ങളെ ഇതിന് മറയായി ഉപയോഗിക്കുന്നത് സ്വാർത്ഥ രാഷ്ട്രീയ ലാഭത്തിനാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ജനാധിപത്യം എന്നത് കേവലം സംഖ്യകളുടെ ഭൂരിപക്ഷം മാത്രമല്ലെന്നും അത് നീതിയുടെയും സമതുലിത പ്രതിനിധാനത്തിന്റെയും അടിസ്ഥാനത്തിലാണ് നിലനിൽക്കേണ്ടതെന്നും വ്യക്തമാക്കിയ അദ്ദേഹം, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു.
Summary
Kerala Chief Minister Pinarayi Vijayan has expressed strong concern over the central government’s hasty move regarding constituency delimitation. He stated that this process threatens the nation’s federal structure and unfairly penalizes states like Kerala that successfully implemented population control measures. The Chief Minister urged the center to withdraw from this undemocratic move that favors political dominance over regional justice.





