Connect with us

china taiwan tension

പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം

അന്താരാഷ്ട്ര മര്യാദക്കു നിരക്കാത്തതാണ് തായ്‌വാനു മേലുള്ള ചൈനയുടെ അധീശത്വ വാദമെങ്കിലും ഇതിനെ പ്രതിരോധിക്കാനുള്ള അമേരിക്കന്‍ നീക്കങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന അധീശത്വത്തിന്റെ ചരിത്രമാണ് അമേരിക്കക്ക് ഇതപര്യന്തമുള്ളത്.

Published

|

Last Updated

തായ്‌വാന്‍ – ചൈന ഭിന്നത ഒരു യുദ്ധത്തിലേക്ക് നീങ്ങുകയാണോ? അമേരിക്കന്‍ ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം സൃഷ്ടിച്ച പ്രതികരണങ്ങളാണ് സന്ദേഹത്തിനു കാരണം. നാന്‍സി സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയതിനു തൊട്ടു പിന്നാലെ തായ്‌വാന്റെ വ്യോമാതിര്‍ത്തി അതിക്രമിച്ച് രാജ്യത്തു വട്ടമിട്ടു പറക്കുകയാണ് ചൈനീസ് യുദ്ധവിമാനങ്ങള്‍. നാന്‍സി തായ്‌വാന്‍ സന്ദര്‍ശിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ചൈന നേരത്തേ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. തായ്‌വാന്‍ ദ്വീപിന് ചുറ്റും ജെറ്റുകളും യുദ്ധക്കപ്പലുകളും ടാങ്കുകളും ഉള്‍പ്പെടെ സൈനിക വിന്യാസം വര്‍ധിപ്പിച്ചിട്ടുമുണ്ട് ചൈന. പ്രദേശത്ത് സൈന്യം ശക്തിപ്രകടനം തുടങ്ങിയതായും റിപോര്‍ട്ടുണ്ട്. തായ്‌വാനില്‍ നിന്ന് ചില പഴങ്ങളും മത്സ്യങ്ങളും ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയും തായ്‌വാനിലേക്ക് മണല്‍ കയറ്റി അയക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയും നയതന്ത്ര യുദ്ധത്തിനും തുടക്കമിട്ടു കഴിഞ്ഞു ബീജിംഗ്. ചൈനയെ പ്രതിരോധിക്കാന്‍ തായ്‌വാനും സൈന്യത്തെ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. സൈനികോദ്യോഗസ്ഥരുടെ അവധി വെട്ടിച്ചുരുക്കി എത്രയും വേഗത്തില്‍ സൈന്യത്തോടൊപ്പം ചേരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് തായ്‌വാന്‍ സര്‍ക്കാര്‍. അതിനിടെ അമേരിക്ക വിമാനവാഹിനി അടക്കമുള്ള നാല് യുദ്ധക്കപ്പലുകളും വിന്യസിച്ചിരിക്കുകയാണ് തായ്‌വാന്‍ അതിര്‍ത്തിയില്‍.
തെക്കുകിഴക്കന്‍ ചൈനയുടെ തീരത്ത് നിന്ന് ഏകദേശം 100 മൈല്‍ അകലെ 13,855 ചതുരശ്ര മൈല്‍ വിസ്തൃതി വരുന്ന ഒരു ദ്വീപാണ് തായ്‌വാന്‍. രണ്ടരക്കോടി ജനങ്ങളുള്ള ഒരു ചെറിയ രാജ്യമെങ്കിലും പല വന്‍ രാജ്യങ്ങളേക്കാളും സാമ്പത്തിക പ്രാധാന്യമുണ്ട് തായ്‌വാന.് ഫോണുകള്‍, ലാപ്ടോപ്പുകള്‍, വാച്ചുകള്‍, ഗെയിം കണ്‍സോളുകള്‍ തുടങ്ങി ലോകത്തെ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് തായ്‌വാനില്‍ നിര്‍മിച്ച കമ്പ്യൂട്ടര്‍ ചിപ്പുകളിലാണ്.

അമേരിക്കയിലെ പല കമ്പനികള്‍ക്കും ചിപ്പുകള്‍ നിര്‍മിക്കുന്നത് തായ്‌വാനിലാണ്. വ്യാപാര മൂല്യത്തിന്റെ കാര്യത്തില്‍ അമേരിക്കയുടെ എട്ടാമത്തെ വലിയ പങ്കാളിയും അമേരിക്കന്‍ ആയുധ വ്യാപാരത്തിന്റെ നല്ലൊരു വിപണിയുമാണ് തായ്‌വാന്‍. ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാന സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന തായ്‌വാന് യുക്രൈനിനേക്കാള്‍ ശക്തമായൊരു സൈന്യവുമുണ്ട്.
ദശാബ്ദങ്ങളുടെ പഴക്കമുണ്ട് ചൈന-തായ്‌വാന്‍ തര്‍ക്കത്തിന്. നേരത്തേ ജപ്പാന്റെ അധിനിവേശ പ്രദേശമായിരുന്നു തായ്‌വാന്‍. രണ്ടാം ലോക യുദ്ധത്തില്‍ ജപ്പാന്‍ സഖ്യശക്തികള്‍ക്കു മുന്നില്‍ കീഴടങ്ങിയപ്പോള്‍ ചൈനയുടെ നിയന്ത്രണത്തിലായി. 1949 ഒക്ടോബര്‍ ഒന്നിന് വിപ്ലവം ജയിച്ച് മാവോ സേതൂംഗ് ജനകീയ ചൈനയെ റിപബ്ലക്കായി പ്രഖ്യാപിച്ചതോടെ അന്ന് പരാജിതനായ ചിയാംഗ് കയ് ഷെക് തന്റെ സൈന്യത്തോടൊപ്പം തായ്‌വാന്‍ ദ്വീപിലേക്കാണ് പലായനം ചെയ്തത്. തുടര്‍ന്ന് തായ്പെയ് തലസ്ഥാനമാക്കി ഭരണമാരംഭിച്ചു. തായ്‌വാനാണ് യഥാര്‍ഥ ചൈന റിപബ്ലിക് എന്ന് ചിയാംഗ് അവകാശപ്പെടുകയും കമ്മ്യൂണിസ്റ്റ് വിരുദ്ധരായ രാജ്യങ്ങള്‍ ഇത് അംഗീകരിക്കുകയും ചെയ്തു. റിപബ്ലിക് ഓഫ് ചൈന എന്ന പേരില്‍ തായ്‌വാന്‍ അറിയപ്പെടാന്‍ കാരണമിതാണ്. അതേസമയം തായ്‌വാനെ ഒരു പരമാധികാര രാഷ്ട്രമായി ചൈന അംഗീകരിക്കുന്നില്ല. തങ്ങളുടെ പ്രവിശ്യയാണ് തായ്‌വാനെന്നും തായ്‌വാന്റെ നയങ്ങളില്‍ ഇടപെടാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്നുമാണ് അവരുടെ നിലപാട്. ചൈനയുടെ ഈ അധീശത്വത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പെലോസിയുടെ സന്ദര്‍ശനത്തെ ബീജിംഗ് വിലയിരുത്തുന്നത്. ചൈനക്കും തായ്‌വാനും ഇടയില്‍ തല്‍സ്ഥിതി തുടരാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും പെലോസിയുടെ സന്ദര്‍ശനം അവരുടെ വ്യക്തിപരമായ തീരുമാനമാണന്നും വൈറ്റ് ഹൗസ് പറയുന്നുണ്ടെങ്കിലും ചൈന അത് വിശ്വസിക്കുന്നില്ല. ചൈനയുടെ മുന്നറിയിപ്പുകളെ മറികടന്നുള്ള അവരുടെ സന്ദര്‍ശനം തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന് സമാനമായാണ് ബീജിംഗ് കാണുന്നത്.

പെലോസി തായ്‌വാന്‍ പാര്‍ലിമെന്റില്‍ നടത്തിയ പ്രസംഗവും വാര്‍ത്താ സമ്മേളനവും ചൈനയെ പ്രകോപിപ്പിക്കാന്‍ പര്യാപ്തവുമാണ്. അഭിവൃദ്ധി പ്രാപിക്കുന്ന സ്വതന്ത്ര ജനാധിപത്യ രാജ്യമാണ് തായ്‌വാന്‍. പിന്തുണയുമായി തായ്‌വാനിലേക്ക് വരുന്നവരെ തടയാനാകില്ലെന്ന് ചൈനക്ക് ഇപ്പോള്‍ ബോധ്യമായിരിക്കണമെന്നായിരുന്നു അവരുടെ പ്രഖ്യാപനം. തായ്‌വാനുള്ള യു എസ് ഐക്യദാര്‍ഢ്യം നിലവില്‍ നിര്‍ണായകമാണെന്നും അതാണ് ഞങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന സന്ദേശമെന്നും പെലോസി കൂട്ടിച്ചേര്‍ത്തു. തായ്‌വാന്റെ മേലുള്ള ചൈനയുടെ അവകാശവാദത്തെ തീര്‍ത്തും നിരാകരിക്കുന്നതാണ് അവരുടെ പ്രസ്താവന. പിന്തുണക്ക് നന്ദി രേഖപ്പെടുത്തിയ തായ്‌വാന്‍ പ്രസിഡന്റ് സായ് ഇംഗ് വെന്‍ ഉന്നത പൗര ബഹുമതി നല്‍കിയാണ് പെലോസിയെ ആദരിച്ചത്.

അന്താരാഷ്ട്ര മര്യാദക്കു നിരക്കാത്തതാണ് തായ്‌വാനു മേലുള്ള ചൈനയുടെ അധീശത്വ വാദമെങ്കിലും ഇതിനെ പ്രതിരോധിക്കാനുള്ള അമേരിക്കന്‍ നീക്കങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും തങ്ങളുടെ താത്പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്ത സര്‍ക്കാറുകളെ അട്ടിമറിക്കുകയും ചെയ്ത അധീശത്വത്തിന്റെ ചരിത്രമാണ് അമേരിക്കക്ക് ഇതപര്യന്തമുള്ളത്. വിയറ്റ്‌നാം, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങി അമേരിക്കയുടെ സാമ്രാജ്യത്വ താത്പര്യങ്ങള്‍ക്ക് വിധേയമായ രാജ്യങ്ങള്‍ നിരവധിയാണ്. തായ്‌വാനിലെ അമേരിക്കല്‍ ഇടപെടലിനു പിന്നിലും ആ രാജ്യത്തിന്റെ പരമാധികാരത്തോടും സ്വാതന്ത്ര്യ ബോധത്തോടുമുള്ള പ്രതിബദ്ധതയല്ല, തങ്ങളുടെ വ്യാപാര സാമ്പത്തിക താത്പര്യവും ചൈനയോടുള്ള രാഷ്ട്രീയ ശത്രുതയുമാണെന്നു വ്യക്തം. നാന്‍സിയുടെ സന്ദര്‍ശനം തങ്ങള്‍ക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന അഭിപ്രായക്കാരാണ് തായ്‌വാന്‍ ജനതയില്‍ ഭൂരിഭാഗവുമെന്നാണ് റിപോര്‍ട്ട്. രാജ്യത്തിനു മേല്‍ ചൈന കൂടുതല്‍ പിടിമുറുക്കാന്‍ ഇതവസരമൊരുക്കും. കാര്യങ്ങള്‍ ഒരു യുദ്ധത്തിലേക്ക് നീങ്ങുകയാണെങ്കില്‍ രാജ്യത്തിന്റെ വളര്‍ച്ചയെ അത് തകിടം മറിക്കുകയും ചെയ്യും.

Latest