Kerala
വിനോദയാത്രക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കർണാടകയിലെ ചിക്മഗളൂരുവിൽ കാണാതായി
കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ ഏകദേശം 40 പേരടങ്ങുന്ന സംഘമാണ് വിനോദയാത്രയ്ക്കായി ചിക്മഗളൂരുവിൽ എത്തിയത്.
ചിക്മഗളൂരു | പലാക്കാട് കടമ്പഴിപ്പുറം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കർണാടകയിലെ ചിക്മഗളൂരുവിൽ കാണാതായി. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം വിനോദയാത്രയ്ക്ക് എത്തിയ ശ്രീനന്ദയെയാണ് ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നും കാണാതായത്. കടമ്പഴിപ്പുറം സ്വദേശികളായ രമേശിന്റെയും രോഹിണിയുടെയും മകളാണ് സ്രീനന്ദ. കടമ്പഴിപ്പുറം യു പി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ ഏകദേശം 40 പേരടങ്ങുന്ന സംഘമാണ് വിനോദയാത്രയ്ക്കായി ചിക്മഗളൂരുവിൽ എത്തിയത്. സംഭവസമയത്ത് മറ്റ് രണ്ട് കുട്ടികൾക്കൊപ്പം ഫോട്ടോ എടുക്കുകയായിരുന്നു ശ്രീനന്ദ. ഒരു കുടുംബ ചിത്രം എടുത്ത ശേഷം താഴേക്ക് ഇറങ്ങുന്നതിനിടെ മിനിറ്റുകൾക്കുള്ളിലാണ് കുട്ടിയെ കാണാതായത്. ഏകദേശം പത്ത് മിനിറ്റിനുള്ളിൽ തന്നെ കുട്ടി കൂടെയില്ലെന്ന വിവരം കുടുംബം തിരിച്ചറിയുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
കർണാടക പോലീസും ഫയർ ഫോഴ്സും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. കുട്ടി താഴേക്ക് വീഴാൻ സാധ്യതയുള്ള താഴ്വരകളും പരിസര പ്രദേശങ്ങളും ഡ്രോൺ ഉപയോഗിച്ചും പരിശോധിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല. നിലവിൽ അപായമൊന്നും കണ്ടെത്താത്ത സാഹചര്യത്തിൽ കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയവും ഉയരുന്നുണ്ട്. പ്രദേശത്തെ പോലീസ് ചെക്ക് പോസ്റ്റുകളിലെ സി സി ടി വി ദൃശ്യങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഘം ഹമ്പിയിലേക്ക് യാത്ര തിരിച്ചത്. രണ്ട് ദിവസം അവിടെ ചിലവഴിച്ച ശേഷം ചൊവ്വാഴ്ച രാവിലെയാണ് ഇവർ ചിക്മഗളൂരുവിൽ എത്തിയത്. അഞ്ച് ജീപ്പുകളിലായാണ് സംഘം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോയത്. പലാക്കാട് നിന്നുള്ള പോലീസ് സംഘവും നിലവിൽ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
കുട്ടിയുടെ പിതാവ് രമേശ് കടമ്പഴിപ്പുറത്ത് സ്റ്റീൽ ഡോർ ബിസിനസ് നടത്തുകയാണ്. മാതാവ് രോഹിണി അക്കൗണ്ടന്റായി ജോലി ചെയ്യുന്നു.
Summary
A 10th-grade student named Sreenanda from Kadambazhipuram, Palakkad, went missing during a family trip to Chikkamagaluru. She disappeared near the Manikyadhara waterfalls on Tuesday evening while taking photographs with friends. Despite extensive searches using drone cameras and dog squads by the local police and fire force, no leads have been found yet.



