Educational News
ആറാം ക്ലാസ്സിൽ മൂന്നാം ഭാഷ നിർബന്ധമാക്കി സി ബി എസ് ഇ; ഏഴ് ദിവസത്തിനകം നടപ്പിലാക്കാൻ നിർദ്ദേശം
മൂന്നാം ഭാഷാ പഠനത്തിനായി ഔദ്യോഗിക പാഠപുസ്തകങ്ങൾ നിലവിൽ ലഭ്യമായിട്ടില്ലെങ്കിലും പ്രാദേശികമായി ലഭ്യമായ പുസ്തകങ്ങളോ മറ്റ് പഠന സാമഗ്രികളോ ഉപയോഗിച്ച് ക്ലാസ്സുകൾ ഉടൻ ആരംഭിക്കാനാണ് സ്കൂളുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ന്യൂഡൽഹി | രാജ്യത്തെ സി ബി എസ് ഇ സ്കൂളുകളിൽ ആറാം ക്ലാസ്സ് മുതൽ മൂന്നാം ഭാഷ പഠിപ്പിക്കുന്നത് നിർബന്ധമാക്കി സി ബി എസ് ഇ ഉത്തരവിറക്കി. 2026-27 അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കാനാണ് നിർദ്ദേശം. ഏപ്രിൽ ഒമ്പതിന് പുറത്തിറക്കിയ ഔദ്യോഗിക സർക്കുലർ പ്രകാരം, ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനകം എല്ലാ സ്കൂളുകളും ഇത് സംബന്ധിച്ച നടപടികൾ സ്വീകരിക്കണം.
നിലവിൽ പല സ്കൂളുകളും മൂന്നാം ഭാഷാ പഠനം ആരംഭിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ള എല്ലാ സ്കൂളുകളും നിശ്ചിത സമയത്തിനകം തന്നെ ഇത് നടപ്പിലാക്കണമെന്ന് ബോർഡ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്നാം ഭാഷാ പഠനത്തിനായി ഔദ്യോഗിക പാഠപുസ്തകങ്ങൾ നിലവിൽ ലഭ്യമായിട്ടില്ലെങ്കിലും പ്രാദേശികമായി ലഭ്യമായ പുസ്തകങ്ങളോ മറ്റ് പഠന സാമഗ്രികളോ ഉപയോഗിച്ച് ക്ലാസ്സുകൾ ഉടൻ ആരംഭിക്കാനാണ് സ്കൂളുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക പാഠപുസ്തകങ്ങൾ ഉടൻ തന്നെ ലഭ്യമാക്കുമെന്നും ബോർഡ് അറിയിച്ചു.
സ്കൂളുകൾ തിരഞ്ഞെടുക്കുന്ന മൂന്നാം ഭാഷ ഏതാണെന്ന് ഔദ്യോഗികമായി അറിയിക്കുകയും ഒ എ എസ് ഐ എസ് പോർട്ടലിൽ അത് അപ്‌ഡേറ്റ് ചെയ്യുകയും വേണം. റീജിയണൽ ഓഫീസുകൾ വഴിയായിരിക്കും ഇതിന്റെ പുരോഗതി ബോർഡ് നിരീക്ഷിക്കുക. ആറാം ക്ലാസ്സിൽ പഠിപ്പിച്ചു തുടങ്ങുന്ന ഭാഷകൾ മാത്രമേ ഭാവിയിൽ ഒമ്പത്, പത്ത് ക്ലാസ്സുകളിൽ ഓപ്ഷണൽ വിഷയങ്ങളായി തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ എന്ന കാര്യവും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2023 (എൻ സി എഫ് എസ് ഇ 2023) ശുപാർശ ചെയ്ത മുന്ന് ഭാഷാ നയം (ആർ 1, ആർ 2, ആർ 3) നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഈ നയം അനുസരിച്ച് വിദ്യാർത്ഥികൾ മൂന്ന് ഭാഷകൾ പഠിക്കേണ്ടതുണ്ട്. അതിൽ പ്രാദേശിക ഭാഷ അല്ലെങ്കിൽ മാതൃഭാഷ (ആർ 1), മറ്റൊരു ഇന്ത്യൻ ഭാഷ അല്ലെങ്കിൽ ഇംഗ്ലീഷ് (ആർ 2), കൂടാതെ മൂന്നാമതൊരു ഇന്ത്യൻ ഭാഷ (ആർ 3) എന്നിവ ഉൾപ്പെടുന്നു. വിദ്യാർത്ഥികളിൽ ഭാഷാപരമായ പ്രാവീണ്യവും സാംസ്കാരിക അവബോധവും ദേശീയ ഒരുമയും വളർത്തുകയാണ് ഇതിലൂടെ സി ബി എസ് ഇ ലക്ഷ്യമിടുന്നത്.
Summary
The CBSE has issued an urgent directive making a third language mandatory for Class 6 starting from the 2026-27 academic session. Schools are required to comply within seven days and begin teaching using locally available materials until official textbooks are released. This move aligns with the National Curriculum Framework 2023 to promote linguistic proficiency and national integration.



