National
ഇൻസ്റ്റഗ്രാമിൽ 15 ലക്ഷം ആരാധകർ, ആഡംബര ജീവിതം; ഇന്ത്യയിലെ കൊടുംക്രിമിനൽ ഒടുവിൽ ദുബൈയിൽ പിടിയിൽ
ഗുണ്ടാ നേതാവ് റാവു ഇന്ദർജീത് യാദവ് ആണ് പിടിയിലായത്; ഇയാളെ ഉടൻ ഇന്ത്യയിലെത്തിക്കും
ന്യൂഡൽഹി | ഹരിയാനയിലെ റോഹ്തക്കിൽ 2024 ൽ വ്യവസായിയെ കൊലപ്പെടുത്തിയ കേസിനുപിന്നാലെ രാജ്യം വിട്ട ഗുണ്ടാ നേതാവ് റാവു ഇന്ദർജീത് യാദവ് ദുബായിൽ പിടിയിലായി. ദുബായ് അധികൃതർ ഇയാളെ അറസ്റ്റ് ചെയ്തതായും ഉടൻ തന്നെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. ഇയാൾക്കെതിരെയുള്ള രേഖകൾ ദുബായ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുണ്ടാ പ്രവർത്തനങ്ങൾക്ക് പുറമെ സോഷ്യൽ മീഡിയയിലെ വലിയ സാന്നിധ്യം കൂടിയാണ് യാദവ്. ഇൻസ്റ്റഗ്രാമിൽ 15 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇയാൾ ബോളിവുഡ് താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ സ്ഥിരമായി പങ്കുവെക്കാറുണ്ട്. ജെം റെക്കോർഡ്സ് എൻ്റർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡ് (ജെംസ് ട്യൂൺസ്) എന്ന മ്യൂസിക് കമ്പനിയുടെ ഉടമയായ ഇയാൾ ഹരിയാനവി, പഞ്ചാബി, ഹിന്ദി ഗാനങ്ങളുടെ നിർമ്മാണവും വിതരണവും നടത്തിവരികയായിരുന്നു.
ഹരിയാന, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലായി 15 ലധികം കേസുകൾ ഇയാൾക്കെതിരെയുണ്ട്. കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടൽ, വൻകിട പണമിടപാടുകാരുടെ വായ്പകൾ ബലമായി തീർപ്പാക്കൽ, അനധികൃത ഭൂമി കൈയേറ്റം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഒരു വ്യവസായി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇ ഡി (എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്) ഇയാൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു. ഡൽഹിയിലും ഗുരുഗ്രാമിലുമായി നടത്തിയ റെയ്ഡിൽ അഞ്ച് ആഡംബര കാറുകൾ, 17 ലക്ഷം രൂപ, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തിരുന്നു.
കമ്പനികൾക്കും സ്വകാര്യ പണമിടപാടുകാർക്കും ഇടയിൽ വായ്പകൾ തീർപ്പാക്കുന്നതിനായി ഇയാൾ ഒരു പ്രത്യേക വെബ്സൈറ്റ് പോർട്ടൽ തന്നെ വികസിപ്പിച്ചതായും അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. ഗായകൻ രാഹുൽ ഫാസിൽപുരിയയുടെ വീടിന് നേരെ വെടിവെച്ച കേസിലും യൂട്യൂബർ എൽവിഷ് യാദവിൻ്റെ വീടിന് നേരെയുണ്ടായ വെടിവെപ്പിലും റാവു ഇന്ദർജീത് യാദവിൻ്റെ പേര് പരാമർശിക്കപ്പെട്ടിരുന്നു. എന്നാൽ താൻ ഒരു ഗുണ്ടാ തലവനല്ലെന്നും ഗൂഢാലോചനയുടെ ഇരയാണെന്നുമാണ് ദുബായിൽ വെച്ച് എൻ ഡി ടി വി യ്ക്ക് നൽകിയ പ്രതികരണത്തിൽ ഇയാൾ അവകാശപ്പെട്ടത്.
Summary
Indian gangster Rao Inderjeet Yadav, who has over 1.5 million followers on Instagram, was arrested by authorities in Dubai. He is wanted in India for more than 15 criminal cases, including murder, extortion, and money laundering. Following the murder of a businessman in 2024, he fled to the Middle East, and he is now expected to be extradited to India shortly.



