International
അതിർത്തിയിൽ സംഘർഷ സാധ്യത നിലനിൽക്കെ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാകിസ്ഥാൻ
450 കിലോമീറ്റർ ദൂരപരിധിയുള്ള ഉപരിതല-ഉപരിതല ബാലിസ്റ്റിക് മിസൈലായ അബ്ദാലിയാണ് പാകിസ്ഥാൻ പരീക്ഷിച്ചത്.

ഇസ്ലാമാബാദ് | പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനിടെ, ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാക്കിസ്ഥാൻ. 450 കിലോമീറ്റർ ദൂരപരിധിയുള്ള ഉപരിതല-ഉപരിതല ബാലിസ്റ്റിക് മിസൈലായ അബ്ദാലിയാണ് പാകിസ്ഥാൻ പരീക്ഷിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് സീ ന്യൂസ് ടിവി റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 22 ന് 26 പേർ കൊല്ലപ്പെടാൻ ഇടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും (എൽഒസി) അന്താരാഷ്ട്ര അതിർത്തിയിലും വെടിവയ്പ്പ് സംഭവങ്ങൾ ദിനംപ്രതി വർധിച്ചു വരുന്നതിനിടെയാണ് പാക്കിസ്ഥാന്റെ മിസൈൽ പരീക്ഷണം.
ഭീകരാക്രമണത്തെത്തുടർന്ന് സിന്ധു നദീജല കരാർ റദ്ദാക്കിയത് ഉൾപ്പെടെ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികൾക്ക് മറുപടിയായി പാകിസ്ഥാൻ മിസൈൽ പരീക്ഷണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച് നിരവധി നോടാമുകൾ (NOTAMs – നോട്ടീസസ് ടു എയർമെൻ) പാക്കിസ്ഥാൻ പുറപ്പെടുവിച്ചിരുന്നു. ഇത് ശക്തിപ്രകടനത്തിൻ്റെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, ഏപ്രിൽ 23 ന് രാത്രി പാകിസ്ഥാൻ ആദ്യത്തെ നോടാം പുറപ്പെടുവിച്ചു. 24 മണിക്കൂറിനുള്ളിൽ മിസൈൽ പരീക്ഷണം നടത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ അന്ന് ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നിരീക്ഷിക്കപ്പെട്ടില്ല. അതിനുശേഷം ഏപ്രിൽ 26-27 തീയതികളിൽ കറാച്ചി തീരത്ത് പാകിസ്ഥാൻ നാവികസേനയുടെ കപ്പലുകൾ വെടിവയ്പ്പ് നടത്തുമെന്ന അറിയിപ്പ് വന്നു. എന്നാൽ അന്നും പ്രത്യേകിച്ച് ഒന്നും നടന്നില്ല. രണ്ട് തവണത്തെ ശ്രമങ്ങൾ പരാജയപ്പെട്ടതിന് ശേഷം, ഏപ്രിൽ 30 മുതൽ മെയ് 2 വരെ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് സമീപം വെടിവയ്പ്പ് നടത്താൻ പാകിസ്ഥാൻ മൂന്നാമതും ശ്രമം നടത്തി. എന്നാൽ ഇത്തവണയും വെടിവയ്പ്പ് നടന്നില്ല.