Connect with us

vd satheesan

എ ഐ സി സി വക്താവ് ഷമ മുഹമ്മദ് പാവം കുട്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

പാര്‍ട്ടി വക്താവെന്ന തിരിച്ചറിയല്‍ കാര്‍ഡ് പങ്കുവച്ച് ഷമ മുഹമ്മദ്

Published

|

Last Updated

തിരുവനന്തപുരം | എ ഐ സി സി വക്താവ് ഷമ മുഹമ്മദ് പാവം കുട്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഷമ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ല എന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് സതീശന്റെ പ്രതികരണം.

ഷമ താനുമായി സംസാരിച്ചുവെന്നും കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉറച്ചു നില്‍ക്കുമെന്ന് പറഞ്ഞതായും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് പട്ടികയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്നു ഷമ പറഞ്ഞത് സത്യമാണ്. വനിതകളെ വേണ്ട വിധത്തില്‍ പരിഗണിക്കാന്‍ കഴിഞ്ഞിട്ടില്ല. സിറ്റിംഗ് എംപിമാരെ മത്സരിപ്പിച്ചപ്പോള്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞു. ഷമ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ല എന്ന അര്‍ഥത്തിലല്ല കെ സുധാകരന്‍ പറഞ്ഞതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഇതിനിടെ, ഷമ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ലെന്നുള്ള കെ സുധാകരന്റെ പരാമര്‍ശനത്തിനെതിരെ പാര്‍ട്ടി വക്താവ് എന്ന തന്റെ തിരിച്ചറിയല്‍ കാര്‍ഡ് പങ്കുവെച്ച് ഷമ രംഗത്തെത്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വക്താക്കളുടെ പട്ടികയിലെ തന്റെ ചിത്രം സഹിതമുള്ള വിവരണമാണ് ഷമാ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

രാഹുല്‍ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കില്‍ രമ്യാ ഹരിദാസിനെയും തഴഞ്ഞേനെയെന്നും ഷമ മുഹമ്മദ് വിമര്‍ശിച്ചു.പാര്‍ട്ടി പരിപാടികളില്‍ സ്റ്റേജില്‍ പോലും സ്ത്രീകളെ ഇരുത്തുന്നില്ല. സ്ത്രീകള്‍ക്ക് എപ്പോഴും നല്‍കുന്നത് തോല്‍ക്കുന്ന സീറ്റാണ്. വടകരയില്‍ തന്നെ പരിഗണിക്കാമായിരുന്നുവെന്നും ഷമ പറഞ്ഞിരുന്നു. മലബാറിലും ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ ഉണ്ടായിരുന്നു. വടകരയില്‍ ഷാഫിയെ കൊണ്ടുവന്നാല്‍ പാലക്കാട് പരിക്ക് പറ്റുമെന്നും ഷമ മുഹമ്മദ് പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് കെ സുധാകരന്‍ രംഗത്തെത്തിയത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ താന്‍ ചുമതല ഏറ്റെടുത്ത് പോകുമെന്നും വി ഡി സതീശന്‍ പറഞ്ഞു. നേരത്തെ തന്നെ തനിക്ക് പാര്‍ട്ടി ചുമതല നല്‍കി. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിന്റെ മൂന്നിരട്ടി ഭൂരിപക്ഷത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ജയിക്കും. പര്‍ത്മജ വേണുഗോപാല്‍ നടത്തിയ ആരോപണങ്ങളെയും വി ഡി സതീശന്‍ തള്ളി. പത്മജ ഉന്നയിച്ച പണമിടപാട് ആരോപണം വ്യാജ പരാതിയാണെന്നും അങ്ങനെയൊരു പരാതി ആര്‍ക്കും കിട്ടിയിട്ടില്ലെന്നും മൂന്നു വര്‍ഷം കഴിയുമ്പോള്‍ എങ്ങനെയാണ് ആരോണവുമായി വരുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.

കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ ബി ജെ പി രണ്ടാം സ്ഥാനത്ത് എത്തും എന്നാണ് ഇ പി ജയരാജന്‍ പറഞ്ഞത്. ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനറോ അതോ എന്‍ ഡി എ ചെയര്‍മാന്‍ ആണോയെന്നും വി ഡി സതീശന്‍ ചോദിച്ചു.

 

Latest