Connect with us

Kerala

ഓപ്പറഷന്‍ സുതാര്യത: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

ഗൂഗിള്‍പേ വഴിയും, നേരിട്ടും തുകകള്‍ വാങ്ങി വരുന്നു; സേവനാവകാശ നിയമപ്രകാരം അപേക്ഷകര്‍ക്ക് സേവനം അവഗണിക്കുന്നു

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാനത്തെ തിരഞ്ഞെടുത്ത 88 വില്ലേജ് ഓഫീസുകളില്‍ ‘ഓപ്പറേഷന്‍ സുതാര്യത’ എന്ന പേരില്‍ കഴിഞ്ഞ രണ്ട് ദിവസമായി വിജിലന്‍സ് നടത്തി വരുന്ന മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. സേവന അവകാശ നിയമം-2012 പ്രകാരം അപേക്ഷകര്‍ക്ക് സമയ പരിധിക്കുള്ളില്‍ ലഭിക്കേണ്ട സേവനങ്ങള്‍ ഒട്ടുമിക്ക അപേക്ഷകര്‍ക്കും വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്നില്ലയെന്ന് വിജിലന്‍സ് കണ്ടെത്തി.

അപേക്ഷ സമര്‍പ്പിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത നിലയില്‍ തിരുവനന്തപുരം ജില്ലയില്‍ 437 അപേക്ഷകളും, കോട്ടയം ജില്ലയില്‍ 365 അപേക്ഷകളും, എറണാകുളം ജില്ലയില്‍ 270 അപേക്ഷകളും, പാലക്കാട് ജില്ലയില്‍ 221 അപേക്ഷകളും, ഇടുക്കി ജില്ലയില്‍ 176 അപേക്ഷകളും, തൃശ്ശൂര്‍ ജില്ലയില്‍ 144 അപേക്ഷകളും, കോഴിക്കോട് ജില്ലയില്‍ 122 അപേക്ഷകളും, മലപ്പുറം ജില്ലയില്‍ 105 അപേക്ഷകളും, കൊല്ലം ജില്ലയില്‍ 102 അപേക്ഷകളും, ആലപ്പുഴ ജില്ലയില്‍ 10 അപേക്ഷകളും വിജിലന്‍സ് കണ്ടെത്തി.

സ്ഥല പരിശോധന ആവശ്യമുണ്ടെന്ന പേരില്‍ ആലപ്പുഴ ജില്ലയില്‍ 797 അപേക്ഷകളും, പാലക്കാട് ജില്ലയില്‍ 500 അപേക്ഷകളും, കോട്ടയം ജില്ലയില്‍ 416 അപേക്ഷകളും, മലപ്പുറം ജില്ലയില്‍ 304 അപേക്ഷകളും, കോഴിക്കോട് ജില്ലയില്‍ 289 അപേക്ഷകളും, തിരുവനന്തപുരം ജില്ലയില്‍ 284 അപേക്ഷകളും, എറണാകുളം ജില്ലയില്‍ 197 അപേക്ഷകളും, തൃശ്ശൂര്‍ ജില്ലയില്‍ 187 അപേക്ഷകളും, ഇടുക്കി ജില്ലയില്‍ 132 അപേക്ഷകളും, കൊല്ലം ജില്ലയില്‍ 84 അപേക്ഷകളും, പത്തനംതിട്ട ജില്ലയില്‍ 39 അപേക്ഷകളും വിവിധ വില്ലേജ് ഓഫീസുകളില്‍ നടപടിയെടുക്കാതെ മാറ്റിവച്ചിട്ടുള്ളതായി കണ്ടെത്തി.

ചില വില്ലേജ് ഓഫീസുകളില്‍ സീനിയോറിറ്റി പ്രകാരമല്ലാതെ അപേക്ഷകളില്‍ നടപടികള്‍ സ്വീകരിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി. ഇപ്രകാരം പാലക്കാട് ജില്ലയില്‍ 288ഉം, കോട്ടയം ജില്ലയില്‍ 109ഉം, തൃശ്ശൂര്‍ ജില്ലയില്‍ 55ഉം, ആലപ്പുഴ ജില്ലയില്‍ 8 –ഉം അപേക്ഷകളില്‍ നടപടി സ്വീകരിച്ചിട്ടുള്ളതായി വിജിലന്‍സ് കണ്ടെത്തി.

ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് വില്ലേജ് ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതിനോടകം ലഭിച്ച് 1048 അപേക്ഷകളില്‍ 703 അപേക്ഷകളിലും നടപടിയെടുത്തിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, കരകുളം വില്ലേജ് ഓഫീസുകളിലും പത്തനംതിട്ട ജില്ലയിലെ കൂടല്‍ വില്ലേജ് ഓഫീസിലും, കോട്ടയം ജില്ലയിലെ വെളിയമറ്റം, കുറിച്ചി, അയര്‍ക്കുന്നം, പെരുമ്പായിക്കാട് എന്നീ വില്ലേജ് ഓഫീസുകളിലും ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ വില്ലേജ് ഓഫീസിലും, ഇടുക്കി ജില്ലയിലെ കട്ടപ്പന, വണ്ണപ്പുറം, മഞ്ഞുമല, കാരിക്കോട് എന്നീ വില്ലേജ് ഓഫീസുകളിലും മലപ്പുറം ജില്ലയിലെ ഇടയൂര്‍ വില്ലേജ് ഓഫീസിലും വയനാട് ജില്ലയിലെ മാനന്തവാടി, അമ്പലവയല്‍, സുല്‍ത്താന്‍ ബത്തേരി എന്നീ വില്ലേജ് ഓഫീസുകളിലും കണ്ണൂര്‍ ജില്ലയിലെ മാടായി, ആറളം വില്ലേജ് ഓഫീസുകളിലും നേരിട്ട് ലഭിക്കുന്ന അപേക്ഷകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താറില്ല.

എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ വില്ലേജ് ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ സ്ഥലപരിശോധനയ്ക്കായി എത്തിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും, കോട്ടയം ജില്ലയിലെ പെരുമ്പായിക്കാട് വില്ലേജ് ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മറ്റൊരു വില്ലേജ് അസിസ്റ്റന്റും മതിയായ കാരണമില്ലാതെ അപേക്ഷകള്‍ മാറ്റി വയ്ക്കുന്നതായും തുടര്‍ന്ന് അപേക്ഷകരെ വില്ലേജ് ഓഫീസില്‍ വരുത്തിയ ശേഷം ഗൂഗിള്‍പേ വഴിയും, നേരിട്ടും തുകകള്‍ വാങ്ങി വരുന്നതായും വിജിലന്‍സ് കണ്ടെത്തി.

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ വില്ലേജ് ഓഫീസിലും, ഇടുക്കി ജില്ലയിലെ വണ്ണപ്പുറം, മഞ്ഞുമല, തങ്കമണി, കാരിക്കോട് എന്നീ വില്ലേജ് ഓഫീസുകളിലും, തൃശ്ശൂര്‍ ജില്ലയിലെ അഞ്ചൂര്‍ വില്ലേജ് ഓഫീസിലും, കോഴിക്കോട് ജില്ലയിലെ വെളിയമറ്റം വില്ലേജ് ഓഫീസിലും, മലപ്പുറം ജില്ലയിലെ ചേലമ്പ്ര വില്ലേജ് ഓഫീസിലും ട്രഷറിയില്‍ അടക്കാനുള്ള പണം കൃത്യമായി അടക്കുന്നില്ല എന്ന് കണ്ടെത്തി.

തിരുവനന്തപുരം ജില്ലയിലെ 13 വില്ലേജ് ഓഫീസുകളിലും കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട് , തൃശ്ശൂര്‍ എന്നീ ജില്ലകളിലെ 7 വീതം വില്ലേജ് ഓഫീസുകളിലും ഇടുക്കി, കോഴിക്കോട്, മലപ്പുറം , കണ്ണൂര്‍ എന്നീ ജില്ലകളില്‍ 6 വീതം വില്ലേജ് ഓഫീസുകളിലും പത്തനംതിട്ട ജില്ലയിലെ 5 വില്ലേജ് ഓഫീസുകളിലും ആലപ്പുഴ, വയനാട് ജില്ലകളില്‍ 4 വീതം വില്ലേജ് ഓഫീസുകളിലും കാസര്‍കോഡ് ജില്ലയിലെ 3 വില്ലേജ് ഓഫീസുകളിലും ഉള്‍പ്പെടെ ആകെ 88 വില്ലേജ് ഓഫീസുകളിലുമാണ് മിന്നല്‍ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ തുടരുമെന്നും, ഇപ്പോള്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ്കുമാര്‍ അറിയിച്ചു.

പോലീസ് സൂപ്രണ്ട് റെജി ജേക്കബ് , ഇന്റലിജന്‍സ് വിഭാഗം പോലീസ് സൂപ്രണ്ട് ഇ എസ് ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും പങ്കെടുത്ത മിന്നല്‍ പരിശോധന നടന്നത്. ഇ ഡിസ്ട്രിക്ട് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ചില ഉദ്ദ്യോഗസ്ഥരുടെ നിസ്സഹകരണം കാരണം പൊതുജനങ്ങള്‍ക്ക് വേണ്ട വിധത്തില്‍ ഉപകാരപ്പെടുന്നില്ലായെന്ന് വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ടി കെ വിനോദ് കുമാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Latest