National
തമിഴ് സിനിമാ നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണന്‍ കൊടൈക്കനാലിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍
വിഷ്ണുപ്രിയയ്ക്ക് അടുപ്പമുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ പ്രഭാകരന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമെന്ന് സംശയം
ചെന്നൈ | തമിഴ് സിനിമാ നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണനെ (73) കൊടൈക്കനാലിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കസേരയില്‍ കൈകള്‍ കെട്ടി വായില്‍ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം. കൃത്യമായ ആസൂത്രണത്തോടെ നടന്ന പ്രതികാര കൊലയാണോ എന്ന സംശയത്തിലാണ് പോലീസ്.
കുറിഞ്ചി ആണ്ടവര്‍ ക്ഷേത്രത്തിന് സമീപമുള്ള ബംഗ്ലാവിലാണ് സൂര്യനാരായണന്റെ മൃതദേഹം കണ്ടെത്തിയത്. ബംഗ്ലാവിലെ ചില മുറികള്‍ വിനോദസഞ്ചാരികള്‍ക്ക് താമസിക്കാനായി നല്‍കിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസം ഇവിടെ വാടകയ്ക്ക് താമസിച്ച അഞ്ച് യുവാക്കള്‍ ആണ് കൊലപാതകത്തിന് പിന്നിലെന്ന സംശയത്തിലാണ് പോലീസ്. സ്വര്‍ണാഭരണങ്ങളും സി സി ടി വിയുടെ ഹാര്‍ഡ് ഡിസ്‌കും മോഷണം പോയ നിലയിലാണ്. ബംഗ്ലാവിലെ ജീവനക്കാരായ അറുമുഖം, മുരളി എന്നിവരെ കയര്‍ ഉപയോഗിച്ച് കെട്ടിയിട്ട ശേഷമായിരുന്നു കൊലപാതകം. ഇരുവരെയും പോലീസ് ചോദ്യം ചെയ്തു.
വിഷ്ണുപ്രിയയ്ക്ക് അടുപ്പമുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ പ്രഭാകരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 2018ല്‍ സൂര്യനാരായണന്‍ അറസ്റ്റിലായിരുന്നു. കഴുത്തറത്ത നിലയില്‍ കൊടൈക്കനാലിലെ വനപ്രദേശത്താണ് പ്രഭാകരന്റെ മൃതദേഹം കണ്ടെത്തിയത്. റോഡരികില്‍ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ശ്രദ്ധിച്ച നാട്ടുകാരാണ് പോലീസില്‍ വിവരിമറിയിച്ചത്. വാടക കൊലയാളികള്‍ പ്രഭാകരനെ കൊലപ്പെടുത്തിയത് സൂര്യനാരായണന്റെ നിര്‍ദേശ പ്രകാരമായിരുന്നു എന്നായിരുന്നു പോലീസ് കണ്ടെത്തല്‍. വിവാഹിതയായ വിഷ്ണുപ്രിയ പ്രഭാകരനുമായി അടുത്തതാണ് സൂര്യനാരായണനെ പ്രകോപിപ്പിച്ചതെന്നും പോലീസ് കണ്ടെത്തി.
മാനസിക പ്രശ്നങ്ങളുണ്ടായിരുന്ന വിഷ്ണുപ്രിയയുടെ ഭര്‍ത്താവ് ആ സമയത്ത് കൊടൈക്കനാലില്‍ ചികിത്സയിലായിരുന്നു. സൂര്യനാരായണന്റെ ബംഗ്ലാവിലേക്ക് ഭര്‍ത്താവിന്റെ ചികിത്സാ ആവശ്യങ്ങള്‍ക്കായി വിഷ്ണുപ്രിയ വരാറുണ്ടായിരുന്നു. വിഷ്ണുപ്രിയയെ വിമാനത്താവളത്തില്‍ നിന്നും കൊടൈക്കനാലിലേക്കും തിരിച്ചും കൊണ്ടുപോയിരുന്നത് പ്രഭാകരനായിരുന്നു. അങ്ങനെയാണ് ഇരുവരും അടുപ്പത്തിലായത്. വിഷ്ണുപ്രിയയെ പിന്തിരിപ്പിക്കാന്‍ സൂര്യനാരായണന്‍ ശ്രമിച്ചെങ്കിലും നടക്കാത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പോലീസ് കണ്ടെത്തിയത്. അന്ന് അറസ്റ്റിലായിരുന്നെങ്കിലും പിന്നീട് ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കേസില്‍ ഇതുവരെ വിധി വന്നിട്ടില്ല. പ്രഭാകരന്റെ കൊലയുടെ പ്രതികാരമാണോ സൂര്യനാരായണന്റെ കൊലപാതകം എന്നതടക്കം പരിശോധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. 2005ല്‍ പുറത്തിറങ്ങിയ സൂര്യ ചിത്രം മായാവിയില്‍ അഭിനയിച്ചിട്ടുള്ള വിഷ്ണുപ്രിയ ചെന്നൈയില്‍ ആണ് താമസിക്കുന്നത്.


