Connect with us

Uae

യുഎഇയില്‍ ഒമിക്രോണ്‍; പ്രതിരോധത്തിന് പൂര്‍ണ സജ്ജമെന്ന് ആരോഗ്യ മന്ത്രാലയം

യു എ യിലേക്ക് പ്രവേശിച്ച ഒരു ആഫ്രിക്കന്‍ വനിതയിലാണ് രാജ്യത്ത് ഒമിക്രോണ്‍ വകഭേദം ആദ്യമായി കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി.

Published

|

Last Updated

അബുദബി |  കൊവിഡ് -19 വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ ഒന്നിന് രാത്രിയാണ് യു എ ഇ ആരോഗ്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്. മറ്റൊരു അറബ് രാജ്യത്തിലൂടെ ഒരു ആഫ്രിക്കന്‍ രാജ്യത്ത് നിന്ന് യു എ യിലേക്ക് പ്രവേശിച്ച ഒരു ആഫ്രിക്കന്‍ വനിതയിലാണ് രാജ്യത്ത് ഒമിക്രോണ്‍ വകഭേദം ആദ്യമായി കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി. യു എ ഇയില്‍ നിലവില്‍ ബാധകമാക്കിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടാണ് ഇവര്‍ രാജ്യത്ത് പ്രവേശിച്ചതെന്നും, ഇവര്‍ വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ വ്യക്തിയാണെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ഇവരെയും, ഇവരുമായി സമ്പര്‍ക്കത്തിനിടയായ വ്യക്തികളെയും പ്രത്യേക പരിശോധനകള്‍ക്ക് വിധേയരാക്കിയതായും, ഇവരെ ഐസൊലേറ്റ് ചെയ്തതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്ക് രോഗലക്ഷണങ്ങളൊന്നും പ്രകടമല്ലെന്നും, ആവശ്യമായ ചികിത്സാ നടപടികള്‍ ഉറപ്പാക്കിയതായും മന്ത്രാലയം വ്യക്തമാക്കി. ഈ വകഭേദം രാജ്യത്ത് വ്യാപിക്കുന്നത് തടയുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്നതില്‍ യു എ ഇ ആരോഗ്യ രംഗം പൂര്‍ണ്ണ സജ്ജമാണെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഈ പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെയുള്ള വാക്‌സിന്‍ കുത്തിവെപ്പുകള്‍ കൃത്യമായി സ്വീകരിക്കാന്‍ ജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

 

Latest