Connect with us

Uae

അബൂദബി കരയിൽ എണ്ണശേഖരം കണ്ടെത്തി

നേട്ടം ഇന്ത്യൻ കമ്പനികളുടെ കൺസോർഷ്യത്തിന്

Published

|

Last Updated

അബൂദബി|അബൂദബിയിലെ ഓൺഷോർ ബ്ലോക്ക് 1-ൽ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൺസോർഷ്യം എണ്ണശേഖരം കണ്ടെത്തി. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി പി സി എൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ ഒ സി) എന്നിവയുടെ സംയുക്ത സംരംഭമായ ഊർജ ഭാരത് പി ടി ഇ ലിമിറ്റഡാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്. യു എ ഇയും ഇന്ത്യയും തമ്മിലുള്ള ഊർജ പങ്കാളിത്തത്തിലെ നിർണായക ചുവടുവെപ്പാണിതെന്ന് അധികൃതർ വ്യക്തമാക്കി.

അബൂദബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്) നൽകിയ പര്യവേഷണ ലൈസൻസിന് കീഴിലായിരുന്നു പ്രവർത്തനം. ബ്ലോക്കിലെ പരീക്ഷണ കിണറിൽ നിന്ന് പ്രതിദിനം 484 ബാരൽ ക്രൂഡ് ഓയിൽ ഉത്പാദിപ്പിക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ പ്രതിദിനം 1.3 ദശലക്ഷം ക്യുബിക് അടി വാതകവും ഇവിടെ നിന്ന് ലഭിക്കും.

2019-ൽ 170 മില്യൺ ഡോളർ നിക്ഷേപത്തോടെയാണ് ഇന്ത്യൻ കമ്പനികൾ ഈ ബ്ലോക്കിന്റെ പര്യവേഷണ അവകാശം നേടിയത്. ഇന്ത്യൻ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനും വിദേശ രാജ്യങ്ങളിലെ ഹൈഡ്രോകാർബൺ വിഭവങ്ങളിൽ പങ്കാളിത്തം നേടുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഈ കണ്ടെത്തൽ വലിയ കരുത്ത് പകരും. അഡ്നോക്കുമായുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഇത് വഴിയൊരുക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കൺസോർഷ്യം അറിയിച്ചു.

 

Latest