Connect with us

International

എണ്ണവില ഉയരുന്നു; സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപുമായി സംസാരിച്ച് സഊദിയും ഖത്വറും

സംഘര്‍ഷം തുടര്‍ന്നാല്‍ എണ്ണവില വൈകാതെ 90 ഡോളര്‍ കടക്കുമെന്നാണ് സൂചന

Published

|

Last Updated

തെഹ്‌റാന്‍ | ഇറാന്‍- ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ എണ്ണവില കുത്തനെ ഉയരുന്നു. ഇന്ന് ഏഴ് ശതമാനം ഉയര്‍ന്ന് വില 74 ഡോളറിലേക്കെത്തി. സംഘര്‍ഷം തുടര്‍ന്നാല്‍ എണ്ണവില വൈകാതെ 90 കടക്കുമെന്നാണ് സൂചന. ഏറ്റുമുട്ടല്‍ നീളുന്നത് ഗള്‍ഫ് രാഷ്ട്രങ്ങളെയും ഗുരുതരമായി ബാധിക്കും. ഇറാനും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും ഇടയിലുള്ള സ്‌ട്രെയ്റ്റ് ഓഫ് ഹൊര്‍മൂസ് വഴിയാണ് ഇറാന്റേതുള്‍പ്പെടെ ക്രൂഡ്ഓയില്‍ കയറ്റുമതി. സംഘര്‍ഷം നീണ്ടാല്‍ ഇതുവഴിയുള്ള യാത്ര തടസ്സപ്പെടും. ഇതോടെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സഊദിയും ഖത്വറും ഇടപെട്ടു.

ഖത്വര്‍ അമീറും സഊദി ഭരാണാധികാരിയും അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി ഫോണില്‍ സംസാരിച്ചതായാണ് വിവരം. സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്നാണ് ഇരു രാജ്യങ്ങളും ട്രംപിനോട് ആവശ്യപ്പെട്ടത്. ഇന്നലെ രാത്രിയാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ട്രംപുമായി സംസാരിച്ചത്.

എണ്ണയുത്പാദന രാജ്യങ്ങള്‍ക്ക് വിലക്കയറ്റം ഗുണമാണെങ്കിലും സംഘര്‍ഷം തിരിച്ചടി സൃഷ്ടിക്കും. വില വര്‍ധിച്ചാല്‍ ഡിമാന്റ് കുറയുന്നതാണ് പ്രധാന കാരണം. ജി സി സി വിപണികളെയും ഇത് ഗുരുതരമായി ബാധിക്കും. ഓഹരി വിപണിയിലും നിക്ഷേപത്തിലും നിലവില്‍ ഇത് പ്രകടമാണ്. ആയിരത്തി അഞ്ഞൂറിലേറെ കി.മീ താണ്ടിയാണ് ഇറാന്‍ ഇസ്‌റാഈലിലേക്ക് ആക്രമണം നടത്തുന്നത്. ഇവയുടെ വ്യതിയാനം പോലും മേഖലയില്‍ യുദ്ധഭീതി സൃഷ്ടിക്കും.

എണ്ണ വില ഉയരുന്നത് യു എസിനും പ്രയാസമുണ്ടാക്കും. എന്നാല്‍ ഇസ്രാഈല്‍ ആക്രമണം തുടര്‍ന്നാല്‍ സ്ഥിതി പ്രവചനാതീതമാകുമെന്നാണ് അന്താരാഷ്ട്ര ഏജന്‍സികളുടെ മുന്നറിയിപ്പ്.

 

Latest