Connect with us

Kozhikode

ശ്രദ്ധേയമായി മര്‍കസ് അല്‍ ഖലം ഖുര്‍ആന്‍ ഫെസ്റ്റ്

കലാ സാഹിത്യരംഗം മൂല്യശോഷണം നേരിടുന്ന പുതിയ കാലത്ത് മത മൂല്യങ്ങളില്‍ ഉറച്ച് നിന്ന് കലാവിഷ്‌കാരം നടത്തുക, ഖുര്‍ആന്‍ അനുബന്ധ മത്സരങ്ങള്‍ പരിശീലിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളിലൂന്നി നടത്തിയ മത്സരങ്ങള്‍ ഏറെ മികവുപുലര്‍ത്തി

Published

|

Last Updated

കോഴിക്കോട് |  മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് ഹിഫ്ളുല്‍ ഖുര്‍ആന്‍ അക്കാദമിയില്‍ അഫ്ലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന 25 സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് നടത്തിയ ‘അല്‍ ഖലം ഖുര്‍ആന്‍ ഫെസ്റ്റ് 24’ ശ്രദ്ധേയമായി. വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട 28 ഇനങ്ങളിലാണ് ഫെസ്റ്റ് നടന്നത്. കലാ സാഹിത്യരംഗം മൂല്യശോഷണം നേരിടുന്ന പുതിയ കാലത്ത് മത മൂല്യങ്ങളില്‍ ഉറച്ച് നിന്ന് കലാവിഷ്‌കാരം നടത്തുക, ഖുര്‍ആന്‍ അനുബന്ധ മത്സരങ്ങള്‍ പരിശീലിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളിലൂന്നി നടത്തിയ മത്സരങ്ങള്‍ ഏറെ മികവുപുലര്‍ത്തി.

മര്‍കസ് ഖുര്‍ആന്‍ അക്കാദമി കാരന്തൂര്‍, ബദ്‌റുല്‍ ഹുദാ ഹിഫ്‌ള് അക്കാദമി പനമരം, മര്‍കസ് ഹിഫ്‌ള് അക്കാദമി പെരളശ്ശേരി, സൈന്‍ ഖുര്‍ആന്‍ അക്കാദമി കൂരിയാട് എന്നിവിടങ്ങളിലെ സെക്ടര്‍ തല ഫെസ്റ്റുകളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചവരാണ് മൂന്നുദിവസമായി നടന്ന സെന്‍ട്രല്‍ ഫെസ്റ്റില്‍ മാറ്റുരച്ചത്.

മര്‍കസ് സെന്‍ട്രല്‍ ക്യാമ്പസിലും അഫിലിയേറ്റഡ് ക്യാമ്പസുകളിലുമായി എഴുന്നൂറിലധികം കുട്ടികള്‍ ഖുര്‍ആന്‍ മനഃപ്പാഠമാക്കുന്നുണ്ട്. നാല് വര്‍ഷത്തെ പഠനത്തിലൂടെ പാരായണ നിയമമനുസരിച്ച് ഖുര്‍ആന്‍ പൂര്‍ണമായി ഹൃദിസ്ഥമാക്കുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് പഠിതാക്കളെ ഉയര്‍ത്തിക്കൊണ്ട് വരുകയും ചെയ്യുന്ന പഠന രീതിയാണ് മര്‍കസ് ആവിഷ്‌കരിച്ചിട്ടുള്ളത്. മര്‍കസ് ഫൗണ്ടര്‍ ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ഫെസ്റ്റില്‍ വിവിധ സെഷനുകളിലായി സയ്യിദ് അലി ബാഫഖി തങ്ങള്‍, സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, അബ്ദുസ്സമദ് സഖാഫി, ഹനീഫ് സഖാഫി ആനമങ്ങാട്, മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസുമായി അക്കാദമിക സഹകരണപത്രം ഒപ്പ് വെച്ച സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ സംബന്ധിച്ചു.

 

Latest