Connect with us

Editorial

ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ ഭീതിയുടെ നിഴലില്‍

മുസ്‌ലിംകളുടെ സാംസ്‌കാരിക അസ്തിത്വം ഇല്ലാതാക്കാനും വംശീയ ഉന്മൂലനത്തിനുമുള്ള പദ്ധതികളും നടപടികളുമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടിക്കടി ബി ജെ പി ഭരണകൂടങ്ങളില്‍ നിന്നും ഹിന്ദുത്വരില്‍ നിന്നും പ്രകടമാകുന്നത്. ഭീതിദവും അരക്ഷിതവുമായ സാഹചര്യത്തിലാണ് ഉത്തരേന്ത്യന്‍ മുസ്‌ലിം സമൂഹം പെരുന്നാള്‍ ആഘോഷിക്കുന്നത്.

Published

|

Last Updated

അനുദിനം ദുരിതപൂര്‍ണവും ദുഷ്‌കരവുമായിക്കൊണ്ടിരിക്കുകയാണ് വടക്കേ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളുടെ വിശിഷ്യാ മുസ്‌ലിംകളുടെ ജീവിതം. മുസ്‌ലിംകളുടെ സാംസ്‌കാരിക അസ്തിത്വം ഇല്ലാതാക്കാനും വംശീയ ഉന്മൂലനത്തിനുമുള്ള പദ്ധതികളും നടപടികളുമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടിക്കടി ബി ജെ പി ഭരണകൂടങ്ങളില്‍ നിന്നും ഹിന്ദുത്വരില്‍ നിന്നും പ്രകടമാകുന്നത്. പള്ളികള്‍ ഒന്നൊന്നായി ഹിന്ദുത്വര്‍ പിടിച്ചടക്കുകയോ തകര്‍ക്കുകയോ ചെയ്യുന്നു. മദ്‌റസകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നു. ഹിജാബിനും മുസ്‌ലിം വേഷങ്ങള്‍ക്കും അനുമതി നിഷേധിക്കപ്പെടുന്നു. മുസ്‌ലിംകള്‍ വ്യാപകമായി അക്രമിക്കപ്പെടുകയും ചെയ്യുന്നു. നീതി നടപ്പാക്കേണ്ട കോടതികള്‍ ഇരകളുടെ പരാതി അവഗണിക്കുകയും അക്രമികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു. ഈയൊരു ഭീതിദവും അരക്ഷിതവുമായ സാഹചര്യത്തിലാണ് ഉത്തരേന്ത്യന്‍ മുസ്‌ലിം സമൂഹം പെരുന്നാള്‍ ആഘോഷിക്കുന്നത്.

നാല് ദിവസം മുമ്പ് റമസാന്‍ 26നാണ് കശ്മീരിലെ പ്രസിദ്ധമായ ഗ്രാന്‍ഡ് മസ്ജിദ് അധികൃതര്‍ അടച്ചു പൂട്ടിയത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പോലീസെത്തി പള്ളിയില്‍ ഇഅ്തികാഫിരിക്കുകയും മറ്റു ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കുകയുമായിരുന്ന വിശ്വാസികളെ ഒഴിപ്പിച്ച ശേഷം പള്ളിയുടെ ഗേറ്റ് പൂട്ടുകയായിരുന്നു. പള്ളിക്കു മുമ്പില്‍ സുരക്ഷാ സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ട്. റമസാന്‍ 27ാം രാവിനും പെരുന്നാള്‍ ആഘോഷത്തിനും തൊട്ടുമുമ്പുണ്ടായ അധികൃതരുടെ ഈ നടപടി വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇവിടെ പെരുന്നാള്‍ നിസ്‌കാരത്തിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു.

ഒഡിഷയിലെ ഗുരുഗ്രാമിലും സമീപ പ്രദേശങ്ങളിലും നൂറ്റാണ്ടുകളായി ജുമുഅ നിസ്‌കാരവും പെരുന്നാള്‍ നിസ്‌കാരവും നിര്‍വഹിച്ചിരുന്നയിടങ്ങളില്‍ നിസ്‌കാരത്തിനും പ്രാര്‍ഥനകള്‍ക്കും അധികൃതര്‍ അനുമതി നിഷേധിച്ചു. ഹിന്ദുത്വരുടെ പരാതിയിന്മേലായിരുന്നു നടപടി. അലഹബാദ് ഹൈക്കോടതിക്കു സമീപം സ്ഥിതി ചെയ്യുന്ന പള്ളി പൊളിച്ചു മാറ്റാന്‍ ഭരണകൂടം ഉത്തരവിടുകയും ഹൈക്കോടതി ഉത്തരവ് ശരിവെക്കുകയും ചെയ്തു. കോടതി വളപ്പിലും സര്‍ക്കാര്‍ പാട്ട ഭൂമിയിലുമാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്ന വാദമുന്നയിച്ചായിരുന്നു അധികൃതരുടെ ഉത്തരവ്.
പള്ളികളില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്കു നേരേ ആക്രമണവും ആരംഭിച്ചിട്ടുണ്ട് ഹിന്ദുത്വര്‍. മാര്‍ച്ച് 24ന് രാത്രി മഹാരാഷ്ട്ര അന്‍വ ഗ്രാമത്തിലെ ഒരു പള്ളിയില്‍ ഇമാം ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കെ മുഖം മറച്ചെത്തിയ ഒരു പറ്റം ഹിന്ദുത്വര്‍ അദ്ദേഹത്തോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയും അദ്ദേഹത്തിന്റെ താടിരോമം മുറിച്ചു മാറ്റുകയുമുണ്ടായി. അക്രമത്തിനിടെ രാസവസ്തു വിതറിയ തുണി കൊണ്ട് മുഖത്തടിക്കുകയും അതോടെ ഇമാം ബോധരഹിതനാകുകയും ചെയ്തു. മാര്‍ച്ച് 26ന് ഉത്തര്‍ പ്രദേശിലെ കുശിനഗര്‍ ജില്ലയില്‍ മുഹമ്മദ് കംറാന്‍ എന്ന പള്ളി ഇമാം ആക്രമണത്തിനിരയായി. ഒരു പറ്റം ഹിന്ദുത്വര്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി മര്‍ദിക്കുകയായിരുന്നു. വിവരം പോലീസിനെ അറിയിച്ചപ്പോള്‍ ആദ്യം പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്നും ഏകപക്ഷീയമായാണ് പോലീസ് പെരുമാറിയതെന്നും കംറാന്‍ പറയുന്നു. സംഭവം ചര്‍ച്ചയായതോടെയാണ് പോലീസ് പരാതി സ്വീകരിച്ച് നടപടിക്ക് തയ്യാറായത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിക വേഷത്തില്‍ പൊതുയിടങ്ങളില്‍ ഇറങ്ങാന്‍ പോലും നിര്‍വാഹമില്ല. ഇതിനിടെ ബെംഗളൂരു സിറ്റിയില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസില്‍ തൊപ്പി ധരിച്ച് ജോലി നിര്‍വഹിച്ചു വന്നിരുന്ന ഒരു മുസ്‌ലിം കണ്ടക്ടറെ ഭീഷണിപ്പെടുത്തി തൊപ്പി അഴിപ്പിച്ച സംഭവം വാര്‍ത്താ പ്രാധാന്യം നേടിയതാണ്. ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു സംഘിവനിത കണ്ടക്ടര്‍ തൊപ്പി ധരിച്ചതിനെ ചോദ്യം ചെയ്യുകയും മതാചാരം വീട്ടില്‍ മതി സര്‍ക്കാര്‍ ജോലിസ്ഥലത്ത് വേണ്ടെന്ന് ആക്രോശിക്കുകയുമായിരുന്നു. ബസിലെ ഹിന്ദുത്വരായ ചില യാത്രക്കാര്‍ അവരെ അനുകൂലിച്ച് രംഗത്തു വന്നതോടെ കാലങ്ങളായി തൊപ്പി ധരിച്ച് ജോലി ചെയ്തിരുന്ന കണ്ടക്ടര്‍ക്ക് ഗത്യന്തരമില്ലാതെ അത് അഴിച്ചു മാറ്റേണ്ടി വന്നു.
ഈ സംഭവത്തിനു തൊട്ടുപിറ്റേ ദിവസമാണ് ചന്ദ്രയാന്‍-3 വിക്ഷേപണത്തിന് തിരുപ്പതി ക്ഷേത്രത്തിലെ ദേവന്റെ അനുഗ്രഹം വാങ്ങാന്‍, ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞര്‍ ചന്ദ്രയാന്റെ ഒരു ചെറിയ പതിപ്പുമായി തിരുപ്പതിയിലെത്തി ബ്രാഹ്മണിക രീതിയില്‍ പ്രാര്‍ഥന നടത്തിയത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ മതചിഹ്നവും ആചാരങ്ങളും പാടില്ലെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടിട്ടും ആരും അതിനെതിരെ പ്രതികരിച്ചില്ല. പുതിയ പാര്‍ലിമെന്റ് മന്ദിര ഉദ്ഘാടനും തീര്‍ത്തും ഹിന്ദുത്വ ആചാരങ്ങളോടെയാണല്ലോ നടന്നത്. ഭരണകൂടങ്ങളും ഉന്നത സര്‍ക്കാര്‍ മേധാവികളും ബ്രാഹ്മണ്യ ആചാരങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തുമ്പോഴാണ് മുസ്‌ലിമായ ഒരു കണ്ടക്ടര്‍ തൊപ്പി ധരിച്ചതിന്റെ പേരില്‍ അധിക്ഷേപിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്തത്. മുസ്‌ലിം ചെറുപ്പക്കാരന്റെ സ്ഥാനത്ത് സിഖ് മതചിഹ്നങ്ങളായ തലപ്പാവും കൃപാണവും ധരിച്ച ഒരു സിഖുകാരനായിരുന്നെങ്കില്‍ സംഘികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമായിരുന്നോ?

വര്‍ഗീയ, വിദ്വേഷ പ്രസംഗങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചു വരികയാണ് രാജ്യത്ത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഹേറ്റ് ലാബിന്റെ റിപോര്‍ട്ടനുസരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 668 വര്‍ഗീയ, വിദ്വേഷ പ്രസംഗങ്ങളാണ് ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 75 ശതമാനവും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു, ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെയായിരുന്നു. 2022 ഫെബ്രുവരിയില്‍ യു എസില്‍ നടന്ന ഒരു ചടങ്ങില്‍ പ്രശസ്ത ചിന്തകനും രാഷ്ട്രീയ ആക്ടിവിസ്റ്റുമായ നോംചോംസ്‌കി ചൂണ്ടിക്കാട്ടിയതു പോലെ, ഇന്ത്യയില്‍ മുസ്‌ലിം വിരുദ്ധത ഏറ്റവും മാരകമായ രൂപത്തിലെത്തിയിരിക്കുന്നു. വര്‍ഗീയത ഏറ്റവും മോശവും ഭീതിദവുമായ രൂപം പ്രാപിച്ചിരിക്കുന്നു. ഇതിനെ പ്രതിരോധിക്കേണ്ട ഭരണകൂടം വര്‍ഗീയ ഫാസിസത്തിന് സര്‍വ പിന്തുണയും നല്‍കുകയും ജുഡീഷ്യറി ഹിന്ദുത്വയോട് ചായ്‌വ് പ്രകടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ ജനാധിപത്യപരമായി അതിനെ പ്രതിരോധിക്കുകയാണ് മതേതര വിശ്വാസികളുടെ മുമ്പിലുള്ള മാര്‍ഗം.

Latest