Connect with us

Health

നോറോ വൈറസ്; ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് രോഗങ്ങളുള്ളവർ എന്നിവർക്ക് നോരോ ഗുരുതരമായേക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് 10 ദിവസത്തിനിടെ വീണ്ടും നോറോ വൈറസ് സ്ഥിരീകരിച്ചത് ജാഗ്രതയുടെ അനിവാര്യം ബോധ്യപ്പെടുത്തുന്നു. കഴിഞ്ഞ മാസം 23ന് എറണാകുളത്ത് മൂന്ന് വിദ്യാർഥികൾക്ക് നോറോ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് വയനാട്ടിൽ ഒരു വിദ്യാർഥിക്കും രോഗം സ്ഥിരീകരിച്ചു.

എന്താണ് നോറോ വൈറസ് ?

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിൻ്റെയും കുടലിൻ്റെയും ആവരണത്തിൻ്റെ വീക്കത്തിനും കടുത്ത ഛർദി, വയറിളക്കം എന്നിവക്കും നോറോ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.

ലക്ഷണങ്ങൾ

വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗ ബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയിൽ നിന്ന് പുറത്തെത്തുന്ന സ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളിൽ തങ്ങി നിൽക്കുകയും അവയിൽ സ്പർശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. കൈകൾ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തിൽ വ്യാപിക്കും. നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. പ്രായഭേദമന്യെ എല്ലാവരിലും വൈറസ് ബാധിക്കാം.

വൈറസ് ബാധിച്ച് രണ്ട് ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. വൈറസ് ബാധിതർ വീട്ടിലിരിക്കേണ്ടതും ഒ ആർ എസ് ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ലക്ഷണങ്ങൾക്ക് അനുസരിച്ച് ചികിത്സ ലഭ്യമാണ്. രോഗികൾ മറ്റുള്ളവർക്ക് ഭക്ഷണം പാകം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ മാറാം. എന്നാൽ, അത് കഴിഞ്ഞുള്ള രണ്ട് ദിവസങ്ങൾ വരെ രോഗിയിൽ നിന്ന് വൈറസ് പടരാൻ സാധ്യതയുണ്ട്. അതിനാൽ രോഗം മാറി കുറഞ്ഞത് രണ്ടു ദിവസത്തേക്കെങ്കിലും പുറത്തു പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധ മാർഗങ്ങൾ

  • കൈകള്‍ ആഹാരത്തിനു മുമ്പും ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും സോപ്പുപയോഗിച്ച് 20 സെക്കൻ്റ് നേരമെങ്കിലും നന്നായി കഴുകുക.
  • കുടിവെള്ള സ്രോതസുകൾ, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
  • വൃക്തി ശുചിത്വത്തിനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.
  • പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
  • തണുത്തതും പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍, കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
  • കടൽ മത്സ്യങ്ങളും ഞണ്ട്, കക്ക തുടങ്ങിയ ഷെൽഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.

Latest