Pathanamthitta
ഒന്നര വര്‍ഷത്തിലേറെയായി പ്രസിഡന്റില്ല; ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 13ന്
പ്രസിഡന്റായിരുന്ന സജി കുളത്തുങ്കലിനെ കൂറുമാറ്റത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യനാക്കുകയും ഹൈക്കോടതി അതു ശരിവയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്

ചിറ്റാര്‍ | ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ്് തിരഞ്ഞെടുപ്പ് 13ന് നടക്കും. പ്രസിഡന്റായിരുന്ന സജി കുളത്തുങ്കലിനെ കൂറുമാറ്റത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യനാക്കുകയും ഹൈക്കോടതി അതു ശരിവയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. കൂറുമാറ്റം അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വിധി വന്നതിനു പിന്നാലെ സജി കുളത്തുങ്കല്‍ പ്രസിഡന്റു സ്ഥാനം ഒഴിഞ്ഞതാണ്. പിന്നീട് ഹൈക്കോടതിയില്‍ കേസ് നടന്നതിനാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വൈകി. ഒന്നര വര്‍ഷത്തിലേറെയായി ചിറ്റാറില്‍ പ്രസിഡന്റ് ഇല്ലാത്ത സ്ഥിതിയാണ്.
13 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ യു ഡി എഫിനും എല്‍ ഡി എഫിനും നിലവില്‍ അഞ്ചു വീതം അംഗങ്ങളും ബിജെപിക്ക് രണ്ടംഗങ്ങളുമുണ്ട്. കോണ്‍ഗ്രസ് അംഗമായിരുന്ന സജി കുളത്തുങ്കലിനെ മറുകണ്ടം ചാടിച്ചാണ് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനേ തുടര്‍ന്ന് എല്‍ ഡി എഫ് പിന്തുണയോടെ ഭരണം പിടിച്ചത്. പാര്‍ട്ടി വിപ്പ് ലംഘിച്ചതിന്റെ പേരില്‍ സജിയ്ക്കെതിരേ കോണ്‍ഗ്രസ് പരാതിയും നല്കി. ഈ പരാതിയാണ് തീര്‍പ്പാക്കിയത്. എല്‍ ഡി എഫിനു ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഭരണം പിടിച്ചെടുക്കുക ബുദ്ധിമുട്ടായതിനേ തുടര്‍ന്ന് വൈസ് പ്രസിഡന്റിനു ചുമതല നല്കി മുന്നോട്ടു പോകുകയായിരുന്നു. ഇതിനിടെ സജിയെ അയോഗ്യനാക്കിയ ഒഴിവില്‍ രണ്ടാം വാര്‍ഡില്‍ (പന്നിയാര്‍) ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്ന് വോട്ടിനാണ് സി പി എം നേതാവ് എം എസ് രാജേന്ദ്രനെ സജി കുളത്തുങ്കല്‍ പരാജയപ്പെടുത്തിയത്.