Kerala
കെഎസ്ആര്‍ടിസി വിദ്യാര്‍ഥി കണ്‍സഷന്‍ പുതുക്കല്‍ ഫീസ് 10 രൂപയില്‍ നിന്ന് 110 രൂപയാക്കിയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധം
മുന്‍പ് ഈടാക്കിയിരുന്ന ആകെ 110 രൂപയില്‍ നിന്ന് 100 രൂപയായി തുക കുറയ്ക്കുകയും ആര്‍എഫ്‌ഐഡി കാര്‍ഡുകള്‍ സൗജന്യമായി നല്‍കുകയും ചെയ്തിട്ടുള്ളതാണ് നിലവിലെ യഥാര്‍ത്ഥ സ്ഥിതി.
പത്തനംതിട്ട | കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ത്ഥി കണ്‍സഷന്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള ഫീസ് 10 രൂപയില്‍ നിന്ന് 110 രൂപയായി വര്‍ധിപ്പിച്ചുവെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായും വസ്തുതാവിരുദ്ധവും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.
പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമായി ഓരോ അധ്യയന വര്‍ഷാരംഭത്തിലും ആകെ 110 രൂപ ഈടാക്കിയിരുന്നതാണ്. ഇതില്‍ 100 രൂപ പ്രോസസ്സിംഗ് ഫീസായും (സര്‍വീസ് ചാര്‍ജ്, സോഫ്റ്റ്വെയര്‍ പരിപാലന ചെലവ് തുടങ്ങിയവ) 10 രൂപ കാര്‍ഡിന്റെയും അനുബന്ധ സ്റ്റേഷനറി സാമഗ്രികളുടെയും ചെലവായും ഉള്‍പ്പെട്ടിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്കായി ആര്‍എഫ്‌ഐഡി (RFID) അടിസ്ഥാനത്തിലുള്ള സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം നടപ്പിലാക്കിയതോടെ പേപ്പര്‍ കാര്‍ഡുകള്‍ക്ക് പകരം ആര്‍എഫ്‌ഐഡി കാര്‍ഡുകള്‍ സൗജന്യമായി നല്‍കുകയും, നിലവിലുള്ള കാര്‍ഡുകള്‍ തന്നെ തുടര്‍ന്നും പുനരുപയോഗിക്കുന്ന സംവിധാനത്തിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്.
ഇതോടെ പുതിയ കാര്‍ഡോ അനുബന്ധ സ്റ്റേഷനറി സാമഗ്രികളോ നല്‍കേണ്ട സാഹചര്യമില്ലാത്തതിനാല്‍, മുമ്പ് ഈടാക്കിയിരുന്ന 10 രൂപ സ്റ്റേഷനറി ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ നിലവില്‍ സംസ്ഥാന സിലബസില്‍ പഠിക്കുന്ന ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് 100 രൂപ പ്രോസസ്സിംഗ് ഫീസ് മാത്രമാണ് കണ്‍സഷന്‍ പുതുക്കലിനായി ഈടാക്കുന്നത്.
അതിനാല്‍, വിദ്യാര്‍ത്ഥി കണ്‍സഷന്‍ പുതുക്കല്‍ ഫീസ് 10 രൂപയില്‍ നിന്ന് 110 രൂപയാക്കി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം യാഥാര്‍ത്ഥ്യവിരുദ്ധമാണ്. മറിച്ച്, മുന്‍പ് ഈടാക്കിയിരുന്ന ആകെ 110 രൂപയില്‍ നിന്ന് 100 രൂപയായി തുക കുറയ്ക്കുകയും ആര്‍എഫ്‌ഐഡി കാര്‍ഡുകള്‍ സൗജന്യമായി നല്‍കുകയും ചെയ്തിട്ടുള്ളതാണ് നിലവിലെ യഥാര്‍ത്ഥ സ്ഥിതി.
വിദ്യാര്‍ത്ഥി സമൂഹത്തിന് കുറഞ്ഞ ചെലവില്‍ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും കണ്‍സഷന്‍ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനും കെഎസ്ആര്‍ടിസി പ്രതിജ്ഞാബദ്ധമാണ്. വസ്തുതാവിരുദ്ധമായ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തെറ്റിദ്ധരിക്കപ്പെടരുതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.







