Uae
പുതുവത്സരം; അബൂദബിയില്‍ മൂന്ന് പുതിയ ഗിന്നസ് വേള്‍ഡ് റെക്കോഡുകള്‍ സ്ഥാപിക്കാന്‍ 40 മിനുട്ട് വെടിക്കെട്ട്

അബൂദബി | പുതുവത്സരം ആഘോഷിക്കാന്‍ അബൂദബി ഒരുങ്ങി. 2022 നെ വരവേല്‍ക്കാന്‍ അബൂദബി ശൈഖ് സായിദ് ഫെസ്റ്റിവല്‍ നഗരിയില്‍ 40 മിനുട്ട് ദൈര്‍ഘ്യമുള്ള കരിമരുന്ന് പ്രകടനം നടത്തും. ഇത് മൂന്ന് ഗിന്നസ് വേള്‍ഡ് റെക്കോഡുകള്‍ സൃഷ്ടിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വോളിയം, ദൈര്‍ഘ്യം, രൂപം എന്നിവയില്‍ പടക്കങ്ങള്‍ ലോക റെക്കോഡുകള്‍ തകര്‍ക്കും. അല്‍ വത്ബയില്‍ നടക്കുന്ന പുതുവത്സരാഘോഷങ്ങളുടെ ഭാഗമായാണ് ഗംഭീരമായ കരിമരുന്ന് പ്രദര്‍ശനം നടക്കുകയെന്ന് ഫെസ്റ്റിവല്‍ ഉന്നത സംഘാടക സമിതി അറിയിച്ചു. കഴിഞ്ഞ വര്‍ഷം പുതുവത്സര ആഘോഷ വേളയില്‍ ഫെസ്റ്റിവല്‍ നഗരിയില്‍ ഒരുക്കിയ 35 മിനുട്ട് വെടിക്കെട്ട് രണ്ട് റെക്കോഡുകള്‍ സ്ഥാപിച്ചിരുന്നു.
വെടിക്കെട്ടിന് പുറമെ, ഡ്രോണ്‍ ഷോ ആകാശത്ത് ‘വെല്‍ക്കം 2022’ എഴുതും. ഡ്രോണ്‍ ഷോയില്‍ ഇത്തരമൊരു ഫീച്ചര്‍ ലോകത്താദ്യമായിരിക്കുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. ഇമറാത്തി ഗായിക ഈദ അല്‍ മെന്‍ഹാലിയുടെയും ഇറാഖി ആര്‍ട്ടിസ്റ്റ് അലി സാബറിന്റെയും സംഗീത കച്ചേരികളും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാനാകുന്ന വിവിധ പരിപാടികള്‍ വേറെയുമുണ്ട്. 2022 ഏപ്രില്‍ ഒന്ന് വരെ നടക്കുന്ന ഫെസ്റ്റിവല്‍ യു എ ഇയുടെ പൈതൃകവും നാഗരികതയും ഉയര്‍ത്തിക്കാട്ടുകയും മേഖലയിലെ ഒരു പ്രമുഖ ടൂറിസം, സാംസ്‌കാരിക കേന്ദ്രമെന്ന നിലയില്‍ അബൂദബിയുടെ സ്ഥാനം ഉന്നതിയിലെത്തുകയും ലക്ഷ്യമിടുന്നു.